ചെന്നൈയുടെ 'ട്രാഫിക് രാമസ്വാമി' അന്തരിച്ചു, ജീവിതത്തിൽ ഏറിയപങ്കും സമരങ്ങൾക്കായി മാറ്റിവച്ച വ്യക്തി

By Web TeamFirst Published May 6, 2021, 12:28 PM IST
Highlights

മുൻ മദ്രാസ് പ്രസിഡൻസിയിലെ ഒരു കോൺഗ്രസ് നേതാവിന്റെ മകനായ രാമസ്വാമി ഒരു മിൽ തൊഴിലാളിയായിരുന്നു. അഴിമതിക്കും നിയമലംഘനങ്ങൾക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പ്രചോദനം മുൻ മുഖ്യമന്ത്രിയായിരുന്ന പരേതനായ സി രാജഗോപാലാചാരിയാണ്. 

ട്രാഫിക് രാമസ്വാമി എന്നറിയപ്പെടുന്ന കെ. ആർ രാമസ്വാമി ഒരു അഴിമതി വിരുദ്ധ പ്രവർത്തകനാണ്. ഉന്നതരുടെയും ശക്തരുടെയും അനധികൃത പോസ്റ്ററുകളും പരസ്യബോർഡുകളും ചെന്നൈയിലെ തെരുവോരങ്ങളിൽ നിന്ന് എടുത്തുമാറ്റാനുള്ള ശ്രമങ്ങളാണ് രാമസ്വാമിയെ വ്യത്യസ്‍തനാക്കിയത്. അതിനായി കോടതിയെ സമീപിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. തന്റെ വഴിയിൽ ഒരു തടസമാകാൻ വാർദ്ധക്യത്തെ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നുമില്ല. എന്നാൽ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ച് മരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ച അദ്ദേഹം നെഗറ്റീവ് ആയെങ്കിലും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നെന്ന് ആശുപത്രി അറിയിച്ചു.

ആക്ടിവിസ്റ്റായി ജീവിതം ആരംഭിച്ചപ്പോൾ മുതൽ അദ്ദേഹം സുഹൃത്തുക്കളേക്കാൾ കൂടുതൽ സമ്പാദിച്ചത് ശത്രുക്കളെയാണ്. സാമൂഹിക പ്രവർത്തകനെന്ന നിലയിൽ നിരവധി ഭീഷണികളും അധിക്ഷേപങ്ങളും നേരിട്ടു. ഒടുവിൽ സ്വന്തം കുടുംബവുമായി പോലും വേർപിരിയേണ്ടി വന്നു. ചെന്നൈയിലെ ഹോം ഗാർഡുകളുടെ സ്ഥാപകാംഗമായിരുന്നു രാമസ്വാമി. ചെന്നൈയിലെ പാരിസ് കോർണറിലും പരിസരത്തും ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാൻ സഹായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആക്ടിവിസം ആരംഭിച്ചത്. തുടർന്ന് നാട്ടുകാർ അദ്ദേഹത്തിന് നൽകിയ പേരാണ് ‘ട്രാഫിക് രാമസ്വാമി’.  

തുടക്കത്തിൽ, രാമസ്വാമിയുടെ പ്രവർത്തനങ്ങളെ സർക്കാർ ഉദ്യോഗസ്ഥർ പ്രശംസിച്ചിരുന്നുവെങ്കിലും പിന്നീട് വിവിധ സർക്കാർ വകുപ്പുകൾക്ക്, പ്രത്യേകിച്ച് സിറ്റി പൊലീസുകാർക്ക് കണ്ണിലെ കരടായിത്തീർന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം സധൈര്യം ഇടപെട്ടു. നഗരത്തെ ബാധിക്കുന്ന ബാനർ സംസ്കാരം ഇല്ലാതാക്കുക, ഫുട്പാത്ത് കൈവശമുണ്ടായിരുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുക, ഇരുമ്പ്, സ്റ്റീൽ വ്യാപാരികളെ ജോർജ്ജ് ടൗണിൽ നിന്ന് മനാലിക്ക് സമീപമുള്ള സതാങ്കഡിലേക്ക് മാറ്റുക തുടങ്ങിയ നഗരത്തിന്റെ വിവിധ വിഷയങ്ങളിൽ രാമസ്വാമിയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഒരിക്കൽ AIADMK -യുടെ മുൻ നേതാവ് പരേതയായ ജെ. ജയലളിതയുടെ ഒരു പോസ്റ്റർ നീക്കം ചെയ്യുന്നതിനിടെ ട്രാഫിക് തടഞ്ഞുവെന്നും ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് രാമസ്വാമിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.  

ജോലി ചെയ്യാൻ മടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കുന്നതിനായി നിരവധി  പൊതുതാൽപര്യ ഹർജികൾ രാമസ്വാമി നൽകി. മദ്രാസ് ഹൈക്കോടതിയിൽ റോഡ് ഗതാഗത മാനദണ്ഡങ്ങൾ, കയ്യേറ്റങ്ങൾ, അനധികൃത കെട്ടിടങ്ങൾ, പോസ്റ്ററുകൾ എന്നിവയ്ക്കെതിരേ പതിവായി പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്യുമായിരുന്നു. ചെന്നൈ കോർപ്പറേഷന്റെയും ഗ്രേറ്റർ ചെന്നൈ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെയും കൊണ്ട് ജോലി ചെയ്യിക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത്, രണ്ട് പതിറ്റാണ്ടിലേറെയായി അഞ്ഞൂറിലധികം പൊതുതാൽപര്യ ഹർജികൾ അദ്ദേഹം ഫയൽ ചെയ്തു. 1998 -ൽ മദ്രാസ് ഹൈക്കോടതിക്ക് സമീപം എൻ‌എസ്‌സി ബോസ് റോഡിൽ ഒരു ഫ്ലൈഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാമസ്വാമിയുടെ ആദ്യ പൊതുതാൽപര്യ ഹർജി. മത്സ്യം വിൽക്കാൻ ഉപയോഗിച്ച മോട്ടറൈസ്ഡ് ത്രീ വീലർ മെയ്ക്ക്-ഷിഫ്റ്റ് ഓട്ടോറിക്ഷകൾക്കെതിരെ 2002 ൽ അദ്ദേഹം ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. 

മുൻ മദ്രാസ് പ്രസിഡൻസിയിലെ ഒരു കോൺഗ്രസ് നേതാവിന്റെ മകനായ രാമസ്വാമി ഒരു മിൽ തൊഴിലാളിയായിരുന്നു. അഴിമതിക്കും നിയമലംഘനങ്ങൾക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പ്രചോദനം മുൻ മുഖ്യമന്ത്രിയായിരുന്ന പരേതനായ സി രാജഗോപാലാചാരിയാണ്. "രാജഗോപാലാചാരിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സെക്രട്ടറിയായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ പിതാവ് എൻ കെ രംഗസ്വാമി കോൺഗ്രസ് പാർട്ടിയുടെ ജില്ലാ നേതാവായിരുന്നതിനാൽ ഒരിക്കൽ അദ്ദേഹം എന്റെ വീട് സന്ദർശിച്ചു. എല്ലായ്‌പ്പോഴും തെറ്റിനെ ചോദ്യം ചെയ്യാൻ രാജാജി എന്നെ പഠിപ്പിച്ചു. എന്നെ വിമർശിക്കുന്നവർക്ക് ഞാൻ കാത് കൊടുക്കണമെന്നും, നമ്മുടെ തെറ്റുകൾ അവരിലൂടെ കണ്ടെത്താമെന്നും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ ഉപദേശം പിന്തുടർന്നു" രാമസ്വാമി ഒരിക്കൽ അനുസ്മരിച്ചു.

കാഴ്ചയിൽ ഒരു സാധാരണക്കാരെ പോലെ തോന്നിച്ച വെളുത്ത ഷർട്ട് ധരിച്ച ദുർബലനായ ആ മനുഷ്യന്റെ കൈയിൽ എല്ലായ്പ്പോഴും ഒരു കെട്ട് നിവേദനങ്ങൾ ഉണ്ടായിരുന്നു. നടുറോഡിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചതിനെ തുടർന്ന് നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2019 -ൽ സംവിധാനം ചെയ്ത ഒരു ബയോപികിൽ തമിഴ് മെഗാ സ്റ്റാർ വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ രാമസ്വാമിയുടെ വേഷം അഭിനയിക്കുകയുണ്ടായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!