
ഇന്‍ഡിഗോ ഫ്ലൈറ്റിന്‍റെ ഷെഡ്യൂൾ പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അത് ഏറ്റവും ഉയരത്തിലായിരുന്നു. ഏതാണ്ട് 700 ഓളം ഫ്ലൈറ്റുകളാണ് പല ദിവസങ്ങളിലും അവസാന നിമിഷം യാത്ര ക്യാൻസൽ ചെയ്തത്. ഇത് ആഭ്യന്തര - വിദേശ യാത്രക്കാരെ വലിയ തോതിൽ ബാധിച്ചു. അതിന്‍റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് ഒരു യുവതിയുടെ കുറിപ്പ് വ്യക്തമാക്കുന്നത്. ഡേറ്റിംഗ് ആപ്പിൽ തന്നോട് ഇഷ്ടം പറഞ്ഞ ഒരു ഇന്‍ഡിഗോ പൈലറ്റ്, റീ ഫണ്ട് സംബന്ധിച്ച ഒരു തമാശ പറഞ്ഞതിന് പിന്നാലെ ആപ്പിൽ താൻ അയാൾക്ക് മാച്ചല്ലെന്ന് അടയാളപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.
'എനിക്ക് കണ്ണുനീർ വരുന്നു' എന്ന കുറിപ്പോടെയാണ് യുവതി ഡേറ്റിംഗ് ആപ്പിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം എക്സിൽ കുറിച്ചത്. ഈ ഇന്‍ഡിഗോ പൈലറ്റ് കുട്ടി തന്നെ ഇതിന് ശേഷം പെട്ടെന്ന് അണ്‍മാച്ച് ചെയ്തു. ഈ രാജ്യത്ത് തമാശക്കാരായ സ്ത്രീകൾക്ക് ഒരു സാധ്യതയുമില്ലേയെന്നും യുവതി കുറിപ്പിൽ ചോദിക്കുന്നു. പിന്നാലെ യുവതി രണ്ട് സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചു.
ആദ്യത്തെതിൽ ഒരു ഇന്‍ഡിഗോ ഫ്ലൈറ്റിന് സമീപം ട്രോളി ബാഗുമായി നിൽക്കുന്ന ഒരു പൈലറ്റിന്‍റെതായിരുന്നു. രണ്ടാമത്തെ ചിത്രത്തിൽ യുവതിയുടെ ചിത്രം ലൈക്ക് അടിച്ച പൈറ്റും അതിന് താഴെയായി സഹോദരാ എന്‍റെ ഫ്ലൈറ്റിന്‍റെ റീഫണ്ട് ഇതുവരെയായിരും കിട്ടിയില്ലെന്ന യുവതിയുടെ കുറിപ്പും കാണാം. ചിത്രങ്ങളിൽ നിന്നും ഇരുവരുടെയും സ്വകാര്യത മാനിച്ച് മുഖം മറച്ചിട്ടുണ്ട്. യുവതിയുടെ കുറിപ്പ് ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് രണ്ട് ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്. നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായെത്തി.
യുവതിയുടെ കുറിപ്പിന് നിരവധി പേരാണ് രസകരമായ കുറിപ്പുകളെഴുതിയത്. അദ്ദേഹം ആത്യന്തികമായി ഒരു കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആകാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ആദ്യ സംഭാഷണത്തിലെ 'ഭയ്യ' എന്ന വാക്ക് തന്നെ ഒരു ഡീൽ ബ്രേക്കറായിരുന്നു എന്ന് ഞാൻ കരുതുന്നു, കൂടാതെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത് അവർക്ക് തമാശയായിരിക്കില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അയാൾ എല്ലാ ദിവസവും അത് കേട്ട് മടുത്തിട്ടുണ്ടാകും. ഞാൻ അയാളെ കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ വാക്കുകൾ. ഒരു ഡേറ്റിംഗ് ആപ്പിൽ ആരെങ്കിലും സഹോദരാ എന്ന് വിളിക്കുമോയെന്ന് നിരവധി പേരാണ് യുവതിയോട് ചോദിച്ചത്. ഈ സംബോധനയാകാം അയാളെ അതിന് പ്രേരിപ്പിച്ചതെന്നും നിരവധി പേരെഴുതി.