
സാമ്പത്തിക ഭദ്രത ഒരു വ്യക്തിയുടെ ജീവിതത്തെയും ചിന്തകളെയും ആത്മവിശ്വാസത്തെയും എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ഇൻസ്റ്റാഗ്രാം കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നു. ഒരേ കമ്പനിയിൽ രണ്ട് വർഷത്തോളം ജോലി ചെയ്ത ശേഷം രാജി സമർപ്പിച്ച ഒരു യുവാവാണ്, ശമ്പളമില്ലാത്ത 60 ദിവസങ്ങൾ തനിക്ക് നൽകിയ തിരിച്ചറിവുകളെക്കുറിച്ച് തുറന്നെഴുതിയത്. @attentionslop എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കമ്പനിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് കരുതി മാസങ്ങളോളമാണ് താൻ രാജി തീരുമാനം നീട്ടിവെച്ചതെന്ന് യുവാവ് പറയുന്നു. 'അടുത്ത ശമ്പള വർദ്ധനവ്' അല്ലെങ്കിൽ 'അടുത്ത ക്വാർട്ടർ' എന്നിങ്ങനെ സ്വയം ന്യായീകരണങ്ങൾ കണ്ടെത്തി പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും യഥാർത്ഥത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഒടുവിൽ കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് ജോലി രാജിവെക്കാൻ തീരുമാനിച്ചു.
തിരിഞ്ഞ് നോക്കുമ്പോൾ, സ്ഥിരമായി ലഭിക്കുന്ന ശമ്പളം നമ്മുടെ നിത്യജീവിതത്തെ എങ്ങനെയാണ് നിശബ്ദമായി കീഴ്പ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുകയാണ് യുവാവ്. ശമ്പളം എന്നത് ഉപേക്ഷിക്കാൻ പ്രയാസമുള്ള ഒരു കടുത്ത ലഹരിയാണെന്നാണ് യുവാവിന്‍റെ അഭിപ്രായം. വീട്ടുവാടക, ദൈനംദിന ചെലവുകൾ, വാരാന്ത്യ പദ്ധതികൾ, വ്യക്തിപരമായ ആത്മവിശ്വാസം, മാനസിക സുരക്ഷിതത്വം എന്നിവയെല്ലാം ഈ പ്രതിമാസ വരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് പെട്ടെന്ന് ഇല്ലാതാകുമ്പോൾ മാതാപിതാക്കളോട് വീണ്ടും പണം ചോദിക്കേണ്ടി വരുന്നതിലെ കുറ്റബോധം, ഇടയ്ക്കിടെ ബാങ്ക് ബാലൻസ് പരിശോധിക്കൽ, ചെറിയ ചെലവുകൾക്ക് പോലും മടിക്കൽ തുടങ്ങിയ പ്രതിസന്ധികളിലേക്ക് ആളുകൾ വീണുപോകുന്നു.
കൃത്യമായി ശമ്പളം ലഭിക്കുന്നത് വഴി നമ്മൾ യഥാർത്ഥത്തിൽ ചെയ്യുന്ന ജോലിയിൽ സന്തോഷവാന്മാരാണോ എന്ന് ചിന്തിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പതിവ് ശീലങ്ങൾ ജീവിതത്തിന്‍റെ വലിയ ചിത്രത്തെ മറയ്ക്കും. ആ ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ മാത്രമാണ് നമുക്ക് ആ ജീവിതരീതിയെ കൃത്യമായി വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്നും കുറിപ്പിൽ പറയുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ഉദ്യോഗാർത്ഥികളാണ് തങ്ങളുടെ സമാനമായ കരിയർ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. അതേസമയം, ജോലി രാജിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിലർ നിർണായകമായ ഉപദേശങ്ങളും കമന്‍റുകളിലൂടെ പങ്കുവെക്കുന്നുണ്ട്. ജോലി വിടുന്നതിന് മുൻപ് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം പലിശയിലൂടെ കണ്ടെത്താൻ തക്കവണ്ണമുള്ള ഒരു കൃത്യമായ സമ്പാദ്യം കരുതിവെക്കണമെന്ന് ഒരു ഉപയോക്താവ് ഓർമ്മിപ്പിച്ചു.