അധികസമയം ജോലി ചെയ്യണം. എന്നാല്‍, കാശൊന്നും കൂട്ടിക്കൊടുക്കാനും തയ്യാറല്ല. ഒടുക്കം ജോലി രാജി വച്ചെന്ന് ജീവനക്കാരന്‍റെ പോസ്റ്റ്. രാജി വച്ചത് നന്നായെന്ന് നെറ്റിസണ്‍സ്.
അധികസമയം ജോലി ചെയ്താൽ അധികം കാശും കിട്ടണം അല്ലേ? എന്നാൽ, പല കമ്പനികളും ഇത് നൽകാതെ ജീവനക്കാരെ ചൂഷണം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇങ്ങനെ പണമൊന്നും നൽകാതെ അധികസമയം ജോലി ചെയ്യിപ്പിച്ചതിന് പിന്നാലെ യുവാവ് ജോലി രാജി വയ്ക്കുകയായിരുന്നു. 'ഞാൻ എന്റെ മാനേജരെ വെറുക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് യുവാവ് റെഡ്ഡിറ്റിൽ പോസ്റ്റ് പങ്കുവെച്ചത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6.30 വരെയായിരുന്നു യുവാവിന്റെ ശരിക്കുള്ള ജോലി സമയം. കമ്പനിയിൽ തിരക്കുള്ള സമയമായതിനാൽ ദിവസവും ഒരു മണിക്കൂർ അധികം ജോലി ചെയ്യാൻ മാനേജർ ആവശ്യപ്പെടുകയും താൻ അതിന് സമ്മതിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. അങ്ങനെ കഴിഞ്ഞ ആഴ്ചകളിൽ എല്ലാ ദിവസവും രാത്രി 8 മണിയോടെയാണ് താൻ ഓഫീസ് വിട്ടിരുന്നതെന്നും യുവാവ് കുറിച്ചു.
എന്നാൽ, ഒരു ദിവസം അടിയന്തരമായി നേരത്തെ ഇറങ്ങേണ്ടി വന്നതോടെ സാഹചര്യങ്ങൾ കൂടുതൽ വഷളായി. അന്ന് രാത്രി 7.30 -ന് ഇറങ്ങണം എന്ന് അറിയിക്കാൻ മാനേജരെ വിളിച്ചെങ്കിലും മെസ്സേജുകൾക്കോ കോളുകൾക്കോ അവർ മറുപടി നൽകിയില്ല. രാത്രി 7.45 ആയിട്ടും ടീംസ് ആപ്പിലെ മെസ്സേജുകൾ നോക്കാനോ, വാട്സ്ആപ്പ് കോളുകളോട് പ്രതികരിക്കാനോ മാനേജർ തയ്യാറായില്ലെന്നും യുവാവ് പറഞ്ഞു. രാത്രി 8 മണിക്ക് ഓഫീസ് വിട്ടിറങ്ങിയ ശേഷവും ചില ഡോക്യുമെന്റുകൾ അന്നുതന്നെ അയച്ചുതരാൻ മാനേജർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചെയ്യാമെന്ന് മറുപടി നൽകിയപ്പോൾ, ശനിയാഴ്ച രാവിലെ തന്നെ അവ അയക്കാൻ മാനേജർ ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു.
'എന്റെ കയ്യിൽ ലാപ്ടോപ്പ് ഇല്ലെന്ന് ഞാനവരോട് പറഞ്ഞു. എന്തിനാണ് അവരെന്നെ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. ഒടുവിൽ ഞാൻ ഫോൺ എയർപ്ലെയിൻ മോഡിലാക്കി. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, ജോലി നഷ്ടപ്പെടുമെന്ന് പോലും ഞാൻ കരുതി. ഒടുവിൽ ഒരു റോബോട്ടിനെപ്പോലെ ജോലി ചെയ്യാനാണ് അവർ ആവശ്യപ്പെടുന്നത്' എന്നും യുവാവ് കുറിച്ചു. അധികമായി ചെയ്ത ജോലിക്കൊന്നും തനിക്ക് പണം ലഭിക്കില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു. പിന്നീട്, 'സുഹൃത്തുക്കളെ, ഞാൻ രാജിവെച്ചു' എന്നും പോസ്റ്റ് അപ്ഡേറ്റ് ചെയ്തുകൊണ്ട് യുവാവ് കുറിച്ചു.
നിരവധിപ്പേരാണ് യുവാവിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത്തരം സ്ഥാപനങ്ങളിൽ ഒരിക്കലും തുടരേണ്ടതില്ല എന്നായിരുന്നു പലരുടേയും അഭിപ്രായം.
