
എതിർ ശബ്ദത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ ഉത്തര കൊറിയയിൽ വീണ്ടും ഭരണ കക്ഷി നേതാവായി കിം ജോങ് ഉന്‍ 'തെരഞ്ഞെടുക്കപ്പെട്ടു'. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്തുമെന്ന് കോൺഗ്രസിലെ ഉദ്ഘാടന പ്രസംഗത്തിൽ കിം ജോങ് ഉൻ വീണ്ടും പ്രതിജ്ഞയെടുത്തു. ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കിം ജോങ് ഉന്നിനെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി ഭരണകൂട മാധ്യമം റിപ്പോർട്ട് ചെയ്തു.
1940 -കളുടെ അവസാനം മുതൽ കിം കുടുംബമാണ് ഉത്തര കൊറിയയൽ സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണം നിയന്ത്രിക്കുന്നത്. കിം ജോങ് ഉന്നിനെ വീണ്ടും ഭരണകക്ഷി നേതാവായി തെരെഞ്ഞെടുത്തത് ഒരു സാധാരണ പ്രക്രിയമാത്രം. ഞായറാഴ്ച പ്യോങ്‌യാങ്ങിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പ്രഖ്യാപനമുണ്ടായതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കിമ്മിന്‍റെ നേതൃത്വത്തിൽ ഉത്തരകൊറിയ തങ്ങളുടെ യുദ്ധ പ്രതിരോധശേഷി മെച്ചപ്പെടുത്തിയെന്നും 'ആണവശക്തികളെ അതിന്‍റെ കേന്ദ്രമാക്കി' പ്രവർത്തിച്ചുവെന്നും സർക്കാർ നടത്തുന്ന കെസിഎൻഎ അവകാശപ്പെട്ടു. 2011 -ൽ പിതാവിന്‍റെ മരണശേഷം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കിം, ആണവായുധ പദ്ധതിയിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇത് ഉത്തര കൊറിയയെ യുഎസിന്‍റെ പ്രധാന നോട്ടപ്പുള്ളികളിലൊന്നാക്കി.
ഫെബ്രുവരി 19 -നാണ് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ ഒമ്പതാം കോൺഗ്രസ് തുടക്കം കുറിച്ചത്. പാർട്ടി കോണ്‍ഗ്രസ് ആരംഭിക്കും മുമ്പ് രാജ്യത്തെ ആണവ ശേഷി വഹിക്കാൻ കഴിയുന്ന റോക്കറ്റ് ലോഞ്ചറുകളുടെ എണ്ണത്തെ കുറിച്ച് ഉത്തരകൊറിയ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. അഞ്ച് വർഷത്തിലൊരിക്കലാണ് ഉത്തര കൊറിയയിൽ പാർട്ടി കോണ്‍ഗ്രസ് നടക്കുക. ഏകദേശം 5,000 പാർട്ടി അംഗങ്ങൾ കോണ്‍ഗ്രസിൽ പങ്കെടുത്തെന്ന് കെസിഎൻഎയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ഉത്തരകൊറിയയിലെ രാഷ്ട്രീയ അധികാര ഘടന പുറത്ത് നിന്നുള്ളവർക്ക് അവ്യക്തമായ ഒന്നാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യന്നു. വിദേശനയം മുതൽ രാജ്യത്തിന്‍റെ ആണവ താത്പര്യം വരെ പ്രഖ്യാപിക്കുന്ന പാർട്ടി കോണ്‍ഗ്രസ് രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവമാണ്.
2021 -ലെ അവസാന പാർട്ടി കോൺഗ്രസിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 39 അംഗങ്ങളിൽ പകുതിയിലധികം പേരെയും മാറ്റിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വീണ്ടും അധികാരം ഏറ്റെടുത്തു കൊണ്ട് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്തുമെന്ന് കിം പ്രതിജ്ഞയെടുത്തു, അതിനെ ഭാരമേറിയതും അടിയന്തിരവുമായ ചരിത്രപരമായ കടമകളാണെന്നാണ് കിം വിശേഷിപ്പിച്ചത്. കിമ്മിന്‍റെ 13 -കാരിയായ മകൾ പാർട്ടി കോൺഗ്രസിന് എത്തുമോന്നാണ് വിദേശ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത്. മകൾ കിം ജു എയെ തന്‍റെ പിൻഗാമിയാക്കാൻ കിം ജോങ് ഉന്‍ തീരുമാനിച്ചെന്ന് നേരത്തെ ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിം വീണ്ടും അധികാരം ഏറ്റടുത്തതിൽ ചൈന അഭിനന്ദനം അറിയിച്ചു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ സെൻട്രൽ കമ്മിറ്റിയുടെ വൈസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറായിരുന്ന കിമ്മിന്‍റെ സഹോദരി കിം യോ ജോങ്ങിന് മറ്റൊരു വകുപ്പിന്‍റെ കൂടി ഡയറക്ടറായി നിയമിച്ചെന്നും ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഏത് വകുപ്പാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതോടെ കിം കുടുംബം അധികാരത്തിലുള്ള പിടി ഒന്നു കൂടി ഉറപ്പിച്ചു.