'ഇക്കോ വില്ലേജാ'യി പുനര്‍ജന്മം, ഒരു ഗ്രാമത്തെയാകെ മാറ്റിത്തീര്‍ത്തത് ഈ ഫോറസ്റ്റ് ഓഫീസര്‍...

By Web TeamFirst Published Jul 7, 2020, 11:32 AM IST
Highlights

അതുപോലെ ഗ്രാമത്തില്‍ ജൈവകൃഷിയും ആരംഭിച്ചു. നേരത്തെ കൃഷി എന്നത് ഗ്രാമവാസികളുടെ പരിഗണനയേ ആയിരുന്നില്ല. വല്ലപ്പോഴും ചില കുടുംബങ്ങള്‍ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുമെന്നല്ലാതെ ആരും കൃഷി അത്ര ഗൗരവമായി കണ്ടിരുന്നില്ല. 

മഹാനദി തീരത്താണ് ആ ഗ്രാമം. ഒഡീഷയിലെ ആദ്യത്തെ ഇക്കോ വില്ലേജ്. നൂറുശതമാനവും പരിസ്ഥിതിസൗഹാര്‍ദ്ദപരമായി ജീവിക്കുന്ന മനുഷ്യരുള്ളയിടം. ഒഡീഷയിലാണ് മുദുലിഗഡിയ ഗ്രാമം. ഒരുപാട് എക്കോ വില്ലേജുകള്‍ ഒരുപക്ഷേ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍, ഈ ഗ്രാമത്തിനൊരു പ്രത്യേകതയുണ്ട്. അവിടെയുള്ള കമ്മ്യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത്. അവര്‍ ജീവിക്കാന്‍ വഴി കണ്ടെത്തുന്നതും ഇവിടെ നിന്നുതന്നെ. എങ്ങനെയെന്നല്ലേ? മഹാനദി വൈല്‍ഡ്‍ലൈഫ് ഡിവിഷന്‍ മുന്‍ ഫോറസ്റ്റ് ഓഫീസര്‍ അന്‍ഷു പ്രഗ്യാന്‍ ദാസാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത്. എങ്ങനെയാണ് ഗ്രാമത്തെ വികസനത്തിന്‍റെ പാതയിലെത്തിക്കുക എന്ന ചോദ്യവുമായെത്തിയ ഗ്രാമവാസികളോട് അന്‍ഷുവാണ് ഇക്കോ വില്ലേജ് എന്ന ആശയം അവതരിപ്പിക്കുന്നത്. രണ്ട് പുസ്‍തകങ്ങളെഴുതിയിട്ടുള്ള അന്‍ഷു ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും കൂടിയാണ്. 

2016 മുതലാണ് സത്കോസിയ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന് ഒരു കമ്മ്യൂണിറ്റ് മാനേജ്‍ഡ് നാച്ച്വര്‍ ടൂറിസം പ്രോഗ്രാം തുടങ്ങുന്നത്. ഈ പദ്ധതിയുടെ ഭാഗമായി വനത്തില്‍ ഏകദേശം നാല്‍പ്പത്തിയഞ്ചോളം ഇക്കോടൂറിസം ഡെസ്റ്റിനേഷനുകള്‍ സ്ഥാപിച്ചു. അവയെല്ലാം നോക്കിനടത്തുന്നത് ഗ്രാമവാസികള്‍ തന്നെയാണ്. ഈ എക്കോടൂറിസം ഡെസ്റ്റിഷേനുകളും പ്രവര്‍ത്തനവും ഗ്രാമത്തിലുള്ളവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നു. പയ്യെപ്പയ്യെ അത് ഗ്രാമത്തിലുള്ളവര്‍ ജീവിക്കാന്‍ വേണ്ടി വനവിഭവങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവന്നു. ഒഡീഷാ മോഡല്‍ എക്കോ ടൂറിസം ഒരുപക്ഷേ ഇന്ത്യയിലെ ഏക കമ്മ്യൂണിറ്റി അധിഷ്ടിത ടൂറിസം മോഡലായിരിക്കും. ഇവിടെ 80 ശതമാനം വരുമാനവും ലഭിക്കുന്നത് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് തന്നെയാണ്. 20 ശതമാനം ടൂറിസ്റ്റ് സ്പോട്ടുകളുടെ നവീകരണത്തിനും മറ്റും ഉപയോഗിക്കുന്നു. 80 ശതമാനത്തില്‍ 10 ശതമാനം ഗ്രാമത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കും. 

സത്കോസിയ കടുവ സംരക്ഷണകേന്ദ്രത്തിനടുത്ത് താമസിക്കുന്ന മുദുലിഗഡിയ ഗ്രാമവാസികള്‍ പ്രധാനമായും വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു. അവര്‍ കാട്ടില്‍ നിന്ന് മരങ്ങള്‍ മുറിക്കുകയും തേനെടുക്കുകയും ചെയ്യുമായിരുന്നു. മരങ്ങള്‍ വെട്ടിയെടുത്ത് വിറകാക്കി ഉപയോഗിക്കുന്ന ഇവര്‍ മഹാനദിയിലെ വെള്ളമായിരുന്നു പാചകത്തിനായി ഉപയോഗിച്ചിരുന്നത്. അലക്കാനും കുളിക്കാനും പുഴ ഉപയോഗിച്ചിരുന്നതുപോലെ കുടിക്കാനുള്ള വെള്ളത്തിനും അവര്‍ മഹാനദിയെത്തന്നെ ആശ്രയിച്ചു. ശുചിത്വക്കുറവ് കാരണം ഗ്രാമത്തില്‍ അസുഖം ഒഴിയാതെ നിന്നു. 

എന്നാല്‍, ഇക്കോ വില്ലേജ് അവരുടെ ജീവിതം തന്നെ വേറൊരു തരത്തിലാക്കി. മാത്രവുമല്ല, വനവിഭവങ്ങളെ ആശ്രയിക്കുന്നതിനു പകരമായി മറ്റ് മാര്‍ഗങ്ങളും അവര്‍ അന്വേഷിച്ചു തുടങ്ങി. വിറകടുപ്പിന് പകരം എല്‍പിജി ഗ്യാസ് ലഭ്യമാക്കി. ഓരോ വീട്ടിലും ടോയ്‍ലെറ്റുകള്‍ നിര്‍മ്മിച്ചു. എല്ലാ വീട്ടിലും ജലമെത്തിക്കാനുള്ള സംവിധാനവും നടപ്പിലാക്കി. നേരത്തെ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരുന്നത് തുറന്ന സ്ഥലങ്ങളിലോ മഹാനദിയിലോ ആയിരുന്നു. എന്നാല്‍, ഗ്രാമവാസികള്‍ തന്നെ മാലിന്യം വലിച്ചെറിയില്ല എന്ന ഉറച്ച തീരുമാനം കൈക്കൊണ്ടു. റോഡരികിലെല്ലാം ചവറ്റുകുട്ടകള്‍ സ്ഥാപിച്ചു. വീട്ടിലെ മാലിന്യങ്ങള്‍ ചവറ്റുകുട്ടയിലിടുകയും അവിടെനിന്നും റീസൈക്കിള്‍ ചെയ്യുകയും ചെയ്‍തു. ഗ്രാമത്തെ നൂറ് ശതമാനം പ്ലാസ്റ്റിക് ഫ്രീ ആക്കുമെന്ന് ഗ്രാമവാസികള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്‍തു. 

അതുപോലെ ഗ്രാമത്തില്‍ ജൈവകൃഷിയും ആരംഭിച്ചു. നേരത്തെ കൃഷി എന്നത് ഗ്രാമവാസികളുടെ പരിഗണനയേ ആയിരുന്നില്ല. വല്ലപ്പോഴും ചില കുടുംബങ്ങള്‍ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുമെന്നല്ലാതെ ആരും കൃഷി അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍, കൃഷിയെ അവര്‍ ഗൗരവമോടെ കണ്ടു. ചാണകവും മറ്റും വളമായി നല്‍കി. 

നിങ്ങള്‍ മുദുലിഗഡിയയിലേക്ക് ഒരു ടൂറിസ്റ്റായി പോവുകയാണെങ്കില്‍ ആ ഗ്രാമം നിങ്ങളെ വല്ലാതെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മതിലുകളിലെ പെയിന്‍റിംഗുകളായിരിക്കും നിങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്യുന്നത്. മണ്‍കുടിലുകളുടെ ചുമരില്‍ അവരുടെ പാരമ്പര്യം വിളിച്ചോതുന്ന ചിത്രങ്ങളാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്. ഒപ്പം വീടിനുചുറ്റും മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. 

എക്കോ ടൂറിസം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വലിയ തോതിലാണ് വിനോദസഞ്ചാരികള്‍ ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിന്‍റെ സുസ്ഥിരത അവരെ അത്ഭുതപ്പെടുത്തിയെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ ടൂറിസം പദ്ധതി വര്‍ഷത്തില്‍ ഒരു കോടിയോളം രൂപ നേടിയതായും അവര്‍ പറയുന്നുണ്ട്. ഓരോ വീടിനും മാസത്തില്‍ 15,000 രൂപവെച്ച് ഇതിലൂടെ ലഭിക്കുന്നുണ്ട്. 

തീര്‍ന്നില്ല, വീടിനകത്ത് മാത്രമിരുന്ന സ്ത്രീകള്‍ പോലും ഇന്ന് സജീവമായി പുറത്തേക്കിറങ്ങുകയും കാര്യങ്ങള്‍ തീരുമാനിക്കാനും നോക്കിനടത്താനും മുന്നിട്ടിറങ്ങുകയും ചെയ്യുന്നുണ്ട്. വര്‍ഷം തോറും നിരവധിക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന ഇന്ത്യയില്‍ മുദുലിഗഡിയ എക്കോ വില്ലേജ് ഒരു മികച്ച മാതൃകയാണ്. കൊവിഡ് 19 നില്‍ നിന്നും എത്രയും പെട്ടെന്ന് ലോകം കരകയറുകയും വിനോജസഞ്ചാരമേഖലയടക്കം എത്രയും വേഗം സജീവമാകുമെന്നും പ്രതീക്ഷിക്കാം.  

click me!