സോഷ്യൽ മീഡിയ താരം 'നീൽ ദ സീൽ; കടലാനയ്ക്ക് പ്രത്യേക സംരക്ഷണം, 30 മീറ്റർ അകലം പാലിക്കണം

Published : Nov 15, 2026, 07:35 PM IST
Neil the Seal

Synopsis

നീലിന്റെ ജനപ്രീതി വർദ്ധിച്ചതോടെ സന്ദർശകർ ഇവന്റെ തൊട്ടടുത്ത് എത്തുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് നീലിന് കർശന സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് 1,10,000-ത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം അധികൃതർക്ക് ലഭിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ ജനവാസ മേഖലകളിലെത്തി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കയാണ് 'നീൽ ദ സീൽ'എന്ന കടലാന അഥവാ ആനത്തിമിം​ഗലം. നീലിന് പ്രത്യേക നിയമസംരക്ഷണം ഏർപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ ഭരണകൂടം. ഏകദേശം 1,000 കിലോഗ്രാം ഭാരമുള്ള നീലിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി പുതിയ പ്ലാൻ നടപ്പിലാക്കിയതായി ടാസ്മാനിയൻ സർക്കാർ അറിയിച്ചു.

പ്രധാന നിയന്ത്രണങ്ങൾ

1995-ലെ ത്രെറ്റൻഡ് സ്പീഷീസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പുറപ്പെടുവിച്ച ഇടക്കാല സംരക്ഷണ ഉത്തരവ് അനുസരിച്ചുള്ള പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്,

തീരദേശ മേഖലകളിൽ സതേൺ എലിഫന്റ് സീലുകളിൽ നിന്ന് ആളുകൾ കുറഞ്ഞത് 30 മീറ്റർ അകലം പാലിക്കണം.

ഇവയുടെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്.

വളർത്തുനായ്ക്കളെ കർശനമായി നിയന്ത്രിക്കണം.

ബോട്ടുകളും ഡ്രോണുകളും ഇവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളും പിഴയും ഉണ്ടാകുമെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിശ്രമിക്കാനായാണ് നീൽ കരയിലേക്ക് വരുന്നതെന്നും, അതിന് ബദ്ധിമുട്ടൊന്നും ഉണ്ടാകാതെ വിശ്രമിക്കാനുള്ള ഇടം നൽകുകയാണ് ഏറ്റവും പ്രധാനമെന്നും ടാസ്മാനിയൻ പരിസ്ഥിതി മന്ത്രി ഗൈ ബാർനെറ്റ് പറഞ്ഞു. നീലിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുമ്പോൾ ആളുകൾ നിർബന്ധമായും അകലം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നീൽ താരമായ കഥ

2020 ഒക്ടോബറിൽ ടാസ്മാനിയയിലെ ടാസ്മാൻ പെനിൻസുലയിലാണ് നീൽ ജനിച്ചത്. വിശ്രമിക്കാനും രോമം പൊഴിക്കാനുമായി നീൽ പതിവായി ഈ മേഖലയിലേക്ക് എത്താറുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ തെരുവുകളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമീപവും ട്രാഫിക് കോർണറുകൾക്കരികിലും നീൽ എത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

ജൂൺ, ജൂലൈ മാസങ്ങളിൽ നീലിന് ഏകദേശം 1,000 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പൂർണ്ണവളർച്ചയെത്തിയ ആൺ സതേൺ എലിഫന്റ് സീലുകൾക്ക് 3,000 കിലോഗ്രാമിലധികം ഭാരം വയ്ക്കാറുണ്ട്. നീലിന്റെ ജനപ്രീതി വർദ്ധിച്ചതോടെ സന്ദർശകർ ഇവന്റെ തൊട്ടടുത്ത് എത്തുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് നീലിന് കർശന സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് 1,10,000-ത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം അധികൃതർക്ക് ലഭിച്ചിരുന്നു. എല്ലാവർക്കും നീലിനെ ഇഷ്ടമാണെങ്കിലും അവനെ ബഹുമാനിക്കാനും അവന്റെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും നാം ബാധ്യസ്ഥരാണെന്ന് ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്ലിഫ് വ്യക്തമാക്കി.

പേരിന് ട്രേഡ്‌മാർക്ക്

നീലിന്റെ ജനപ്രീതി ബിസിനസ് ആവശ്യങ്ങൾക്കായി വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയാൻ 'നീൽ ദ സീൽ' (Neil the Seal) എന്ന പേരിന് ട്രേഡ്‌മാർക്ക് നേടാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നീലിന് മാത്രമല്ല, പ്രദേശത്തെ മറ്റെല്ലാ സതേൺ എലിഫന്റ് സീലുകൾക്കും ബാധകമാണെന്നും സന്ദർശകർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതമായ അകലത്തിൽ നിന്ന് ഇവയെ നിരീക്ഷിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

10 വർഷത്തെ ദാമ്പത്യം അവസാനിച്ചു, പന്നിയെ 'പെറ്റ്' ആക്കി യുവതി; 'ഒരു പന്നിക്ക് പകരം മറ്റൊന്നിനെ കിട്ടി' എന്ന് പരിഹാസം
എഐ കമ്പനിയിൽ ഗ്യാസ് വാങ്ങാൻ ആളെ വേണം; ശമ്പളം വർഷം 3.6 കോടി രൂപ വരെ! ജോലിയുടെ സ്വഭാവം കേട്ട് അമ്പരന്ന് ടെക് ലോകം