
ഓഖ്‍ലഹോമയിലെ ഒരു ആൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എമർജൻസി ആവശ്യങ്ങൾക്ക് വിളിക്കാനുള്ള 911 -ലേക്ക് വിളിച്ചതോടെയാണ് കുട്ടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
മൂർ പൊലീസ് ഡിപാർട്മെന്റാണ് കുട്ടിയുടെ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ബെന്നറ്റ് എന്നാണ് കുട്ടിയുടെ പേര്. ഫെബ്രുവരി 28 -നാണ് അവൻ എമർജൻസി നമ്പറായ 911 -ലേക്ക് വിളിച്ചത്. തനിക്ക് വളരെ അത്യാവശ്യമായി ഡോനട്ട് വേണം എന്നായിരുന്നു അവന്റെ ആവശ്യം.
വിളിച്ചയുടനെ അവൻ പൊലീസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു, 'ഇത് 911 എമർജൻസി നമ്പറല്ലേ?'. 'അതെ എന്തെങ്കിലും എമർജൻസിയുണ്ടോ' എന്ന് അവിടെ നിന്നും മറുപടിയും വന്നു. ഒട്ടും മടിച്ചു നിൽക്കാതെ ബെന്നറ്റ് പറഞ്ഞത്, 'അത്യാവശ്യമായി ഡോനട്ട് ആവശ്യമുണ്ട്' എന്നാണ്.
'ഡോനട്ടോ? എനിക്ക് ഡോനട്ട് വേണം. നിന്റെ ഡോനട്ടിൽ നിന്നും എനിക്കൊരു പങ്ക് തരുമോ' എന്നു പൊലീസ് അവനോട് തിരിച്ചു ചോദിച്ചു. എന്നാൽ, ബെന്നറ്റ് അപ്പോൾ തന്നെ കോൾ കട്ട് ചെയ്യുകയായിരുന്നു.
എന്തായാലും, ബെന്നറ്റിനെ പൊലീസ് ഒട്ടും നിരാശനാക്കിയില്ല. പിറ്റേന്ന് രാവിലെ അവന്റെ വീടിന് മുന്നിൽ ഒരു പൊലീസ് വാഹനം വന്നു നിന്നു. അതിൽ നിന്നും പൊലീസ് ഓഫീസർമാർ പുറത്തിറങ്ങി. ഒടുവിൽ, ബെന്നറ്റിനായി അവർ സർപ്രൈസായി കൊണ്ടു വന്ന ഡോനട്ടും കൈമാറി. അവന്റെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെ ആയിരുന്നു.
പൊലീസ് പങ്കുവച്ച വീഡിയോയിൽ ബെന്നറ്റ് ഓടിവന്ന് ഡോനട്ട് എടുത്ത് കഴിക്കുന്നത് കാണാം. അവന്റെ സഹോദരനും ഡോനട്ട് എടുക്കുന്നുണ്ട്. പൊലീസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബെന്നറ്റിനേയും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിറയെ നെഗറ്റീവ് വാർത്തകൾ കാണുന്ന ഇക്കാലത്ത് ഇത്തരം കാഴ്ചകളും നമുക്ക് ആവശ്യമാണ് എന്ന് കമന്റ് നൽകിയവരുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാംഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം