മൂന്നാം വയസ് മുതല്‍ കാര്‍ണിവലുകളുടെ ഭാഗം; ഏറ്റവും അധികകാലം ജീവിച്ചിരുന്ന സായാമീസ് ഇരട്ടകള്‍ ഓര്‍മ്മയാവുമ്പോള്‍

By Web TeamFirst Published Jul 7, 2020, 1:45 PM IST
Highlights

അന്ന് കാര്‍ണിവലുകളിലെ മുഖ്യ ആകര്‍ഷണമായിരുന്നു റോണിയും ഡോണിയും. ആളുകള്‍ അവരെങ്ങനെ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നുവെന്ന് കൗതുകത്തോടെ നിരീക്ഷിച്ചു. 

ലോകത്തിലെ ഏറ്റവും അധികകാലം ജീവിച്ചിരുന്ന സായാമീസ് ഇരട്ടകളാണ് കഴിഞ്ഞ ദിവസം അന്തരിച്ച റോണി, ഡോണി ഗെയ്‍ലോണ്‍. ജൂലൈ നാലിനാണ് ഓഹിയോയിലെ സ്വന്തം വസതിയില്‍ അറുപത്തിയെട്ടാമത്തെ വയസ്സില്‍ ഇരുവരും അന്തരിക്കുന്നത്. 1951 ഒക്ടോബര്‍ 28 -നാണ് എയ്‍ലീന്‍, വെസ്‍ലി ഗെയ്‍ലോണ്‍ ദമ്പതികള്‍ക്ക് ഈ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറക്കുന്നത്. ആ മാതാപിതാക്കള്‍ ഇരട്ടക്കുട്ടികളെപ്പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, പിറന്നതാകട്ടെ സായാമീസ് ഇരട്ടകളും. ആരോഗ്യമുള്ള കുഞ്ഞുങ്ങളായിട്ടായിരുന്നു ഇരുവരുടെയും ജനനം. രണ്ട് വര്‍ഷത്തോളം ഇരുവരെയും സുരക്ഷിതമായി വേര്‍പിരിക്കാന്‍ കഴിയുമോ എന്നന്വേഷിച്ച് അച്ഛനുമമ്മയും ആശുപത്രികള്‍ കയറിയിറങ്ങി. എന്നാല്‍, ശസ്ത്രക്രിയക്ക് ശേഷം ഇരുവരും ജീവനോടെയുണ്ടാകുമോ എന്ന് ഉറപ്പുതരാന്‍ കഴിയില്ലെന്നാണ് ആശുപത്രികളെല്ലാം പറഞ്ഞത്. അതിനാല്‍ത്തന്നെ തങ്ങളുടെ മക്കളെ ശസ്ത്രക്രിയയിലൂടെ വേര്‍പിരിക്കേണ്ടതില്ലായെന്ന തീരുമാനത്തില്‍ ആ അച്ഛനും അമ്മയും എത്തി. 

ഈ അറുപത്തിയെട്ട് വര്‍ഷവും ആ സഹോദരന്മാര്‍ മുഖത്തോടുമുഖം നോക്കി ജീവിച്ചു. അവര്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ ഇരുവരെയും കാര്‍ണിവലുകളിലും ഷോകളിലും പങ്കെടുപ്പിക്കുന്നത്. ഒമ്പത് കുട്ടികളടങ്ങിയ തങ്ങളുടെ കുടുംബത്തിന് കഴിയാനുള്ള എന്തെങ്കിലും വരുമാനം കിട്ടുമല്ലോ എന്ന ചിന്തയില്‍ നിന്നായിരുന്നു അത്. വാര്‍ഡ് ഹാള്‍ ആണ് അവര്‍ക്ക് പരിശീലനം നല്‍കുന്നത്. കാനഡയിലും യു എസ്സിലും ഉടനീളം അവര്‍ സഞ്ചരിച്ചു. 'എലൈവ് ഇന്‍ പേഴ്‍സണ്‍- ഗെയ്‍ലോണ്‍ സയാമീസ് ഇരട്ടകള്‍' എന്ന് പേരിട്ട സൈഡ്ഷോയിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. 

വാര്‍ഡ് ഹാളിന്‍റെ ആത്മകഥയില്‍ ഈ കുട്ടികളെ കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയായിരുന്നു, ജനനത്തോടെ തന്നെ അമ്മ ആ ഇരട്ടക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച മട്ടായിരുന്നു. അവരുടെ അച്ഛനും പിന്നീട് രണ്ടാനമ്മ മേരിയുമായിരുന്നു അവരെ ഇരുവരെയും നോക്കിയിരുന്നത്. രണ്ട് വര്‍ഷം പലപല ആശുപത്രികള്‍ കയറിയിറങ്ങിയതും മരുന്നുകളുമെല്ലാം കൂടി കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായത് വെസ്‍ലിയെ വലച്ചു. അങ്ങനെയാണ് അയാള്‍ മക്കളെ കാര്‍ണിവലില്‍ പങ്കെടുപ്പിക്കുന്നത്. 1991 -ല്‍ വിരമിക്കുന്നത് വരെയും ഇരുവരും അതിന്‍റെ ഭാഗം തന്നെയായിരുന്നു. 

റോണിക്കും ഡോണിക്കും 11 വയസുള്ളപ്പോള്‍ ജനിച്ച ഇളയ സഹോദരന്‍ ജിം പറയുന്നത് അവരുടെ വീട്ടിലെ ഒരേയൊരു വരുമാന മാര്‍ഗം ഈ ഇരട്ടകളായിരുന്നുവെന്നാണ്. 29 മാസമായപ്പോഴേക്കും ഇരട്ടകള്‍ നടക്കാന്‍ പഠിച്ചു. അവരുടെ മാതാപിതാക്കള്‍ ഒരു തെറാപിസ്റ്റിനെ നിയമിച്ചിരുന്നു. അതിലൂടെ അവര്‍ എങ്ങനെ ഷൂ കെട്ടാം, ടോയ്‍ലെറ്റ് ഉപയോഗിക്കാം, ഇരുവരും ഒരുമിച്ചെങ്ങനെ ദൈനംദിന കാര്യങ്ങളെല്ലാം നിര്‍വഹിക്കാം എന്നിവ പഠിച്ചെടുത്തു. ഇരുവരും വലതുകൈ ഉപയോഗിക്കുന്നവരാണ് എന്നതും അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഡോണിയെയും റോണിയെയും സ്‍കൂളില്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‍കൂള്‍ അധികൃതര്‍ തന്നെ അത് ശരിയാവില്ല എന്ന് അറിയിക്കുകയായിരുന്നു. ആ കാലം അങ്ങനെയായിരുന്നുവെന്ന് ജിം പറയുന്നു. 

അന്ന് കാര്‍ണിവലുകളിലെ മുഖ്യ ആകര്‍ഷണമായിരുന്നു റോണിയും ഡോണിയും. ആളുകള്‍ അവരെങ്ങനെ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നുവെന്ന് കൗതുകത്തോടെ നിരീക്ഷിച്ചു. അന്നത്തെ അവരുടെ സുഹൃത്തുക്കളായിരുന്നു സര്‍ക്കസിലെ പ്രധാനിയായിരുന്ന ജോഹന്‍, ചെറിയ മനുഷ്യനായ ലിറ്റില്‍ പീറ്റെ, മാര്‍ഗരറ്റ് പെല്ലഗ്രിനി എന്നിവര്‍. 'നമ്മളൊരുമിച്ച് നടന്നുപോകുമ്പോള്‍ അതൊരു വലിയ കുടുംബം പോലെ തോന്നുമായിരുന്നു'വെന്ന് റോണി 2014 -ല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 1970 -കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ കാര്‍ണിവലിനോടും മറ്റും വിമുഖതയുണ്ടായിരുന്ന ആളുകളായിരുന്നു കൂടുതല്‍. അതെന്തോ അനാചാരം പോലെയായിരുന്നു മിക്കവരും കണക്കാക്കിയിരുന്നത്. എന്നാല്‍, സെന്‍ട്രല്‍, സൗത്ത് അമേരിക്കയില്‍ റോണിയുടെയും ഡോണിയുടെയും പ്രകടനം വലിയ തോതിലാണ് ആളുകളെ ആകര്‍ഷിച്ചത്. അവര്‍ അന്നത്തെ 'റോക്ക് സ്റ്റാര്‍' തന്നെയായിരുന്നുവെന്ന് സഹോദരന്‍ ജിം ഓര്‍ക്കുന്നു. 

എന്നാല്‍, സായാമീസ് ഇരട്ടകളെന്ന നിലയില്‍ അവരുടെ ജീവിതം അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒരാള്‍ക്ക് ദേഷ്യം വന്നാല്‍ തന്നെയും വലിയ ബുദ്ധിമുട്ടുകളിലൂടെയായിരുന്നു അവരുടെ കടന്നുപോക്ക്. അതിന്‍റെ ഭാഗമായി ചില അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ അവരിരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരൊരുപോലെ ഫിഷിംഗും കാമ്പിങ്ങുമെല്ലാം ഇഷ്‍ടപ്പെട്ടു. ഇരുവരും വിവാഹിതരായിരുന്നില്ല. ഡോണി മിക്കവാറും ഭക്ഷണം പാകം ചെയ്‍തു, അലക്കുകയും പാത്രം കഴുകുകയും ചെയ്‍തു. റോണി വീടും ബാത്ത്റൂമുമെല്ലാം വൃത്തിയാക്കി. അവര്‍ക്കിരുവര്‍ക്കും പ്രത്യേകം പ്രത്യേകം വോട്ടുണ്ടായിരുന്നു, രണ്ട് സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകളും എന്നാല്‍ ഒറ്റ പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നത്. 

പിന്നീട് അവരിരുവര്‍ക്കും അസുഖങ്ങള്‍ വന്നുതുടങ്ങി. 2010 -ല്‍ ആശുപത്രിയില്‍ നിന്നും വിട്ടപ്പോള്‍ അവരിരുവര്‍ക്കുമായി ഒരു പ്രത്യേകം വീടും ഇരുവര്‍ക്കും ഇരിക്കാവുന്ന വീല്‍ചെയറും തയ്യാറാക്കിച്ചു. സഹോദരന്‍ ജിം അവരെ പരിചരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. 'ഒരിക്കല്‍ തങ്ങളെ നോക്കിയതിന് പകരം നല്‍കലല്ല ഇതെന്നും തനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്' എന്നും ജിം ഇതിനെക്കുറിച്ച് പ്രതികരിച്ചു. ഒപ്പം ഒന്നുകൂടി ജിം പറഞ്ഞു, 'ഇന്നീ കാണുന്ന തങ്ങളുടെ ജീവിതം പരുവപ്പെടുത്തിയത് സയാമീസ് ഇരട്ടകളായ തങ്ങളുടെ സഹോദരന്മാരാണെ'ന്ന്. 

2014 -ല്‍ ഡോണിയും റോണിയും ദീര്‍ഘകാലം ജീവിച്ചിരുന്ന സയാമീസ് ഇരട്ടകളെന്ന നിലയില്‍ ഒരു ആഘോഷം തന്നെ സംഘടിപ്പിച്ചിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡനുസരിച്ച് ഏറ്റവും കൂടുതല്‍കാലം ജീവിച്ചിരിക്കുന്ന സയാമീസ് ഇരട്ടകളും അവരായി മാറി. 'ഞങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിക്കുകയും സ്വപ്‍നം കാണുകയും ചെയ്യുന്നതാണിത്' എന്നാണ് ആ നേട്ടത്തെ കുറിച്ച് അന്നിരുവരും പ്രതികരിച്ചത്. ഒരിക്കലും വേദന തോന്നിയിട്ടില്ലെന്നും ആസ്വദിച്ചുതന്നെയാണ് ജീവിച്ചതെന്നും കൂടി അവര്‍ പറഞ്ഞു. ഏതായാലും, ഇരുവരുടെയും മരണത്തോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന സയാമീസ് ഇരട്ടകളാണ് ഓര്‍മ്മയാവുന്നത്. 

click me!