
സ്വന്തം വീട്ടിൽ അതിഥികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ, ഒരു സംഘം ആളുകൾ കടന്നുവരുകയും ചോദ്യം ചെയ്യുകയും വീടിന്റെ അകത്തുകയറി നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്താൽ എന്ത് ചെയ്യും? ഭയന്ന് പിന്മാറുന്നവർക്കിടയിൽ, നിയമപോരാട്ടത്തിലൂടെ മറുപടി നൽകിയ ഒരു 22 -കാരിയുടെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘സൊസൈറ്റി ബോർഡ് അംഗങ്ങൾ എന്റെ സ്വന്തം അപ്പാർട്ട്മെന്റിൽ എന്നെ ഉപദ്രവിച്ചു’ എന്ന തലക്കെട്ടോടെയാണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
നടന്നത് എന്ത്?
നഗരത്തിലെ പ്രശസ്തമായ ഹൗസിംഗ് സൊസൈറ്റിയിൽ സ്വന്തമായി ഫ്ലാറ്റുള്ള യുവതിയുടെ വീട്ടിലേക്ക് ശനിയാഴ്ച രാത്രി നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സുഹൃത്തുക്കൾ എത്തുകയായിരുന്നു. മദ്യപാനമോ ബഹളമോ ഇല്ലാതിരുന്നിട്ടും, ‘ബാച്ചിലേഴ്‌സിനെ അനുവദിക്കില്ല‘ എന്നാരോപിച്ച് സൊസൈറ്റി ഭാരവാഹികൾ പിന്നാലെ അവളുടെ വാതിലിൽ മുട്ടി. ഫ്ലാറ്റ് ഉടമയെ വിളിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ ഇത് തന്റെ സ്വന്തം ഫ്ലാറ്റാണ് എന്ന് പറഞ്ഞ് യുവതി അത് ചോദ്യം ചെയ്യുകയും വാതിലടക്കുകയും ചെയ്തു. എന്നാൽ, പിന്നാലെ വീണ്ടും മറ്റ് സൊസൈറ്റി അംഗങ്ങൾ കൂടിയെത്തി. നാലഞ്ച് പുരുഷന്മാർ അനുവാദമില്ലാതെ അവളുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും യുവതിയെ അധിക്ഷേപിക്കുകയും ഉടൻ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതി കഞ്ചാവ് വലിച്ചുവെന്നും മദ്യപിച്ചുവെന്നും അവർ ആരോപിച്ചു.
നിയമപോരാട്ടം
എന്നാൽ, ആ അവസ്ഥയിൽ പതറിപ്പോകാതെ യുവതി ചെയ്തത് ഇത്രയുമാണ്, അവർ പൊലീസിനെ വിളിക്കാനും നിയമസഹായം തേടാനും മടിച്ചില്ല. ലിവിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അവർ തെളിവായി ഉപയോഗിച്ചു. പിന്നാലെ, സൊസൈറ്റി അടിയന്തര യോഗം ചേരുകയും കുറ്റക്കാരായ ഭാരവാഹികളെ പുറത്താക്കി ഓരോരുത്തർക്കും 20,000 രൂപ പിഴ ചുമത്തുകയും രേഖാമൂലം മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ, താൻ അനുഭവിച്ച മാനസികാഘാതത്തിന് 62 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവൾ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
എനിക്ക് സ്വന്തമായി ഫ്ലാറ്റുള്ളതുകൊണ്ട് എനിക്കിത് നേരിടാനായി. എന്നാൽ, മറ്റ് നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന സാധാരണക്കാരായ യുവാക്കളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് യുവതി ചോദിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും മാന്യമായി ജീവിക്കാനുമുള്ള ഒരാളുടെ അവകാശത്തിന് മേൽ 'സദാചാര'ത്തിന്റെ പേരിൽ കടന്നുകയറാൻ ആർക്കും അധികാരമില്ലെന്ന് സൂചിപ്പിക്കുന്നതാണ് യുവതിയുടെ പോസ്റ്റ്. വളരെ രൂക്ഷമായിട്ടാണ് ഈ സദാചാര ആക്രമണത്തോട് യുവതി പ്രതികരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ അവരിലുണ്ടാക്കുന്ന മാനസികാഘാതങ്ങളെ കുറിച്ചും യുവതി സൂചിപ്പിച്ചു. അനേകങ്ങളാണ് യുവതി ചെയ്തത് വളരെ വലിയ കാര്യമാണ് എന്നും ധൈര്യത്തോടെ പ്രവർത്തിച്ചു എന്നും പറഞ്ഞ് അവളെ അഭിനന്ദിച്ചിരിക്കുന്നത്.