ദിവസങ്ങളും മാസങ്ങളും നിർത്താതെ ഉറങ്ങുന്ന പെൺകുട്ടി, പിന്നിലെ കാരണം...

Published : Jun 11, 2021, 10:43 AM IST
ദിവസങ്ങളും മാസങ്ങളും നിർത്താതെ ഉറങ്ങുന്ന പെൺകുട്ടി, പിന്നിലെ കാരണം...

Synopsis

അതുപോലെ ഉറങ്ങുന്ന സമയത്ത് ഒരുകാരണവശാലും അവരെ നിർബന്ധിച്ച് ഉണർത്താൻ പാടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉണർത്തിയാൽ അവർ അക്രമാസക്തരാകും. 

പുറത്ത് മഴ പെയ്യുമ്പോൾ മൂടിപ്പുതച്ചുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? സുഖമായൊന്ന് കിടന്നുറങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ആ ഉറക്കം മാസങ്ങളോളം നീണ്ടുപോയാലോ? ഉറക്കം എന്നത് പിന്നെ ഒരു പേടിസ്വപ്നമായി മാറും അല്ലെ? കൊളംബിയക്കാരിയായ ഷാരിക് ടോവർ ഉറങ്ങാൻ കിടന്നാൽ നമ്മളെ പോലെ പിറ്റേന്നല്ല ഉണരുന്നത്, ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞാണ്. ഉറങ്ങാനുള്ള കൊതികൊണ്ടൊന്നുമല്ല, മറിച്ച് ഒരു അപൂർവ രോഗാവസ്ഥയാണ് ഇതിന് പിന്നിൽ.    

ലോകമെമ്പാടുമുള്ള ഒരു ദശലക്ഷം ആളുകളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ക്ളൈൻ-ലെവിൻ സിൻഡ്രോമാണിത്. സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു. ലോകമെമ്പാടുമായി ഇത്തരത്തിലുള്ള നാൽപതോളം കേസുകൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ദുഃഖകരമായ കാര്യം ഇതിന് ഇതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. ചില കുട്ടികളിൽ പത്ത് മുതൽ പതിനഞ്ചു വർഷം വരെ ഇതിന്റെ ലക്ഷണങ്ങൾ കാണാം. അതേസമയം ചില ആളുകൾക്ക് ഇത് ഒരു ജീവിതകാല പ്രശ്‌നമാണ്. ഉറങ്ങുകയല്ലേ വേണ്ടൂ, അത് ഒരു സുഖമുള്ള ഏർപ്പാടല്ലേ എന്ന് ചിലർ ചിന്തിക്കുന്നുണ്ടാകും. എന്നാൽ തെറ്റി. ഈ രോഗം കണ്ടെത്തിയ മിക്ക ആളുകളിലും ചിലപ്പോൾ താൽക്കാലികമായി മസ്തിഷ്ക ക്ഷതം സംഭവിക്കാം. ഉറക്കമുണർന്ന് കഴിഞ്ഞാൽ അവർക്ക് ഒന്നും തന്നെ ഓർമ്മയുണ്ടാകില്ല.  

ഇരുപത് വയസുകാരിയായ ഷാരിക് അമ്മയോടൊപ്പമാണ് കഴിയുന്നത്. ഒരിക്കൽ അവൾ 48 ദിവസത്തെ നീണ്ട ഉറക്കത്തിന് ശേഷം ഉണർന്നപ്പോൾ അവളുടെ അമ്മയോട് നിങ്ങൾ ആരാണ് എന്ന് ചോദിക്കുകയുണ്ടായി. അവൾക്ക് സ്വന്തം അമ്മയെ, വീടിനെ ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. തീർത്തും അപരിചിതമായ ഒരു ലോകത്ത് എത്തിയ അവസ്ഥയായിരുന്നു അവൾക്ക്. കരച്ചിലും, ഭയവും അവളെ ഒരു പോലെ കീഴ്‌പ്പെടുത്തി. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് അവൾക്ക് അവളുടെ കുടുംബത്തെ ഓർക്കാൻ കഴിഞ്ഞത്. ഇത് തീർത്തും സങ്കടകരമായ ഒരു പേടിസ്വപ്നമാണ് എന്നവൾ പറയുന്നു. ആ കുറച്ച് മണിക്കൂറുകൾ അവൾ അനുഭവിച്ച ഉത്കണ്ഠയും, ആധിയും പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.  

ഉറങ്ങുന്ന സമയത്ത് ഭക്ഷണം എങ്ങനെ കഴിക്കുമെന്ന ഒരു സംശയം ആർക്കായാലും തോന്നാം. ആ സമയത്ത് അവളുടെ അമ്മ മാർലെനിക്ക് അവൾക്ക് ദ്രവരൂപത്തിലുള്ള ആഹാരം നൽകും. ഓരോ രണ്ട് മണിക്കൂറിലും അവളെ വിളിച്ച് അമ്മ ആഹാരം കഴിപ്പിക്കും. ഉറക്കത്തിൽ തന്നെ എഴുന്നേറ്റ് അവൾ ബാത്റൂമിലും മറ്റും പോവുകയും ചെയ്യും. എന്നാൽ, ഉറങ്ങുന്ന സമയത്ത് ചെയ്ത കാര്യങ്ങളൊന്നും അവൾക്ക് ഓർമ്മയുണ്ടാകില്ല എന്നതാണ് സത്യം. അവളുടെ ജീവിതത്തിൽ നിന്ന് അത്രയും ദിവസം പൂർണമായും മാഞ്ഞു പോകുന്നു. ഈ അസുഖം മൂലം ജീവിതത്തിലെ പല മനോഹര നിമിഷങ്ങളും തനിക്ക് നഷ്ടമായി എന്നവൾ ദുഃഖത്തോടെ പറഞ്ഞു. ക്രിസ്മസ് പാർട്ടികൾ, പിറന്നാൾ ആഘോഷങ്ങൾ, പുതുവത്സര ആഘോഷങ്ങൾ തുടങ്ങി കുടുംബവുമായി ചിലവഴിക്കേണ്ട പല നല്ല ദിനങ്ങൾ തനിക്ക് നഷ്ടമായെന്നും അവൾ പറയുന്നു. അവൾക്ക് വെറും രണ്ട് വയസുള്ളപ്പോൾ തുടങ്ങിയതാണ് ഈ ദുരിതം.

അതുപോലെ ഉറങ്ങുന്ന സമയത്ത് ഒരുകാരണവശാലും അവരെ നിർബന്ധിച്ച് ഉണർത്താൻ പാടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉണർത്തിയാൽ അവർ അക്രമാസക്തരാകും. അവൾ ചിലപ്പോൾ ആഴ്ചകളോളവും, മാസങ്ങളോളവും ഉറങ്ങുന്നു. ഉറക്കമുണർന്നാലും ഒന്ന് സാധാരണയായി വരാൻ കുറേ സമയം എടുത്തെന്നിരിക്കും. ഉണർന്നാൽ കുറച്ച് നേരത്തേയ്ക്ക് അവൾക്ക് വല്ലാത്ത ക്ഷീണവും, തളർച്ചയുമാണെന്ന് അമ്മ പറയുന്നു. എല്ലാം ഔട്ട് ഓഫ് ഫോക്കസ് ആയ പോലൊരു അവസ്ഥയാണത്. മുറിയിലെ വെളിച്ചവും, ശബ്ദം പോലും അവൾക്ക് അസഹനീയമായി തോന്നാം. നിർഭാഗ്യവശാൽ, ക്ലൈൻ-ലെവിൻ സിൻഡ്രോമിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.   എന്നിരുന്നാലും ഈ അവസ്ഥ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് അനുമാനിക്കുന്നു.  

(ചിത്രങ്ങൾ പ്രതീകാത്മകം)

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു