മരിച്ചുപോയ ഭർത്താവിന്റെ ശബ്ദം കേൾക്കാനായി മുടങ്ങാതെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്ത്രീ!

Published : Jun 13, 2022, 02:35 PM IST
മരിച്ചുപോയ ഭർത്താവിന്റെ ശബ്ദം കേൾക്കാനായി മുടങ്ങാതെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്ത്രീ!

Synopsis

എല്ലാവർക്കും അത് വെറുമൊരു ശബ്ദം മാത്രമാണെങ്കിലും, മാർഗരറ്റിനെ സംബന്ധിച്ചിടത്തോളം അത് ജീവിക്കാനുള്ള പ്രേരണയായിരുന്നു. ആ റെക്കോർഡിംഗ് അദ്ദേഹത്തിന്റെ ജീവിക്കുന്ന ഓർമയായി തീർന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ നമുക്കുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല. അവരെ കുറിച്ചുള്ള ഓർമകളാകും പിന്നീട് നമുക്ക് ജീവിക്കാനുള്ള ഊർജമാകുന്നത്. യുകെയിലുള്ള ഡോക്ടർ മാർഗരറ്റ് മക്കെലം എല്ലാ ദിവസവും മുടങ്ങാതെ ലണ്ടനിലുള്ള എംബാങ്ക്മെന്റ് ട്യൂബ് സ്റ്റേഷൻ സന്ദർശിക്കുന്നു. മറ്റെല്ലാവരെയും പോലെ എവിടേക്കെങ്കിലും യാത്ര പോകാനല്ല അവർ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. മറിച്ച്, തന്റെ ഭർത്താവിന്റെ ശബ്‍ദം ഒരിക്കൽ കൂടി കേൾക്കാൻ വേണ്ടിയാണ്. അവരുടെ ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇന്നും മാർഗരറ്റിന് വേണ്ടി മാത്രം ആ സ്റ്റേഷനിൽ അദ്ദേഹത്തിന്റെ ശബ്ദം അറിയിപ്പുകൾക്കായി ഉപയോഗിക്കുന്നു. അത് കേൾക്കാൻ ഈ പ്രായത്തിലും അവർ ഒരു ദിവസം പോലും മുടങ്ങാതെ സ്റ്റേഷനിൽ എത്തുന്നു. ഹൃദയത്തിൽ തൊടുന്നതാണ് അവരുടെ പ്രണയകഥ.

മാർഗരറ്റ് 1992 -ൽ മൊറോക്കോയിലേയ്ക്ക് ടൂർ പോകുന്നതിനിടയിലാണ് ഓസ്വാൾഡ് ലോറൻസിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അദ്ദേഹം ഒരു നാടക നടനായിരുന്നു. എന്നാൽ, അവൾ കണ്ടുമുട്ടുമ്പോൾ അദ്ദേഹം അഭിനയം ഉപേക്ഷിച്ച് ഒരു ടൂർ ആൻഡ് ക്രൂയിസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കണ്ടുമുട്ടി അധികം താമസിയാതെ ഇരുവരും പ്രണയത്തിലായി. ആ പ്രണയം ഒടുവിൽ വിവാഹത്തിലെത്തി. പിന്നീട് അവർ ലണ്ടനിൽ സ്ഥിരതാമസമാക്കി. 2007 -ൽ മാർഗരറ്റിന് ലോറൻസിനെ നഷ്ടമായി. മരിക്കുമ്പോൾ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം, അവർ ആകെ തളർന്നു പോയി.

അതേസമയം സ്റ്റേഷനുകളിൽ പ്ലേ ചെയ്യാനായി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യുകയുണ്ടായി. വണ്ടിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള അകലത്തെ കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനായി ആ ശബ്ദം സ്റ്റേഷനുകളിൽ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും എംബാങ്ക്മെന്റ് സ്റ്റേഷനിൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഇനി ഒരിക്കലും തന്റെ ഭർത്താവിനെ കാണാൻ കഴിയില്ലെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദമെങ്കിലും കേൾക്കാൻ മാർഗരറ്റ് ആഗ്രഹിച്ചു. അങ്ങനെ ഇതിനായി എല്ലാ ദിവസവും എംബാങ്ക്മെന്റ് ട്യൂബ് സ്റ്റേഷൻ സന്ദർശിക്കാൻ തുടങ്ങി അവർ. "അദ്ദേഹം മരിച്ചതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ അടുത്ത ട്രെയിനിനായി കാത്തിരിക്കുമായിരുന്നു" മക്കെലം ബിബിസി ന്യൂസ് നെറ്റ്‌വർക്കിനോട് പറഞ്ഞു.

'മൈൻഡ് ദ ഗ്യാപ്' എന്ന അറിയപ്പെടുന്ന അത് യുകെയിൽ സുപരിചിതമാണ്. എല്ലാവർക്കും അത് വെറുമൊരു ശബ്ദം മാത്രമാണെങ്കിലും, മാർഗരറ്റിനെ സംബന്ധിച്ചിടത്തോളം അത് ജീവിക്കാനുള്ള പ്രേരണയായിരുന്നു. ആ റെക്കോർഡിംഗ് അദ്ദേഹത്തിന്റെ ജീവിക്കുന്ന ഓർമയായി തീർന്നു. എന്നാൽ, ഒരു ദിവസം പതിവ് പോലെ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം സ്റ്റേഷനിൽ കേൾക്കാൻ കഴിയാതെ മാർഗരറ്റ്  സ്തംഭിച്ചുപോയി. അന്വേഷിച്ചപ്പോൾ, ഒരു പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നുവെന്നും, അദ്ദേഹത്തിന്റെ ശബ്ദം മാറ്റിയെന്നുമുള്ള  വിവരമാണ് ലഭിച്ചത്. ഇനി മുതൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതെയായിരിക്കും ട്രെയിനുകൾ ഓടുന്നത് എന്നവർ വേദനയോടെ മനസിലാക്കി.  

എന്നിട്ടും അവർ തന്റെ ആഗ്രഹവുമായി ആരെയും സമീപിച്ചില്ല. പിന്നീട് എപ്പോഴോ മാർഗരറ്റിന്റെ ഹൃദയസ്പർശിയായ കഥ അധികൃതർ കേൾക്കാൻ ഇടയായി. ഇതോടെ എംബാങ്ക്‌മെന്റ് സ്റ്റേഷനിൽ വീണ്ടും അദ്ദേഹത്തിന്റെ ശബ്ദം പ്ലേ ചെയ്യാൻ സ്റ്റേഷൻ തീരുമാനിച്ചു. ഇന്ന് ലണ്ടൻ ഭൂഗർഭ സ്റ്റേഷനുകളുടെ വോയ്‌സ്‌ഓവർ ഡിജിറ്റൈസ് ചെയ്‌തിരിക്കുന്നു. എന്നാലും മാർഗരറ്റ് ഇരിക്കാറുള്ള സ്‌റ്റേഷനിൽ മാത്രം ഇന്നും ലോറൻസിന്റെ ശബ്ദം ഗാംഭീര്യത്തോടെ മുഴങ്ങി കേൾക്കാം. അത് കേൾക്കാൻ മാർഗരറ്റും സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടാകും.  

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി