
കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുൻപ് തന്നെ അവർക്ക് നൽകേണ്ട പേരിനെക്കുറിച്ച് മാതാപിതാക്കൾ ആലോചിച്ച് തുടങ്ങും. എന്നാൽ അമേരിക്കയിലെ ചിലയിടങ്ങളിൽ കുഞ്ഞുങ്ങൾക്ക് ചില പേരുകൾ നൽകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതിന് ചില കാരണങ്ങളുണ്ട്. അത്തരം ചില പേരുകളും അവ നിരോധിച്ചതിന് പിന്നിലെ കാരണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം
അഡോൾഫ് ഹിറ്റ്‌ലർ: ഹോളോകോസ്റ്റിന് ഉത്തരവാദിയായ നാസി നേതാവുമായുള്ള ബന്ധം കാരണം ഈ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നത് യുഎസ് നിരോധിച്ചിട്ടുണ്ട്. വെറുപ്പും വിദ്വേഷവും മഹത്വവൽക്കരിക്കുന്നത് തടയുന്നതിനാണ് ഈ നിരോധനം.
മിശിഹാ: മതപരമായ കാരണങ്ങളാൽ ഈ പേരിന് നിയമപരമായ വെല്ലുവിളികൾ ഉണ്ട്. 2013-ൽ, മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു കുഞ്ഞിന്‍റെ പേര് 'മിശിഹാ' എന്നത് മറ്റി 'മാർട്ടിൻ' എന്നാക്കാന്‍ ടെന്നസിയിലെ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. പിന്നീട് ഈ തീരുമാനം റദ്ദാക്കുകയും നിയമത്തിന് മുകളിൽ വ്യക്തിപരമായ വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചതിന് ജഡ്ജിയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ലൂസിഫർ: ചില സംസ്ഥാനങ്ങളിൽ അനുവദനീയമാണെങ്കിലും, ക്രിസ്തീയ ദൈവശാസ്ത്രത്തിൽ പിശാചുമായുള്ള ബന്ധം കാരണം ലൂസിഫർ എന്ന പേര് നൽകുന്നതിന് ചില യുഎസ് സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്.
ജീസസ് ക്രൈസ്റ്റ്: മതപരമായ കുറ്റകൃത്യങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നത് ഒഴിവാക്കാൻ ചില അധികാരപരിധികളിൽ ഈ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് നിയന്ത്രണമുണ്ട്.
കിംഗ്, ക്യൂൻ, മജസ്റ്റി, പ്രിൻസ്: തെറ്റിദ്ധാരണകൾ തടയുന്നതിന് കിംഗ്, ക്യൂൻ, മജസ്റ്റി, പ്രിൻസ് തുടങ്ങിയ രാജകീയ സ്ഥാനപ്പേരുകൾ സൂചിപ്പിക്കുന്ന പേരുകൾ നിരോധിച്ചിരിക്കുന്നു.
സാന്താക്ലോസ്: ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ചില പ്രദേശങ്ങളിൽ ഈ പേര് അനുവദനീയമല്ല.
III (റോമൻ സംഖ്യ): കാലിഫോർണിയയിൽ, ചിഹ്നങ്ങളോ സംഖ്യകളോ മാത്രം നിയമപരമായ ഒരു പേരായി കണക്കാക്കാത്തതിനാൽ, ഒരു വ്യക്തിക്ക് തന്‍റെ പേര് 'III' എന്ന് മാറ്റാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു.
@, 1069, Mon1ka: ഭരണപരമായ ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും കാരണം ചിഹ്നങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ ഇതുപോലുള്ള അസാധാരണമായ അക്ഷരവിന്യാസങ്ങൾ അടങ്ങിയ പേരുകൾ പൊതുവെ നിരോധിച്ചിരിക്കുന്നു.
കാലിഫോർണിയയും ന്യൂജേഴ്‌സിയും അശ്ലീലമോ കുറ്റകരമോ ആയ പേരുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് കരോലിന പോലുള്ള സംസ്ഥാനങ്ങൾ അക്കങ്ങളോ ചിഹ്നങ്ങളോ അടങ്ങിയ പേരുകൾ നിരോധിക്കുന്നു.