
ആർക്കും ഒന്നിനും നേരമില്ലാത്ത കാലമാണിത്. അതുപോലെ, ഒരുപാട് നെഗറ്റീവ് കമന്റുകളും വിദ്വേഷം പടർത്തുന്ന വീഡിയോകളും മറ്റുമാണ് മിക്കവരും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാറ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചില മനോഹരമായ വീഡിയോകളും ചിലപ്പോൾ നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് leechess.diary എന്ന യൂസറാണ്. അതിമനോഹരമായ ഒരു വീഡിയോയാണ് ഇത് എന്ന് പറയാതെ വയ്യ. ഏകദേശം 9 ലക്ഷത്തോളം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തു കഴിഞ്ഞു. വീഡിയോയിൽ എഴുതിയിരിക്കുന്നത്, 'അമ്മ ഇന്ന് അടുക്കളയിലായിരുന്നു, ഒരു കാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് തന്നെ വിളിച്ചു. നിങ്ങളും ഇത് കാണണം' എന്നാണ്.
വീഡിയോയിൽ കാണുന്നത് കുറച്ച് കുട്ടികൾ സ്കൂളിലേക്ക് പോകുന്നതാണ്. ചെറിയ കുട്ടികളാണ്. അവിടെ വഴിയിൽ ഒരു കെട്ടിടത്തിന് മുന്നിൽ ഒരു സെക്യൂരിറ്റി ഗാർഡ് നിൽക്കുന്നുണ്ട്. കുട്ടികൾ അദ്ദേഹത്തിന്റെ അടുത്ത് എത്തുമ്പോൾ ഹൈ ഫൈവ് കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അദ്ദേഹം തന്റെ കൂട്ടുകാരെ കണ്ടതുപോലെ തിരികെയും ഹൈ ഫൈവ് കൊടുക്കുകയും അവരോട് ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. സെക്യൂരിറ്റി ഗാർഡിനോട് കുട്ടികൾക്ക് വലിയ അടുപ്പം തന്നെയുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുകളും നൽകിയിരിക്കുന്നത്. 'ഹേയ്, അദ്ദേഹം എന്റെ കെട്ടിടത്തിലെ വാച്ച്‍മാനാണ്. അദ്ദേഹം വളരെ ദയയുള്ള ഹൃദയത്തിന് ഉടമയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'വയസ്സായവർ വളരെ ക്യൂട്ടും അവർ ഒരിക്കലുമവസാനിക്കാത്ത സ്നേഹത്തിന് അർഹതയുള്ളവരുമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
'കഴിഞ്ഞ 23 വർഷമായി ഞാൻ ഈ സൊസൈറ്റിയിലാണ് താമസിക്കുന്നത്, ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വാച്ച്‍മാനാണ് അദ്ദേഹം. ദയയുള്ളവനും, സന്തോഷവാനും, എപ്പോഴും പുഞ്ചിരിക്കുന്നവനുമാണ് അദ്ദേഹം. കുറച്ച് മിനിറ്റ് അദ്ദേഹത്തോട് സംസാരിച്ചാൽ, അദ്ദേഹത്തിൽ നിന്നും ഒരുപാട് ജീവിത പാഠങ്ങൾ ലഭിക്കും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.