
വീട്ടിൽ ബന്ദിയാക്കപ്പെട്ട നിലയിലുണ്ടായിരുന്ന സ്ത്രീ ഫുഡ് ഡെലിവറി ആപ്പിൽ മെസേജ് അയച്ച ശേഷം രക്ഷപ്പെട്ടു. Grubhub എന്ന ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്തതിന്റെ കൂടെ സന്ദേശമയച്ചാണ് യുവതി രക്ഷപ്പെട്ടത്. 24 -കാരിയായ യുവതിയുടെ അടിയന്തര സന്ദേശം യുഎസിലെ ന്യൂയോർക്കിലെ ചിപ്പർ ട്രക്ക് കഫേയിലെ സ്റ്റാഫ് അംഗങ്ങൾക്ക് രാവിലെ അഞ്ച് മണിക്കാണ് ലഭിച്ചത്.
സാൻഡ്‌വിച്ചിനും ബർഗറിനും ഓർഡർ നൽകുന്നതിനിടെയാണ്, 'അഡീഷണൽ ഇൻസ്ട്രക്ഷൻസ്' എന്ന വിഭാഗത്തിന് കീഴിൽ യുവതി സന്ദേശം എഴുതിയത്. ഓർഡറുമായി എത്തുമ്പോൾ പൊലീസിനെ കൂട്ടണം എന്നായിരുന്നു യുവതിയുടെ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. റെസ്റ്റോറന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്.
അപ്പോൾ തന്നെ കഫേയിലെ ജോലിക്കാർ ഉടമയായ സ്ത്രീയെ വിളിക്കുകയും ഈ സാഹചര്യം എങ്ങനെയാണ് നേരിടേണ്ടത് എന്ന് ചോദിക്കുകയും ചെയ്തു. ചിപ്പർ ട്രക്ക് കഫേയുടെ ഉടമയായ ആലീസ് ബെർമെജോയ്ക്ക് ഇതൊരു പറ്റിക്കൽ മെസേജാണോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് പൊലീസിനെ വിളിക്കാം എന്ന് പറയുകയായിരുന്നു.
“ഇങ്ങനെ ഒരു സന്ദേശം വന്നപ്പോൾ പെൺകുട്ടികളാണ് അത് വായിച്ചത്. അവർ എന്താണ് ചെയ്യേണ്ടതെന്നറിയാൻ എന്റെ ഭർത്താവിനെ വിളിച്ചു. അദ്ദേഹമാണ് പൊലീസിനെ വിളിക്കാം എന്ന് പറയുന്നത്“ ബെർമെജോ സിബിഎസ് ന്യൂസിനോട് പറഞ്ഞു. പൊലീസ് യുവതിയുടെ വിലാസത്തിലെത്തുകയും അവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവതി പിറ്റേ ദിവസം കഫേയിലേക്ക് വിളിക്കുകയും അവിടെയുണ്ടായിരുന്നവർക്ക് തന്നെ രക്ഷപ്പെടാൻ സഹായിച്ചതിന് നന്ദി പറയുകയും ചെയ്തു.
ഏപ്രിൽ മാസത്തിൽ ടെന്നസിയിൽ ഇതുപോലെ ഗാർഹികപീഡനത്തിനിരയായ ഒരു യുവതി ടിക്ടോക്കിൽ വൈറലായ ഹാൻഡ് സിഗ്നൽ ഉപയോഗിച്ച് സഹായം തേടിയിരുന്നു. ഒരു കൺവീനിയൻസ് സ്റ്റോറിൽ വച്ചായിരുന്നു സംഭവം. പിന്നാലെ, സ്ത്രീയെ രക്ഷപ്പെടുത്തുകയും പൊലീസെത്തി ഇവരെ ഉപദ്രവിച്ചിരുന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.