
റിയൽ എസ്റ്റേറ്റ് ഇടപാടിനായി എഐ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തിയ ടെക് കമ്പനി സിഇഒയ്ക്ക് ലഭിച്ചത് രക്തം പുരണ്ട പന്നിത്തല. ലാസ് വെഗാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രിപ്പയുടെ സ്ഥാപകനും സിഇഒയുമായ ബ്ലേക്ക് ഓവൻസിനാണ് 'അസാധാരണമായ ഒരു സമ്മാനം' ലഭിച്ചത്. പന്നിത്തലയോടൊപ്പം ഒരു ഭീഷണി കുറിപ്പും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. പരാതിയെ തുടര്‍ന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരു ജനപ്രിയ ടെലിവിഷൻ വാർത്താ വിഭാഗത്തിൽ തന്‍റെ കമ്പനി റിയൽ എസ്റ്റേറ്റ് ഇടപാടിനായി എഐയെ ഉപയോഗിച്ചിരുന്നതായി ബ്ലേക്ക് ഓവൻസ് വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖത്തിന് പിന്നാലെയാണ് ഓവന്‍സിന്‍റെ കുടുംബ വീട്ടിലേക്ക് 'സമ്മാനപ്പൊതി' എത്തിയത്. അലൂമിനിയം പേപ്പറിൽ പൊതിഞ്ഞ നിലയില്‍ വെട്ടിയെടുത്ത പന്നി തല ആയിരുന്നെന്ന് കെല്ലാസ് 8 ന്യൂസ് നൗവിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തെ ഗൗരവമായി എടുക്കുന്നെന്നും എന്നാല്‍ അതൊരു യഥാര്‍ത്ഥ ഭീഷണിയാണെന്ന് തോന്നിന്നില്ലെന്നും പറഞ്ഞ ബ്ലേക്ക് പൊതി ഒരു സന്ദേശമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലേക്ക് ഓവന്‍സിനെ 'ക്ലാർക്ക് കെന്‍റ് നോക്കോഫ്' എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കത്ത് ആരംഭിച്ചത്. പിന്നാലെ, നിങ്ങളുടെ മാർക്കസ് വീഡിയോ കണ്ടെന്നും വീഡിയോ വെറുമൊരു തമാശയാണെന്നും പരിഹസിക്കുന്ന കത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബ്രോക്കര്‍മാരെ മാറ്റി എഐയെ കൊണ്ട് വരാന്‍ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ഡെവലപ്പർമാരോ നിക്ഷേപകരോ അല്ല റിയൽ എസ്റ്റേറ്റ് നിർമ്മിച്ചതെന്നെന്നും അത് ബ്രോക്കർമാരാണെന്നും അവകാശപ്പെടുന്ന കത്തില്‍ അവകാശപ്പെട്ടു. ഞങ്ങൾ കഠിനമായ വഴികളിലൂടെയാണ് അത് ചെയ്തതെന്നും അതിന് കുറുക്കു വിദ്യകളോ സാങ്കേതികതയോ ഇല്ലെന്നും പറയുന്നു. ഒപ്പം പന്നികൾ തടിച്ച് കൊഴുക്കുകയും പന്നികളെ കൊല്ലുകയും ചെയ്യുന്നതിനാല്‍ അത്യാഗ്രഹിയാകരുതെന്ന് ഭിഷണിപ്പെടുന്നു. എത്തില്‍ എം എന്ന് മാത്രമാണ് ഒപ്പിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.