ഡെയ്‌സിയെ വളർത്തുന്നത് പൊതുവെ എളുപ്പമാണെങ്കിലും ചില വികൃതികൾ കാരണം വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ടെന്ന് ഗെയ്‌ല പറയുന്നു.

10 വർഷം നീണ്ട ദാമ്പത്യബന്ധം വേർപെടുത്തിയതിന്റെ സങ്കടം മാറ്റാൻ സാധാരണ ആരും സ്വീകരിക്കാത്തൊരു വഴി തിരഞ്ഞെടുത്ത് അമേരിക്കൻ യുവതി. നാഷ്‌വിൽ സ്വദേശിയായ ഗെയ്‌ല തോംസൺ (33) ആണ് വിവാഹമോചനത്തിന് പിന്നാലെ തന്റെ വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിക്കാൻ ഒരു പന്നിക്കുട്ടിയെ ദത്തെടുത്തത്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഈ കൗതുകകരമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ഒരു പന്നിയെ വളർത്താൻ എനിക്ക് കഴിയില്ലെന്നായിരുന്നു മുൻ ഭർത്താവ് എപ്പോഴും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ വിവാഹമോചനം നേടിയപ്പോൾ എന്റെ പുതിയ ജീവിതം തുടങ്ങാനുള്ള ഏറ്റവും നല്ല മാർഗം ആ സ്വപ്നം സഫലമാക്കുക എന്നതായിരുന്നു' ഗെയ്‌ല പറയുന്നു. 'ഒരു പന്നിക്ക് പകരം ഞാൻ മറ്റൊരു പന്നിയെ സ്വന്തമാക്കി' എന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച് ഗെയ്‌ല തമാശരൂപേണ പ്രതികരിച്ചത്.

2025 നവംബറിലാണ് എട്ടാഴ്ച മാത്രം പ്രായമുള്ള 'ഡെയ്‌സി' എന്ന പന്നിക്കുട്ടിയെ ഗെയ്‌ല വീട്ടിലേക്ക് കൊണ്ടുവരുന്നത്. അന്ന് വെറും ഒൻപത് പൗണ്ട് (ഏകദേശം 4 കിലോ) ഭാരമുണ്ടായിരുന്ന ഡെയ്‌സി ഇപ്പോൾ 50 പൗണ്ട് (ഏകദേശം 22 കിലോ) ഭാരമുള്ള, വീടിനുള്ളിൽ തന്നെ കഴിയുന്ന ഗെയ്‌ലയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്.

ഡെയ്‌സിയെ വളർത്തുന്നത് പൊതുവെ എളുപ്പമാണെങ്കിലും ചില വികൃതികൾ കാരണം വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ടെന്ന് ഗെയ്‌ല പറയുന്നു. മൂന്ന് മാസം പ്രായമായപ്പോൾ അടുക്കളയിലെ കാബിനറ്റുകൾ തുറന്ന് സാധനങ്ങൾ വലിച്ചുപുറത്തിടാൻ ഡെയ്‌സി പഠിച്ചു. മണ്ണ് മാന്തുന്ന സ്വഭാവമുള്ളതിനാൽ വീടിനുള്ളിലെ കാർപെറ്റുകൾ സംരക്ഷിക്കാനും സാധനങ്ങൾ സുരക്ഷിതമാക്കാനും 'ബേബി പ്രൂഫിം​ഗ്' വീട്ടിൽ ഏർപ്പെടുത്തേണ്ടി വന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രദേശത്തെ ഒരു താരമായി ഡെയ്‌സി മാറിക്കഴിഞ്ഞു. 'കടകളിൽ ഒരു പന്നിയുമായി വരുന്നത് അത്ര സാധാരണമായ കാഴ്ചയല്ലല്ലോ. പെറ്റ് സ്റ്റോറിലെ ജീവനക്കാർക്കെല്ലാം അവളെ വലിയ കാര്യമാണ്. അവിടുത്തെ എല്ലാ ഇടനാഴികളും വൃത്തിയാക്കുന്ന സംഘത്തിലെ അംഗമാണ് അവൾ' ഗെയ്‌ല ചിരിയോടെ പറയുന്നു. പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'സോണിക്കിലും' ഡെയ്‌സി സ്ഥിരം സന്ദർശകയാണ്.

'ഷാർലറ്റ്‌സ് വെബ്' എന്ന സിനിമയിലെ കൊച്ചുപെൺകുട്ടിയെപ്പോലെയാണ് താനെന്ന് ഗെയ്‌ല സ്വയം വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഗെയ്‌ലയ്ക്ക് ഇതൊരു പുതിയ കാര്യമല്ല. 'ഞാൻ എപ്പോഴും കുഞ്ഞിക്കിളികളെ രക്ഷപ്പെടുത്തി സംരക്ഷിക്കാറുണ്ടായിരുന്നു. അതുകൊണ്ട് വീടിനുള്ളിൽ ഒരു പന്നിയെ വളർത്തുന്നത് എന്നിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം മാത്രമാണ്. ഇത് എന്റെ സ്വപ്നമായിരുന്നു, ഒടുവിൽ ഞാൻ ആ സ്വപ്നത്തിൽ ജീവിക്കുകയാണ്' ഗെയ്‌ല കൂട്ടിച്ചേർത്തു.