
വാർധക്യത്തെ മന്ദഗതിയിലാക്കാനും ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനും ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് പ്രത്യേക ആരോഗ്യപരിചരണം നടത്തി 76 -കാരനായ ശതകോടീശ്വരൻ. അമേരിക്കൻ റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ ലാറി കോണറാണ് തന്റെ ആരോഗ്യസംരക്ഷണത്തിനായി ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഓരോ ദിവസത്തെയും ഓരോ കാര്യവും നിരീക്ഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘവും ആരോഗ്യപരിശോധനകൾക്കും പരിശീലനങ്ങൾക്കുമായി നിരവധി വിദഗ്ധരുമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ഡോക്ടർമാരും ആരോഗ്യ-ശാരീരികക്ഷമതാ വിദഗ്ധരും ഉൾപ്പെടെ ഏകദേശം 15 പ്രൊഫഷണലുകൾ അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനത്തിൽ പങ്കാളികളാണ്.
ഇതിനുപുറമെ, കോണറുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ വിവിധ കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഞ്ചംഗ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ ഉൾപ്പടെയുള്ള കാര്യങ്ങളുടെ ചുമതല ഈ സംഘത്തിനാണ്.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം, ഈ വർഷം കോണർ 68 മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫുൾ ബോഡി എംആർഐ, തലച്ചോറിന്റെ വിശദമായ ചിത്രങ്ങൾ ലഭ്യമാക്കുന്ന ഹൈ-റെസല്യൂഷൻ ബ്രെയിൻ സ്കാൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. വാർധക്യത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി മയോ ക്ലിനിക്കിന് 15 മില്യൺ ഡോളറിലധികം സംഭാവനയും കോണർ നൽകിയിട്ടുണ്ട്.
ആയുർദൈർഘ്യം വർധിപ്പിക്കാൻ പണം ചെലവഴിക്കുന്ന സമ്പന്നർ
ആരോഗ്യസംരക്ഷണത്തിനും കൂടുതൽ കാലം ജീവിക്കാനുമുള്ള ശ്രമങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്ന ഏക വ്യക്തിയല്ല കോണർ. സമ്പന്നരായ നിക്ഷേപകരെക്കുറിച്ച് യുബിഎസ് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും കുറഞ്ഞത് 100 വയസ്സുവരെ ജീവിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആർ360 നെറ്റ്വർക്ക് സ്ഥാപകനായ ചാർലി ഗാർഷ്യയും മകനും ആമസോൺ മഴക്കാടുകളിൽ സംഘടിപ്പിച്ച ഒരു റിട്രീറ്റിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള ജീൻ തെറാപ്പി കുത്തിവയ്പ്പുകളും സ്വീകരിച്ചു. ഓരോ കുത്തിവയ്പ്പിനും ഏകദേശം 15,000 ഡോളറായിരുന്നു ചെലവ്.
ചെലവേറിയ ചികിത്സകൾ ആയുസ്സ് വർധിപ്പിക്കുമോ?
വാർധക്യത്തെ മന്ദഗതിയിലാക്കുമെന്ന് അവകാശപ്പെടുന്ന ചെലവേറിയ ചികിത്സകളോടും പരീക്ഷണങ്ങളോടും താൽപര്യം വർധിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ആയുസ്സ് ഉറപ്പായും വർധിപ്പിക്കുമെന്ന് കരുതരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വാർധക്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന എസ്. ജയ് ഓൾഷാൻസ്കി വാർധക്യത്തെ തടയാനോ മന്ദഗതിയിലാക്കാനോ കഴിയുമെന്ന് അവകാശപ്പെടുന്ന പരീക്ഷണ ചികിത്സകളിൽ അമിതമായി വിശ്വാസമർപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പതിവായ വ്യായാമവുമാണ് പ്രായം കൂടുമ്പോഴും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.