മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള 3,500 കിലോ ഭാരമുള്ള ചരിത്രപ്രസിദ്ധമായ പീരങ്കി മോഷണം പോയി. ആയുധധാരികളായ ഒരു സംഘം സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് ഈ സാഹസിക മോഷണം നടത്തിയത്. അഷ്ട ധാതുക്കളാൽ നിർമ്മിച്ച ഈ പീരങ്കിയുടെ മോഷണത്തിന് പിന്നിലെ കാരണം വ്യക്തമല്ല, പോലീസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

ജൂലൈ 16 -ാം തിയതി പുലർച്ചെ മധ്യപ്രദേശിലെ പ്രശസ്തമായ നർവാർ കോട്ടയിൽ നിന്നും 400 വർഷം പഴക്കമുള്ള 3,500 കിലോ ഭാരമുള്ള ഒരു പീരങ്കി മോഷണം പോയി. അസാധാരണമായ ഈ മോഷണം നടത്താൻ, കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയിരുന്നെന്ന് റിപ്പോർട്ടുകൾ. നർവാർ കോട്ടയിലെ കച്ചാരി സമുച്ചയത്തിൽ പ്രദർശിപ്പിച്ചിരുന്ന 14 ചരിത്രപ്രാധാന്യമുള്ള പീരങ്കികളിൽ ഒന്നാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. പീരങ്കി നിർമ്മിച്ച അപൂർവ്വ ധാതുക്കൾ സ്വന്തമാക്കാനാണോ അതോ അനധികൃത അന്താരാഷ്ട്രാ പുരാവസ്തു കച്ചവടത്തിന് വേണ്ടിയാണോ പീരങ്കി മോഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമല്ല. ഇത്രയും ഭാരമേറിയ വസ്തു മോഷ്ടിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞെങ്കിലും പോലീസിന് ഇതുവരെയായി തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാഹസികമായ രാത്രിയിലെ കൊള്ള

സിന്ധ്യ കാലഘട്ടത്തിൽ നിർമ്മിച്ച 3,500 കിലോഗ്രാം (3.5 ടൺ) ഭാരമുള്ള പീരങ്കി ഏതാണ്ട് 3,000 അടി മുകളിലുള്ള കോട്ടയിൽ നിന്നും താഴെ റോഡിലെത്തിച്ച് കടത്തിയതെങ്ങനെയെന്നത് അധികാരികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ജൂലൈ 16 -ാം തിയതി പുലർച്ചെ 25 മുതൽ 30 വരെ ആയുധധാരികളായ ഒരു സംഘം നർവാർ കോട്ടയിൽ പ്രവേശിച്ച് കോട്ടയിലെ തുറന്ന കച്ചാരി (കോടതി) സമുച്ചയത്തിൽ സൂക്ഷിച്ചിരുന്ന പീരങ്കി മോഷ്ടിക്കുകയായിരുന്നു. ഇതിന് മുമ്പ് ഇവർ കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെറുത്താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് സംഘം പീരങ്കി മോഷ്ടിച്ചത്. പീരങ്കി വലിയ കട്ടികൂടിയ വസ്തുക്കളിൽ പൊതിഞ്ഞ ശേഷം, പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് മലമുകളിലെ കോട്ടിയിൽ നിന്നും താഴേക്ക് ഉരുട്ടിക്കൊണ്ട് പോവുകായിയിരുന്നുവെന്ന് കരുതുന്നു. അവിടെ നിന്നും ക്രെയിൻ ഉപയോഗിച്ച് വലിയ വാഹനത്തിൽ കയറ്റി.

Scroll to load tweet…

Scroll to load tweet…

മോഷണത്തിന് തയ്യാറെടുപ്പ്

മോഷണത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ മോഷ്ടാക്കൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷണത്തിന് ഏകദേശം 12 ദിവസം മുമ്പ് തന്നെ കോട്ടിയിൽ മോഷണം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അടയാളങ്ങൾ ലഭിച്ചിരുന്നു. ഈ സമയത്ത് കോട്ടയ്ക്ക് ചുറ്റും സംശയാസ്പദമായ ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ആരും വിഷയം ഗൗരവമായി എടുത്തില്ലെന്നും പോലീസ് പറയുന്നു. അതേസമയം അക്രമികളുടെ കൈവശം ആധുനിക ആയുധങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ കൈവശം വെറും മരപ്പലക മാത്രമാണ് ഉണ്ടായിരുന്നതെന്നും സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ ബൽകിഷൻ പറഞ്ഞു, കോട്ടയിൽ രാത്രി വെളിച്ചമുണ്ടായിരുന്നില്ലെന്നും ടോർച്ചുകൾ പോലും ലഭ്യമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പീരങ്കിയുടെ ചരിത്ര പ്രാധാന്യം

മോഷ്ടിക്കപ്പെട്ട പീരങ്കി വെറുമെരു ലോഹ നിർമ്മിതിയല്ല. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ പീരങ്കി. സങ്കീർണ്ണമായ കൊത്തുപണികളും ചരിത്രപരമായ അടയാളങ്ങളും അപൂർവതയും പീരങ്കിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. അത് പോലെ തന്നെ 'അഷ്ട ധാതുക്കൾ' (എട്ട് ധാതുക്കൾ) പ്രചീന സാങ്കേതിക വിദ്യയിലൂടെ സംയോജിപ്പിച്ചാണ് പീരങ്കി നിർമ്മിച്ചിരിക്കുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള പീരങ്കയ്ക്ക് നിയമവിരുദ്ധ അന്താരാഷ്ട്രാ പുരാവസ്തു വിപണിയിൽ കോടികൾ മൂല്യമുണ്ട്. പുരാവസ്തുക്കളുടെ കള്ളക്കടത്തിൽ ഉൾപ്പെട്ട ഏതൊങ്കിലും ശൃംഖലയുമായി മോഷണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.