
ആഗസ്ത് നാല് മുതൽ ആറന്മുളയിൽ വള്ളസദ്യ ആരംഭിച്ചിരിക്കയാണ്. ആറന്മുള ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾ കാണാൻ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനൊപ്പം അവസരമൊരുക്കി കെഎസ്ആർടിസിയും. പഞ്ച പാണ്ഡവ ദർശന തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ടാണ് ആറന്മുള്ള വള്ളസദ്യ കാണാനും പങ്കെടുക്കാനും ഉള്ള അവസരവും കെഎസ്ആർടിസി ഒരുക്കുന്നത്. ജനങ്ങളുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു യാത്ര എന്ന് സംസ്ഥാന കോർഡിനേറ്ററായ പ്രശാന്ത് വിജയ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്കാണ് ദർശനം. മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും യാത്രയിൽ സന്ദർശിക്കും. പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള ക്ഷേത്രമാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. ഈ ക്ഷേത്രങ്ങളിലേക്കെല്ലാം ഉത്തരേന്ത്യയിൽ നിന്നടക്കം നിരവധി ആളുകൾ സന്ദർശനം നടത്തുന്നുണ്ട്.
ആഗസ്ത് നാലിന് ആരംഭിച്ച് ഒക്ടോബർ ഒമ്പതിന് അവസാനിക്കുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാമെന്നും കെഎസ്ആർടിസി പറയുന്നു. ഇത് കൂടാതെ ലോഹക്കൂട്ടുകൾ കൊണ്ട് പ്രത്യേകം നിർമ്മിക്കുന്ന ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണാനുള്ള അവസരവും വാങ്ങാനുള്ള അവസരവും ഈ യാത്രയിൽ ഒരുക്കുന്നുണ്ട് എന്നും പറയുന്നു. നാളെ രാവിലെ ചെങ്ങന്നൂരിൽ നിന്നും സംഘത്തിന്റെ ആദ്യയാത്ര ആരംഭിക്കും. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര എന്ന ടാഗ്ലൈനിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷർ ഈ ലിങ്കിൽ ലഭിക്കും. ഈമെയിൽ: btc.ksrtc@kerala.gov.in