77 വയസ്സുള്ള മുത്തശ്ശിയുടെ ഏകാന്തതയകറ്റാൻ വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്ന കൊച്ചുമകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നാഗ്പൂർ സ്വദേശി പങ്കുവെച്ച ഈ ദൃശ്യം തലമുറകൾക്കിടയിലെ സ്നേഹബന്ധത്തിന്റെ മനോഹാരിത വ്യക്തമാക്കുന്നതായിരുന്നു.
വീടിന്‍റെ സ്വീകരണ മുറിയിൽ വച്ച് ഒരു കുട്ടി തന്‍റെ മുത്തശ്ശിക്ക് വീഡിയോ ഗെയിം എങ്ങനെ കളിക്കാമെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. കാലം മാറിയാലും തലമുറകളോളം നിലനിൽക്കുന്നതാണ് സ്നേഹവും കരുതലുമെന്നും ചിത്രം പലരെയും ഓർമ്മപ്പെടുത്തി. പ്രായാധിക്യത്താൽ ഒറ്റപ്പെടലനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ പുതിയ തലമുറ വിമുഖത കാണിക്കുന്നുവെന്ന പതിവ് പരാതികളെ കഴുക്കിക്കളയുന്നതായിരുന്നു ചിത്രവും കുറിപ്പും.
'എന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു'
നാഗ്പൂർ സ്വദേശിയായ ബ്രെയിൻ നിബ്ലർ തന്‍റെ എക്സ് ഹാന്‍റിലൂടെയാണ് ചിത്രവും കുറിപ്പും പങ്കുവച്ചത്. തന്‍റെ അമ്മയുടെ ഏകാന്തത മാറ്റായി തന്‍റെ മകൾ വീഡിയോ ഗെയിം പഠിപ്പിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 'എന്‍റെ മകൾ 77 വയസ്സുള്ള എന്‍റെ അമ്മയെ രസിപ്പിക്കാൻ വേണ്ടി വീഡിയോ ഗെയിമുകൾ കളിക്കാൻ പഠിപ്പിക്കുന്നു. ഈ സ്നേഹമാണ് പരിചരണത്തിന്‍റെ നിശബ്ദ ഭാഷ, ഞാൻ ഒരു ക്ലിക്ക് പോലും എടുക്കാതെ എന്‍റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു.' അദ്ദേഹം എഴുതി. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ വീട്ടിലെ സ്വീകരണ മുറിയിലെ സ്മാർട്ട് ടിവിയിൽ കൊച്ചുമകളും മുത്തശ്ശിയും ഇരുന്ന് ഒരു കാർ റൈസിംഗ് ഗെയിം കളിക്കുന്നത് കാണാം. ഇരുവരും ഒരു പോലെ ഗെയിമിൽ മുഴുകിയിരിക്കുകയാണ്.
അഭിനന്ദനം അച്ഛനുമമ്മയ്ക്കും
ചിത്രവും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. 'ഒരു മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം വ്യത്യസ്ത തലത്തിലുള്ള സ്നേഹമാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരു കാഴ്ചക്കാരൻ ഇത് അതിശയകരമായിരിക്കുന്നു എന്നായിരുന്നു കുറിച്ചത്. മറ്റൊരു കാഴ്ചക്കാരൻ കുട്ടിയെ, മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിച്ച ദമ്പതികളെ അഭിനന്ദിച്ചു. കുട്ടികളിൽ ബഹുമാനവും സഹാനുഭൂതിയും വളർത്തുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിലമതിക്കാനാകാത്ത നിമിഷങ്ങളെന്നായിരുന്നു മറ്റൊരു കുറിപ്പ്.


