
ഒട്ടും പ്രതീക്ഷിക്കാതെ ചിലർ നമ്മോട് കാണിക്കുന്ന കരുണയും ദയയും കരുതലുമൊക്കെ ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങളായി മാറാറുണ്ട്. ദിവസേന കൊല്ലും കൊലയും കാണുന്ന നമുക്ക് അത്തരത്തിലുള്ള സംഭവങ്ങൾ തരുന്ന ഊർജ്ജം ചെറുതായിരിക്കില്ല. അതുപോലെയുള്ള ചില അനുഭവങ്ങൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്സിൽ (ട്വിറ്ററിൽ) വൈറലായിക്കൊണ്ടിരിക്കുന്നത്.
ദില്ലിയിൽ നിന്നുണ്ടായ തന്റെ അനുഭവമാണ് ശുഭ് എന്ന യൂസർ എക്സിൽ പങ്ക് വച്ചിരിക്കുന്നത്. അന്ന് രാവിലെ 45 മിനിറ്റിനുള്ളിൽ യുവാവിന് ഡെൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നു. അവിടെ നിന്നും ട്രെയിന്‍ പിടിക്കണം. അന്ന് ശുഭത്തിന്റെ അച്ഛന്റെ പിറന്നാളായിരുന്നു. അച്ഛനോട് വീട്ടിലെത്താമെന്ന് ശുഭം വാക്കും നൽകിയിരുന്നു.
അങ്ങനെ ശുഭ് ഒരു ഓട്ടോ വിളിച്ചു. ഡ്രൈവർ 150 ആണ് പറഞ്ഞത്. എന്നാൽ, താൻ 130 എന്ന് പറഞ്ഞു. അവസാനം അതിൽ ഉറപ്പിച്ചു എന്ന് ശുഭ് പറയുന്നു. ട്രെയിനിനെ കുറിച്ചെല്ലാം ശുഭ് ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നു. അവസാനം ഓട്ടോ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നു. എന്നാൽ, അപ്പോഴാണ് മനസിലായത് അത് കന്റോൺമെന്റ് സ്റ്റേഷനായിരുന്നില്ല. ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനായിരുന്നു.
അപ്പോൾ 6.10 ആയിരുന്നു. ട്രെയിൻ കന്റോൺമെന്റ് സ്റ്റേഷനിലെത്തുന്നത് 6.38 -നും. ഗൂഗിൾ മാപ്പിൽ 30 മിനിറ്റാണ് അവിടേക്ക് കാണിച്ചിരുന്നത്. ഓട്ടോക്കാരനോട് അവിടെ എത്തിക്കാമോ എന്ന് ചോദിച്ചപ്പോൾ വണ്ടിയിൽ എണ്ണയില്ല, 15 കിലോമീറ്റർ പോകണം എന്നാണ് പറഞ്ഞത്.
എന്നാൽ, ആ ഓട്ടോക്കാരൻ അടുത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോക്കാരനോട് തന്നെ കൊണ്ടുവിടാമോ എന്ന് ചോദിച്ചു. ആ ഓട്ടോയിൽ ഒരു സ്ത്രീയുണ്ടായിരുന്നു. അവർ ഏതോ ആപ്പ് വഴി ബുക്ക് ചെയ്ത ഓട്ടോ ആയിരുന്നു അത്.
എന്നാൽ, ശുഭത്തെ ഞെട്ടിച്ചുകൊണ്ട് സ്ത്രീ ഓട്ടോയിൽ കയറാൻ പറഞ്ഞു. അങ്ങനെ ആ ഓട്ടോയിൽ ശുഭ് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഓട്ടോയിൽ നിന്ന് സ്ത്രീ, 'ആശങ്കപ്പെടേണ്ട ട്രെയിൻ കിട്ടും' എന്ന് ശുഭത്തോട് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ കൃത്യസമയത്ത് ഓട്ടോ സ്റ്റേഷനിലെത്തി. ശുഭ് ട്രെയിനിന്റെ സ്റ്റെപ്പിൽ കാലെടുത്ത് വച്ചപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു.
200 രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. ചില്ലറയില്ലായിരുന്നു. 500 നൽകി. ഓട്ടോക്കാരന്റെ കയ്യിലും ചില്ലറ ഇല്ലായിരുന്നു. അയാൾ അത് വാങ്ങിയില്ല എന്നും ശുഭ് കുറിക്കുന്നു. എന്തായാലും, ശുഭത്തിന് അച്ഛന് വാക്ക് കൊടുത്ത പോലെ പിറന്നാളിന് വീട്ടിലെത്താനായി.
അപരിചിതരായ ആ മൂന്നുപേരും തന്നോട് കാണിച്ച ദയയും കരുതലും ഓർത്തെടുക്കുകയാണ് ശുഭ് തന്റെ പോസ്റ്റിൽ. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. 'ദില്ലിയിൽ ഇങ്ങനെ ഒരു സംഭവമോ വിശ്വസിക്കാനേ പറ്റില്ല, ഇത് കള്ളക്കഥയല്ലേ' എന്നാണ് നിരവധിപ്പേർ പോസ്റ്റിന്റെ കമന്റിൽ ചോദിച്ചിരിക്കുന്നത്. എന്നാൽ, 'നുഷ്യത്വം മരിച്ചിട്ടില്ല' എന്ന് കമന്റ് നൽകിയവരും ഉണ്ട്.
(ചിത്രം പ്രതീകാത്മകം)