ഗോൾഡ് ഫിഷിനും വാടക? 16,489 രൂപ നൽകണം എന്ന് വീട്ടുടമ, അന്തംവിട്ട് യുവതി

By Web TeamFirst Published Feb 6, 2023, 12:52 PM IST
Highlights

സ്ക്രീൻഷോട്ടിൽ 16,489 രൂപയാണ് മീനിനെ വളർത്തുന്നതിന് ഈടാക്കുക എന്ന് കാണാം. ഒപ്പം മാസത്തേക്ക് 1236 രൂപയും ഈയിനത്തിൽ വീട്ടുടമ എഴുതിയിട്ടുണ്ട്.

വാടകയ്‍ക്കാണ് നമ്മുടെ താമസമെങ്കിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. പല വീട്ടുടമകളും പല രീതിക്കാരായിരിക്കും. പലരും പല കാര്യങ്ങളിലും നിയന്ത്രണവും പറയും. അതിൽ ഒന്നാണ് പെറ്റുകളെ വളർത്തൽ. ചില വീട്ടുടമകൾ വാടകയ്‍ക്ക് നൽകിയിരിക്കുന്ന വീട്ടിൽ വളർത്തു മൃ​ഗങ്ങളെ അനുവദിക്കുകയേ ഇല്ല. എന്നാൽ, ചിലരാവട്ടെ അതിന് പ്രത്യേകം പണം ഈടാക്കുന്നവരും ഉണ്ട്. അതുപോലെ ഒരു യുവതിയുടെ അനുഭവമാണ് ഇത്. എന്നാൽ, അത്ഭുതം അതൊന്നുമല്ല ​ഗോൾഡ് ഫിഷിനാണ് വീട്ടുടമ പ്രത്യേകം ഫീസ് ഈടാക്കുന്നത്.

സാധാരണ വാടക വീടുകളിൽ പട്ടിയേയും പൂച്ചയേയും ഒക്കെ വളർത്തുമ്പോഴാണ് വീട്ടുടമകൾ പ്രശ്നമാക്കാറ് അല്ലേ? അതുപോലെ പണം ഈടാക്കുന്നതും അതിനൊക്കെ തന്നെയാണ്. അതിന് കാരണം വീടും പരിസരവും മോശമാക്കാം, ഫർണിച്ചറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടാക്കാം എന്നതെല്ലാമാണ്. എന്നാലും ഒരു ​ഗോൾഡ് ഫിഷിന് എങ്ങനെയാണ് ഇയാൾ അധിക വാടക ഈടാക്കുന്നത് എന്ന് അന്തം വിടുകയാണ് ഇപ്പോൾ പലരും. 

കൻസാസ് സിറ്റിയിൽ നിന്നുമുള്ള ഒരു സ്ത്രീയാണ് ടിക്ടോക്കിൽ, തന്റെ വിചിത്രമായ അനുഭവം പങ്ക് വച്ചത്. ഗോൾഡ് ഫിഷിന് അധികം വാടക വേണം എന്നാണ് വീട്ടുടമ പറയുന്നത്. മാസ വാടകയുടെ സ്റ്റേറ്റ്‍മെന്റിലുള്ള അവിശ്വാസം പ്രകടമാക്കിയാണ് യുവതി വീഡിയോ ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടും പങ്ക് വച്ചിട്ടുണ്ട്. 

സ്ക്രീൻഷോട്ടിൽ 16,489 രൂപയാണ് മീനിനെ വളർത്തുന്നതിന് ഈടാക്കുക എന്ന് കാണാം. ഒപ്പം മാസത്തേക്ക് 1236 രൂപയും ഈയിനത്തിൽ വീട്ടുടമ എഴുതിയിട്ടുണ്ട്. അതിൽ 'മത്സ്യം അനുവദനീയമാണ്, ആക്രമണകാരികളായ ഇനങ്ങൾ അനുവദിക്കില്ല' എന്നും എഴുതിയിട്ടുണ്ട്. 'അവരിപ്പോൾ നമ്മൾ വളർത്തുന്ന മീനിനും വാടക ഈടാക്കാൻ തുടങ്ങിയോ' എന്നാണ് യുവതി വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. 

സെന്റ് ലൂയിസിൽ നിന്നുള്ള നിക്കോളാണ് വിചിത്രമായ ഈ അനുഭവം പങ്ക് വച്ചത്. വാടക വീട് തെരയുമ്പോൾ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇങ്ങനെ വിചിത്രമായ ഒരു കാര്യം ആദ്യമായിട്ടാണ് എന്ന് അവൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. 

click me!