
ഒരു ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് വലിയ പാടാണ്. അതുപോലെ, മാസങ്ങളോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ പുതിയ ജോലി സ്വന്തമാക്കിയ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ അനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. റെഡ്ഡിറ്റിലാണ് ബെംഗളൂരു സ്വദേശിയായ ടെക്കി തന്റെ ദുഷ്കരമായ ജോലി അന്വേഷണത്തെ കുറിച്ച് തുറന്നുപറഞ്ഞത്. എണ്ണമറ്റ അപേക്ഷകളും നൂറുകണക്കിന് എച്ച്.ആർ കോളുകളും കടന്ന് 36 ടെക്നിക്കൽ ഇന്റർവ്യൂവിലും പങ്കെടുത്ത ശേഷമാണ് ഒടുവിൽ യുവാവിന് ഹൈദരാബാദിൽ ജോലി ലഭിച്ചത്.
പൈത്തൺ, റിയാക്ട്, എഡബ്ല്യുഎസ് എന്നിവയിൽ എക്സ്പീരിയൻസും ജനറേറ്റീവ് എഐയിൽ വൈദഗ്ദ്യവുമുള്ള ഫുൾ-സ്റ്റാക്ക് ഡെവലപ്പറാണ് ഇദ്ദേഹം. കടുത്ത സയാറ്റിക്ക രോഗബാധയെ തുടർന്ന് മുൻ ജോലി ഉപേക്ഷിക്കേണ്ടി വന്നു, അഞ്ച് മാസത്തിലധികം നീണ്ട വിശ്രമവേളയിലാണ് ജനറേറ്റീവ് എഐ പരിശീലിക്കുന്നത്. ജോലി അന്വേഷണത്തിനിടയിൽ പല പ്രമുഖ കമ്പനികളിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളാണ് അദ്ദേഹത്തിനുണ്ടായത്.
വെൽസ് ഫാർഗോ കമ്പനിയിൽ എൽ-4 ഘട്ടത്തിലെ നേരിട്ടുള്ള ഇന്റർവ്യൂ വരെ എത്തിയെങ്കിലും ആ അവസരം വേണ്ടെന്നു വെക്കേണ്ടി വന്നു. ഡെലോയിറ്റ് യുഎസ്ഐയിൽ ഒഴിവ് എമർജൻസിയാണെന്ന് പറഞ്ഞിട്ടുപോലും കമ്പനിയുടെ പോർട്ടലിൽ 'ഓഫർ ഇൻ പ്രോഗ്രസ്സ്' എന്ന് കാണിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഫ്രാക്ടൽ കമ്പനിയിൽ ഫുൾ-സ്റ്റാക്ക് എസ്ഡിഇ റോളിലേക്ക് സാങ്കേതിക ഭാഗങ്ങൾ പാസ്സായെങ്കിലും, ടെറാഫോം, കുബർനെറ്റസ് എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനെ തുടർന്ന് എൽ-3 ക്ലയന്റ് റൗണ്ടിൽ പുറത്തായി.
ഒടുവിൽ ഹൈദരാബാദിലെ 'ആൽഗോലീപ്' എന്ന കമ്പനിയിൽ എസ്ഡിഇ-3 തസ്തികയിലാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. വലിയ ശമ്പള വർധനവൊന്നും ലഭിച്ചില്ലെങ്കിലും, വാർഷിക ശമ്പളം 30 ലക്ഷം രൂപയാണ്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കുടുംബത്തെ സാമ്പത്തികമായി വീണ്ടും സഹായിക്കാനാകുന്നതിന്റെ ആശ്വാസത്തിലാണ് യുവാവ്. എന്നാൽ കുടുംബപരമായ കാരണങ്ങളാൽ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് തനിച്ച് താമസം മാറേണ്ടി വരുന്നതാണ് നിലവിലെ ഏക വിഷമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തളരാതെ പരിശ്രമിക്കാൻ മറ്റ് ഉദ്യോഗാർത്ഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. പരാജയപ്പെട്ട അഭിമുഖങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കഠിനാധ്വാനം തുടർന്നാൽ തുരങ്കത്തിനൊടുവിൽ വെളിച്ചം കാണാൻ കഴിയുമെന്നാണ് യുവാവിന്റെ പക്ഷം. ടെക്കിയുടെ കുറിപ്പിന് താഴെ നിരവധിപ്പേരാണ് പിന്തുണയുമായി എത്തിയത്.