Mompha Junior : സ്വകാര്യജെറ്റ്, ആഡംബര കൊട്ടാരങ്ങള്‍, സൂപ്പര്‍കാറുകള്‍, താന്‍ ശതകോടീശ്വരനെന്ന് ഒമ്പതുവയസുകാരന്‍

By Web TeamFirst Published Jan 29, 2022, 7:00 AM IST
Highlights

മറ്റൊന്നിൽ, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് ചുവന്ന ലംബോർഗിനി അവന്‍റഡോറിന് മുന്നിൽ അവൻ പോസ് ചെയ്യുന്നു. "എനിക്ക് ജന്മദിനാശംസകൾ" എന്നാണ് ആ പോസ്റ്റിന് അവൻ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

മുഹമ്മദ് അവ്വൽ മുസ്തഫ(Muhammed Awal Mustapha) എന്ന മോംഫ ജൂനിയറിന്(Mompha Junior) ഒമ്പത് വയസ് മാത്രമാണ് പ്രായം. എന്നിട്ടും ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ താനാണെന്ന് അവൻ അവകാശപ്പെടുന്നു. അത് വെറുമൊരു അവകാശവാദമല്ല. അവന്റെ പക്കൽ സൂപ്പർകാറുകളുടെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ സ്വന്തമായി നിരവധി ആഡംബര കൊട്ടാരങ്ങളും, സ്വകാര്യ ജെറ്റുകളും അവനുണ്ട്. 10 വയസ്സ് പോലും തികയാത്ത അവന് ഇൻസ്റ്റഗ്രാമിൽ 25,000 ഫോളോവേഴ്‌സുണ്ട്. തന്റെ ആഡംബര ജീവിതശൈലി ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന് മുന്നിൽ അവൻ തുറന്ന് കാട്ടുന്നു. തന്റെ സ്വകാര്യ ജെറ്റിന്റെ നിരവധി ഫോട്ടോകളും അവൻ പതിവായി പങ്കുവെക്കുന്നു. ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ് അവൻ. ഒരു കോടീശ്വരനായ നൈജീരിയൻ സെലിബ്രിറ്റിയായ അദ്ദേഹത്തെ മോംഫ സീനിയർ എന്നും, മകനെ മോംഫ ജൂനിയർ എന്നുമാണ് അറിയപ്പെടുന്നത്.

നൈജീരിയയിലെ ലാഗോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മോംഫ ബ്യൂറോ ഡി ചേഞ്ചിന്റെ സിഇഒയാണ് മോംഫ സീനിയർ. ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവേഴ്‌സുള്ള അദ്ദേഹവും തന്റെ ആഡംബരപൂർണമായ ജീവിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. അദ്ദേഹം മകന് വെറും ആറ് വയസുള്ളപ്പോഴാണ് കൊട്ടാരസദൃശമായ ഒരു വീട് സമ്മാനിച്ചത്. ലോകത്തെ ഏറ്റവും ചെറുപ്പക്കാരനായ ഭൂവുടമ എന്നാണ് മകനെ അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അച്ഛന്റെ പാത പിന്തുടർന്നു മകനും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവൻ ധരിക്കുന്ന വിലയേറിയ വസ്ത്രങ്ങളുടെയും, ആഡംബര വാഹനങ്ങളുടെയും, സ്വകാര്യജെറ്റിൽ ലോകം ചുറ്റുന്നതിന്റെയും ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. പലപ്പോഴും സൂപ്പർ കാറുകൾക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ജൂനിയർ മോംഫ, യുഎഇയിലെ ലാഗോസിലും ദുബായിലും ഉള്ള തന്റെ വീടുകളിലെ ജീവിതം പ്രദർശിപ്പിക്കുന്നു. അതിലൊരു പോസ്‌റ്റിൽ ബെന്റ്‌ലി ഫ്ലൈയിംഗ് സ്‌പറിന്റെ ബോണറ്റിൽ അവൻ ഇരിക്കുന്നതായി കാണാം. അച്ഛൻ ആദ്യമായി തനിക്ക് വാങ്ങിത്തന്ന കാറാണ് അതെന്ന് അതിൽ അവൻ പറയുന്നു.  

മറ്റൊന്നിൽ, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് ചുവന്ന ലംബോർഗിനി അവന്‍റഡോറിന് മുന്നിൽ അവൻ പോസ് ചെയ്യുന്നു. "എനിക്ക് ജന്മദിനാശംസകൾ" എന്നാണ് ആ പോസ്റ്റിന് അവൻ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ജീവിതം എല്ലായ്‌പ്പോഴും ഒരു പൂമെത്തയല്ല എന്നോർമിപ്പിക്കുന്നതാണ് ഇന്നവരുടെ ജീവിതം. മോംഫ സീനിയർ 10 മില്യൺ പൗണ്ടിലധികം വെളുപ്പിച്ചതിന് ക്രിമിനൽ കുറ്റം നേരിടുകയാണ് ഇപ്പോൾ. ഈ മാസം ആദ്യമാണ്, നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചതിന് മോംഫയെ അറസ്റ്റ് ചെയ്തത്. നൈജീരിയയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ ക്രൈംസ് കമ്മീഷൻ ഇയാള്‍ക്കെതിരെ ചുമത്തിയ 22 ആരോപണങ്ങളിൽ മോംഫയും, കമ്പനിയായ ഇസ്മലോബ് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും ഇപ്പോൾ വിചാരണ നേരിടുന്നു. വിചാരണ കാത്തിരിക്കുന്നതിനിടെ റിമാൻഡിൽ പോലും കഴിയേണ്ടി വന്നെങ്കിലും, ഒടുവിൽ 350,000 പൗണ്ട് ജാമ്യത്തിൽ പുറത്തിറങ്ങി. ലാഗോസിലെ കമ്പനിയിൽ നിന്നാണ് അദ്ദേഹം ഉയരാൻ തുടങ്ങിയതെങ്കിലും, പിന്നീട് സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി നിരവധി പുതിയ നിക്ഷേപങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി.  

click me!