ജനനനിരക്ക് കുറയുന്ന ചൈനയിൽ 13 മക്കളുള്ള ഒരു കർഷക കുടുംബം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഗ്വാങ്‌സി ഷുവാങ് മേഖലയിൽ താമസിക്കുന്ന ഈ ദമ്പതികൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ ഒഴിവാക്കാനും സംരക്ഷണത്തിനുമായാണ് ഇവർ ഇത്രയും മക്കൾക്ക് ജന്മം നൽകിയത്.

ചൈനയിൽ ആശങ്കാജനകമായ നിരക്കിൽ ജനനനിരക്ക് കുറയുകയാണ്. ഇതിനിടെ 13 മക്കളുള്ള മധ്യവയസ്കരായ ദമ്പതികളുടെ വാർത്ത ചൈനീസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. ദക്ഷിണ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലുള്ള ക്വിൻഷൗ ഗ്രാമത്തിലാണ് ഈ അപൂർവ്വ കുടുംബം താമസിക്കുന്നത്. വരുംതലമുറയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് ഭരണകൂടം ജനങ്ങൾക്കായി വിവിധ ആനുകൂല്യങ്ങളും നയങ്ങളും പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇത്രയും വലിയൊരു കുടുംബം മാധ്യമശ്രദ്ധ നേടിയതും.

കർഷക കുടുംബം

ജിപായ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, 49 വയസ്സുള്ള ഹുവാങ് എന്ന കർഷകനും 42 വയസ്സുള്ള ഭാര്യക്കും കഴിഞ്ഞ 22 വർഷത്തെ ദാമ്പത്യത്തിനിടയിൽ 8 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് ഉള്ളത്. ഇവരുടെ ഏറ്റവും മൂത്ത മകൾക്ക് 22 വയസ്. അവൾ വിവാഹിതയാണ്. ഏറ്റവും ഇളയ കുട്ടിയ്ക്ക് രണ്ട് വയസ്സ് മാത്രമാണ് പ്രായം. മക്കളിൽ ആദ്യത്തെ രണ്ടുപേരും അവസാനത്തെ മൂന്നുപേരും പെൺകുട്ടികളാണ്, ഇടയിലുള്ള എട്ടുപേരും ആൺകുട്ടികളാണ്.

കൂടുതൽ മക്കളുള്ളത് സംരക്ഷണം

രാജ്യത്തെ നിർബന്ധിത വിദ്യാഭ്യാസ നിയമങ്ങൾ പാലിച്ചുകൊണ്ട്, കൃത്യസമയത്ത് തന്നെ കുട്ടികളെ സ്കൂളിൽ ചേർക്കാറുണ്ടെന്ന് ഹുവാങ് പറഞ്ഞു. സ്വന്തമായുള്ള 3.3 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്താണ് ഇവർ ഉപജീവനം കണ്ടെത്തുന്നത്. കുടുംബത്തിന് പ്രതിമാസം 3,500 യുവാന് (ഏകദേശം 43,000 രൂപ) സർക്കാർ സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും, ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ജീവിക്കാൻ സഹായിക്കുന്നുണ്ടെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. മുൻപ് ഇവർക്ക് ഇരുനില വീട് നിർമ്മിച്ച് നൽകാനും പ്രാദേശിക അധികൃതർ സാമ്പത്തിക സഹായം നൽകിയിരുന്നു. കൂടുതൽ മക്കളുള്ളത് ഗ്രാമത്തിൽ മറ്റുള്ളവരുടെ ആക്രമണങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്നും, വാർദ്ധക്യകാലത്ത് താൻ ഒറ്റപ്പെടില്ലെന്ന ഉറപ്പ് നൽകുന്നുണ്ടെന്നും ഹുവാങ് പറയുന്നു.

Scroll to load tweet…

ചൈനയുടെ 'ഒറ്റക്കുട്ടി' നയം

1970 -കളുടെ അവസാനം മുതൽ നടപ്പിലാക്കിയ കടുത്ത 'ഒറ്റക്കുട്ടി നയം' 2015 -ലാണ് ചൈന അവസാനിപ്പിച്ചത്. തുടർന്ന് രണ്ട് കുട്ടികൾക്കും, 2021 മുതൽ മൂന്ന് കുട്ടികൾക്കും അനുമതി നൽകി. ജനനനിയന്ത്രണ നിയമം ലംഘിക്കുന്നവർക്ക് ചൈനയിൽ കടുത്ത പിഴ ചുമത്താറുണ്ട്. ഹുവാങ്ങിന്‍റെ വീട്ടിൽ പ്രാദേശിക ഉദ്യോഗസ്ഥർ പലതവണ സന്ദർശനം നടത്തുകയും കൂടുതൽ കുട്ടികൾ വേണ്ടെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം തന്‍റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതേസമയം കൂടുതൽ കുട്ടികളുണ്ടായതിനാൽ ഹുവാനെതിരെ പ്രാദേശിക ഭരണകൂടം പിഴ ചുമത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

സമ്മിശ്ര പ്രതികരണം

സോഷ്യൽ മീഡിയയിൽ ഈ കുടുംബത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുട്ടികളെ ശരിയായ രീതിയിൽ വളർത്താനും വിദ്യാഭ്യാസം നൽകാനും സാമ്പത്തിക ശേഷിയില്ലാതെ ഇത്രയധികം മക്കൾക്ക് ജന്മം നൽകിയത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, രാജ്യത്തിന്റെ ജനസംഖ്യാ വർദ്ധനവിന് നൽകിയ സംഭാവനയ്ക്ക് സർക്കാർ ഈ കുടുംബത്തെ ആദരിക്കുകയാണ് വേണ്ടതെന്നാണ് മറുവിഭാഗം വാദിക്കുന്നത്.