Dileep Case : ആ ഫോണുകളില്‍ എന്താണുള്ളത്; ദിലീപിന്റെ കേസ് മേല്‍ക്കോടതിയില്‍ എത്തിയാല്‍ എന്തുസംഭവിക്കും?

By Web TeamFirst Published Jan 29, 2022, 1:52 PM IST
Highlights

മൊബൈല്‍ ഫോണുകളിലെ സ്വകാര്യവിവരങ്ങളുമായി ബന്ധപ്പെട്ട ഈ നിയമപ്രശ്‌നം മേല്‍ക്കോടതികളിലേക്കും സ്വകാര്യതയെക്കുറിച്ചുള്ള നിയമചര്‍ച്ചകളിലേക്കും നീങ്ങുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. 

മൊബൈല്‍ ഫോണിലെ സ്വകാര്യവിവരങ്ങള്‍ കേസുമായി ബന്ധപ്പെട്ട് കോടതിയോ നിയമപാലകരോ പരിശോധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണോ? 2017-ല്‍ തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രശസ്തയായ മലയാളി നടിയെ ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയശേഷം ലൈംഗികമായി പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഈ നിയമപ്രശ്‌നത്തിലേക്കാണ്. അതിന്റെ തുടര്‍ച്ചയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വഴിയോ അംഗീകൃത ഫോറന്‍സിക് ലാബുകള്‍ വഴിയോ പരിശോധന നടത്താമെന്നും ഇന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. സ്വകാര്യ വിവരങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നത് തങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന പ്രതിഭാഗം വാദം തള്ളിക്കളഞ്ഞാണ് ഉടന്‍തന്നെ ഫോണുകള്‍ കോടതി രജിസ്ട്രാറിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.  മൊബൈല്‍ ഫോണുകളിലെ സ്വകാര്യവിവരങ്ങളുമായി ബന്ധപ്പെട്ട ഈ നിയമപ്രശ്‌നം മേല്‍ക്കോടതികളിലേക്കും സ്വകാര്യതയെക്കുറിച്ചുള്ള നിയമചര്‍ച്ചകളിലേക്കും നീങ്ങുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. 

2017 ഫെബ്രുവരി 17 മുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കേസില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പലവിധ വഴിത്തിരിവുകളുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസിലേക്കാണ് ഇപ്പോള്‍ ഇതുവന്നുനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ദിലീപും കൂട്ടുപ്രതികളും ഉപയോഗിച്ചിരുന്ന ഫോണുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. 

പ്രതി ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണുകള്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ ഒരു റെഡ്മി ഫോണ്‍ എന്നിവ ഉള്‍പ്പടെ ഏഴ് മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ ദിലീപിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഉപഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആക്ഷേപം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ ദിലീപ് തയാറാകുന്നില്ലെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ്, സ്വകാര്യത പോലുള്ള നിയമപ്രശ്‌നങ്ങളിലേക്കും ഫോണ്‍ കൈമാറാനാവില്ലെന്ന പ്രതിഭാഗം നിലപാടിലേക്കും വഴിമാറിയത്. 


പുതിയ വെളിപ്പെടുത്തലുകള്‍

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകളിലേക്ക് വഴിതെൡച്ചത്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപും സഹോദരനും കൂട്ടാളികളും കാണുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ദിലീപ് ഭീഷണിമുഴക്കിയതിന്റെ തെളിവുകളുണ്ടെന്നുമാണ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറുകയും  മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപും കൂട്ടുപ്രതികളും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. ഈ വാദങ്ങള്‍ക്കിടയിലാണ് ഉപഹര്‍ജിയായി മൊബൈല്‍ ഫോണുകളുടെ വിഷയം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. 

ഗൂഢാലോചന കേസിലെ അന്വേഷണത്തിന് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ വസതിയില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകള്‍ പുതിയ 2022 ജനുവരിയില്‍ മാത്രമാണ് ദിലീപും സഹോദരനും ഉപയോഗിച്ച് തുടങ്ങിയത്. അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായക തെളിവുകളാണ്. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണ്. മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാത്തത് തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ്. അതേപോലെ സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ പ്രതിക്ക് സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്ക് മാത്രമാണെന്നും അല്ലാത്ത പരിശോധനാ ഫലങ്ങള്‍ക്ക് സാധുതയില്ലെന്നും പ്രോസിക്യൂട്ടര്‍ ഡയരക്ടര്‍ ജനറല്‍ പറഞ്ഞു. 

സ്വകാര്യത എന്ന നിയമപ്രശ്‌നം

ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നാണ് തുടക്കത്തിലേ ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞത്. മുന്‍ഭാര്യയും പ്രശസ്ത നടിയുമായ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. എന്നാല്‍ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിക്കൂടേ എന്നാണ് ഹൈക്കോടതി പകരം ചോദിച്ചത്. ഹൈക്കോടതി രജിസ്ട്രിയില്‍ ഫോണുകള്‍ സുരക്ഷിതമായിരിക്കുമെന്നും കോടതി വ്യക്തമാക്ികയിരുന്നു. എന്നാല്‍, കോടതിക്കു പോലും മൊബൈല്‍ ഫോണ്‍ കൈമാറില്ല എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ദിലീപ് സ്വീകരിച്ചത്. 

തുടര്‍ന്നാണ് ഫോണുകള്‍ ബോംബെയിലെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയതായി ദിലീപ് പറഞ്ഞത്. സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. സ്വകാര്യതയുടെ ലംഘനമാണ് ഫോണുകളുടെ പരിശോധന എന്ന കാര്യമാണ് പ്രതിഭാഗം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. തെളിവുകള്‍ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നും ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ ഫോണിലുണ്ടെന്നും ദിലീപ് അറിയിച്ചു. ഫോണുകള്‍ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.


ഇടക്കാല ഉത്തരവില്‍ പറയുന്നത് 

എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അംഗീകൃത ഏജന്‍സിക്ക്  ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിവിധ കോടതികള്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതിനാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന ആറ് ഫോണുകള്‍ മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഫോണുകള്‍ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്നുമുളള ദിലീപിന്റെ  വാദങ്ങള്‍ കോടതി തള്ളി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. 


ആ ഫോണുകളില്‍ എന്താണുണ്ടാവുക? 

ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. നടി പീഡിപ്പിക്കപ്പെട്ടതിനു ശേഷമുണ്ടായ പല സംഭവങ്ങളുടെയും ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ ഉണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.  ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളും ഇതിലുണ്ടാവുമെന്ന് അന്വേഷക സംഘം കരുതുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ദിലീപും കൂട്ടുപ്രതികളും ഒന്നിച്ച് ഫോണുകള്‍ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അവര്‍ കരുതുന്നുണ്ട്. ഫോണുകള്‍ ഹാജരാക്കാതിരിക്കാന്‍ പ്രതിഭാഗം നടത്തിയ നിയമപോരാട്ടം ഇതിനുള്ള തെളിവാണെന്നും അവര്‍ സൂചിപ്പിക്കുന്നുണ്ട്.

ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നാണ് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്. നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണെന്ന് കോടതി വിധിക്കുശേഷം അദ്ദേള്‍ം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ഉപയോഗിച്ച ഫോണില്‍ നിരവധി തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

നിലവിലുള്ള ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പലവിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പുറത്തുവരാനും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കാര്യം ഏതായാലും, നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ആറ് മൊബൈല്‍ ഫോണുകളില്‍ ആണ് എത്തിനില്‍ക്കുന്നത്. ഈ മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയശേഷം അതില്‍ ഫോറന്‍സിക് അന്വേഷണം നടത്തിയാല്‍ എന്തൊക്കെ തെളിവുകള്‍ കിട്ടും എന്ന കാര്യമാണ് അറിയാനുള്ളത്. മുംബൈയിലെ ഫോറന്‍സിക് ലാബ് ഈ ഫോണുകള്‍ ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന കാര്യവും അറിയാനുണ്ട്. ഇതോടൊപ്പം പ്രധാനമാണ്, സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം. ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനമാവുന്ന ഏത് കേസു വന്നാലും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന വിധം ഈ നിയമപ്രശ്‌നം വളര്‍ന്നാല്‍, മൗലികാവകാശങ്ങള്‍ അടക്കം പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടി വരും. ആ നിലയ്ക്ക് ഈ കേസ് വളരുമോ എന്നാണ് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. 

click me!