Latest Videos

സുന്ദരികൾക്ക് പിന്നാലെ ഓടിത്തീർത്ത ജീവിതം, ജനറൽ ഗീബൽസ് എന്ന നാസി കാസനോവയുടെ അന്തഃപുര വിശേഷങ്ങൾ

By Babu RamachandranFirst Published Oct 30, 2019, 3:04 PM IST
Highlights

അന്ന് കിടന്നുറങ്ങുംമുമ്പ്, ആ താളിൽ തന്നെ മാഗ്‌ദയുടെ പേരെഴുതി അതിനുനേരെ ഒന്ന് എന്ന അക്കം കുറിച്ചിട്ടു ഗീബൽസ്. ബന്ധപ്പെടുന്ന സ്ത്രീയുടെ പേരിനുനേർക്ക് അത് എത്രാമത്തെ ബന്ധപ്പെടലാണ് എന്ന് ഡയറിയിൽ കുറിച്ചുവെക്കുക. അത്, അയാളുടെ പതിവായിരുന്നു. 

പോൾ ജോസഫ് ഗീബൽസ് എന്ന പേരുകേട്ടാൽ അതാരാണ് എന്നുറപ്പിച്ച് പറയാനാവില്ലെങ്കിലും മലയാളികൾ ഒരു കാര്യം പറയും. നുണയുമായി എന്തോ ബന്ധമുള്ള ആളാണ് ടിയാൻ എന്ന്. എങ്ങനെ പറയാതിരിക്കും? കേരളത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ഒരുവിധം എല്ലാ രാഷ്ട്രീയ വിശദീകരണയോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്, 'ഗീബൽസിയൻ തന്ത്രം' എന്നത്. അതിന്റെ അർത്ഥവും അവർക്കറിയാം. "ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും" എന്നതാണ്  ആ തന്ത്രം. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ, നയതന്ത്ര, സാമൂഹിക മണ്ഡലങ്ങളിൽ ആവർത്തിച്ചു പ്രയോഗിക്കപ്പെട്ട് ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു തന്ത്രമാണത്.
 

 
 

ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ നാസി നേതാവിന്റെ പ്രചാരണവിഭാഗം(Propaganda Department) തലവനായിരുന്നു ഡോ. പോൾ ജോസഫ് ഗീബൽസ്. ചില്ലറക്കാരനല്ല അദ്ദേഹം. ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനികനാടകങ്ങളിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയ ഗവേഷകൻ. ഇരുപതിലധികം പുസ്തകങ്ങൾ രചിച്ച മഹാപണ്ഡിതൻ.

ഗീബൽസിന്റെ തലയിലേക്ക് നാസിസം വന്നുകേറുന്നത് 1924 -ലാണ്. ആയിടെയാണ് അഡോൾഫ് ഹിറ്റ്‌ലർ എന്ന നേതാവിനെയും അദ്ദേഹം പരിചയിക്കുന്നത്. ഹിറ്റ്‌ലർ നടത്തിയ പ്രസംഗങ്ങളിൽ മനംമയങ്ങിയിട്ടാണ് ഗീബൽസ് NSDAP എന്ന നാസിപാർട്ടിയിൽ അംഗത്വം നേടുന്നത്. ഹിറ്റ്‌ലർ ചെയ്ത പല ക്രൂരതകളെയും തന്റെ പ്രചാരവേലകൾ കൊണ്ട് വെളുപ്പിച്ചെടുത്തിരുന്നത് ഗീബൽസ് ആയിരുന്നു. ഏറെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആവശ്യമുള്ളേടത്ത് അക്രമം ഇളക്കിവിടാനും മിടുക്കനായിരുന്നു ഗീബൽസ്. ജന്മനാ ഒരു കാലിന് ചെറിയൊരു വൈകല്യമുണ്ടായിരുന്നു ഗീബൽസിന്. എന്നാൽ, അതിനെ നിസ്സാരവത്കരിക്കാൻ ഉതകും മട്ടിലുള്ള കുശാഗ്രബുദ്ധി അദ്ദേഹത്തെ നാസി ജർമനിയുടെ തെരുവുകളിൽ 'പോയിസൺ ഡ്വാർഫ്' ( പാഷാണം കുള്ളൻ) എന്ന ഇരട്ടപ്പേരിന് അർഹനാക്കി.

എന്നാൽ, ഗീബൽസ് എന്ന വ്യക്തിയെപ്പറ്റി ഇതുവരെ പൊതുസമൂഹത്തിൽ നിലനിന്നിരുന്ന മേൽപ്പറഞ്ഞ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടുള്ള ഗീബൽസിന്റെ ഒരു അക്കാദമിക് ജീവചരിത്രം ഈയടുത്ത് പുറത്തുവരികയുണ്ടായി. ശാരീരികമായ പരിമിതികൾ- ഉയരക്കുറവ്, ഒരു കാലിന് മുടന്ത് - ഉണ്ടായിരുന്നിട്ടും സ്ത്രീജിതനായ ഒരു കാസനോവയായിരുന്നു ഗീബൽസ്. സുന്ദരികളായ സ്ത്രീകളെ സ്വന്തമാക്കി അവരുമായി ബന്ധപ്പെടാൻ വേണ്ടി ഗീബൽസ് തന്റെ ആയ കാലത്ത് നടത്തിയിട്ടുള്ള അഭ്യാസങ്ങൾ അദ്ദേഹത്തിന്റെ തന്നെ കയ്യക്ഷരത്തിലുള്ള ഡയറിക്കുറിപ്പുകളായി കണ്ടെടുക്കപ്പെട്ടിരുന്നു. ഏകദേശം 30,000 പേജുകളെടുത്താണ് ഗീബൽസ് തന്റെ ലീലാവിലാസങ്ങൾ വിസ്തരിച്ചുതന്നെ വർണ്ണിച്ചുവെച്ചിരിക്കുന്നത്.

ഹിറ്റ്ലറുടെ പ്രൊപ്പഗാണ്ടാ ചീഫ് ആയിരുന്ന ഗീബൽസ് ഒരു തികഞ്ഞ വികാരജീവിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് അന്ന് കണ്ടെടുക്കപ്പെട്ടത്. "അവളിലേക്ക് എത്ര ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ എനിക്കായി? അവളെ എത്രമേൽ അടുത്തറിയാൻ എനിക്ക് സാധിച്ചു?" ഗീബൽസ് തന്റെ ആദ്യകാല പ്രണയങ്ങളിലൊന്നിനെപ്പറ്റി ഇങ്ങനെ കുറിക്കുന്നു, "എന്തൊരു ദിവസങ്ങളാണിത്! പ്രണയം, അതൊന്നുമാത്രം. എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദഭരിതമായ ദിനങ്ങളാകും ഒരുപക്ഷേ, ഇവ..."

പ്രൊപ്പഗാണ്ടാ ഡിപ്പാർട്ടുമെന്റിന് നുണപ്രചാരണം നടത്തുന്നതിനായി സ്വന്തമായി ഒരു ഫിലിംസ് ഡിവിഷൻ ഉണ്ടായിരുന്നു. അവിടെ ഹിറ്റ്ലറുടെ മധുരോദാരമായ ഭരണത്തിന്റെ മഹത്വങ്ങൾ പ്രഘോഷണം ചെയ്തുകൊണ്ടുള്ള സുന്ദരമായ ലഘുചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. അവയിലേക്ക് സ്ത്രീകളെ കാസ്റ്റ് ചെയ്തിരുന്നത് ഗീബൽസ് നേരിട്ടായിരുന്നു. ആ ഓഡിഷനുകളെ തന്റെ ലൈംഗികതൃഷ്ണ ശമിപ്പിക്കുന്നതിനുള്ള സുവർണ്ണാവസരങ്ങളായി ഗീബൽസ് മാറ്റിയെടുത്തു. സിനിമയിൽ മുഖം കാണിക്കാൻ മോഹിച്ചുനടന്ന പല ജർമൻ യുവതികളും ഗീബൽസിനോട് പല വിട്ടുവീഴ്ചകളും ചെയ്യാൻ തയ്യാറായി. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി അദ്ദേഹം നൽകിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ടുപോയ ആ സുന്ദരികൾക്കിടയിൽ ഗീബൽസിന്റെ കാമാതുരതയെ മുൻനിർത്തി മറ്റൊരു ചെല്ലപ്പേര് വീണു, 'മുട്ടനാട്'.

ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനും, സുപ്രസിദ്ധ ചരിത്രകാരനുമായ പീറ്റർ ലോങ്‌റിച്ച് എഴുതിയ 912 പേജുള്ള ആധികാരികമായ ഗീബൽസ് ജീവചരിത്രത്തിൽ ഹിറ്റ്ലറിന്‍റെ വിശ്വസ്തനായ ഈ ലെഫ്റ്റനന്റിന്റെ  മുപ്പതു വർഷത്തെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ കാണ്ഡം കാണ്ഡമായി ഉൾപ്പെടുത്തിയിട്ടുണ്ട് (Joseph Goebbels: Biography, Peter Longerich).
 

 

പീറ്റർ ലോങ്‌റിച്ച് (വലത്)
 

എന്നാൽ, പതിവിനു വിരുദ്ധമായി ലോങ്‌റിച്ചിന്റെ ജീവചരിത്രത്തിൽ ഗീബൽസിന്റെ ഔദ്യോഗികജീവിതത്തിലെ സംഭവങ്ങളുടെ ദൃക്‌സാക്ഷി വിവരണങ്ങൾ മാത്രമല്ല ഉള്ളത്. അതിൽ ഗീബൽസ് എന്ന പച്ചമനുഷ്യന്റെ വികാരങ്ങളെപ്പറ്റിയും, മനോരാജ്യങ്ങളെപ്പറ്റിയും, സ്വപ്നദർശനങ്ങളെപ്പറ്റിയും ഒക്കെയുള്ള വർണനകളുണ്ട്. ഗീബൽസ് എന്ന അസാന്മാർഗികന്റെ, കാമാസക്തന്റെ, വികാരജീവിയുടെ, കുടിലബുദ്ധിയുടെ- ഒരർത്ഥത്തിൽ യഥാർത്ഥ ഗീബൽസിന്റെ ജീവിതമാണ് പകർത്തപ്പെട്ടിരിക്കുന്നത്.

ഗീബൽസിസിൽ ആദ്യമായി കാമമുദിക്കുന്നത്, അദ്ദേഹത്തിന്റെ പതിനാറാം വയസ്സിൽ, സഹപാഠിയുടെ രണ്ടാനമ്മയെ കണ്ടപ്പോഴായിരുന്നു. "എന്നിലെ കാമദേവൻ  ഉണർന്നു" എന്നാണ് 1912 -ലെ ഡയറി എൻട്രി.  വളരെ വികാരനിർഭരമായ കാലം. തീപ്പിടിപ്പിക്കുന്ന വാക്കുകളിൽ എഴുതിയയച്ച പ്രേമലേഖനങ്ങൾ. കവിതകൾ. ഗീബൽസിന്റെ ലൈംഗിക കാമനകളിൽ അന്ന് നിറഞ്ഞുനിന്നവരൊക്കെയും പ്രായത്തിൽ മുതിർന്ന സ്ത്രീകളായിരുന്നു. എന്നാൽ, ഗീബല്സിന്റെ മനസ്സിൽത്തന്നെ ഒടുങ്ങാനായിരുന്നു ആ പ്രണയങ്ങൾക്കൊക്കെയും യോഗം.

എന്നാൽ, ആഗ്രഹപൂർത്തിക്ക് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല ഗീബൽസിന്. രണ്ടേരണ്ടുവർഷം. അതിനുള്ളിൽ തന്നെ ഗീബൽസ് തന്റെ കാസനോവാജീവിതത്തിന് തുടക്കം കുറിച്ചു. കൈസറിനു വേണ്ടി ജർമനിയിലെ ഓരോ യുവാവും പ്രാണൻ ത്യജിക്കാൻ തയ്യാറായി യുദ്ധമുഖത്തേക്ക് മാർച്ചുചെയ്യുന്ന കാലമായിരുന്നു അത്. മനസ്സിൽ പോരാട്ടവീര്യം ഗീബൽസിനുമുണ്ടായിരുന്നു എങ്കിലും, വലതുകാലിലെ മുടന്തു കാരണം ഒരിക്കലും യുദ്ധമുഖത്തുപോയി പോരാടാൻ തനിക്ക് അവസരം കിട്ടില്ല എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ആ നഷ്ടബോധത്തിൽ അങ്ങനെ ഇരിക്കുന്ന നേരത്താണ് ലെനാ ക്രെയ്‌ജ് എന്ന ആദ്യകാമുകിയെ ഗീബൽസ് പരിചയപ്പെടുന്നത്. പരിചയം പ്രേമമായി പൂത്തുതളിർത്തു. "ഗാർഡൻ സ്ട്രീറ്റിലെ ആദ്യചുംബനം..." ഗീബൽസ് ഡയറിയിൽ കുറിച്ചു, "രാത്രി ഏറെ വൈകി, കൈസർ പാർക്കിൽ വെച്ച് ഞാനവളുടെ മാറത്ത് ചുംബിച്ചു. ഒരു പ്രണയിനിയാകുന്നതിലെ പരമാനന്ദം അന്നാദ്യമായി അവളുമറിഞ്ഞു."

അവിടന്നങ്ങോട്ട്, ഒരിടത്തും ഉറച്ചുനിൽക്കാൻ ഗീബൽസിന് ആയിട്ടില്ല. 1917 -ൽ ബോണിലെ പഠനകാലത്ത് സഹോദരിമാരായ ലെയ്‌ലിനെയും ആഗ്നസിനെയും ഒരേസമയം വശീകരിച്ചെടുക്കുന്ന തിരക്കിൽ ആദ്യപ്രണയമായ ലെനയെ ഗീബൽസ് സൗകര്യപൂർവം മറന്നു. ബോണിലെ പ്രണയങ്ങൾക്കും അധികം ആയുസ്സുണ്ടായില്ല. ഫ്രീബേർഗിലേക്ക് ചേക്കേറിയപ്പോൾ, അംകാ സ്റ്റാലേം എന്ന, 'ജീവിതത്തിൽ  ഏറ്റവും സുഖം തന്നിട്ടുളളവൾ' എന്ന് ഗീബൽസ് വിശേഷിപ്പിച്ചിട്ടുള്ള കാമുകിയുമായി അടുക്കുന്നു. ഫ്രീബേർഗ്‌ വിട്ട് ജന്മനാടായ റെയ്റ്റിൽ എത്തിയപ്പോൾ അവിടെവെച്ച് പരിചയപ്പെട്ട എൽസെ യാങ്കെ എന്ന സ്‌കൂൾ ടീച്ചറുമായി ഒരു പരിശുദ്ധപ്രേമം. ഗീബൽസിനെ തന്റെ ദേഹത്ത് സ്പർശിക്കാൻ വിട്ടില്ല അവർ. അങ്ങനെ അപ്രതീക്ഷിതമായി 'ശരീരങ്ങൾക്കിടയിലെ ആനന്ദം' നിഷേധിക്കപ്പെട്ട അക്കാലത്താണ് ഗീബൽസിന്റെയുള്ളിലെ കവി കൂടുംപൊളിച്ച് പുറത്തുചാടുന്നത്. അന്നദ്ദേഹം ഡയറിയിൽ ഇങ്ങനെ കുറിച്ചു, "എന്നോടുള്ള പ്രണയം അവളീ ലോകത്തോട് വിളിച്ചു കൂവാൻ ഇങ്ങനെ മടിക്കുന്നത് എന്തുകൊണ്ടാണാവോ?"
 


ഗീബൽസിന്റെ ഒരു പ്രേമലേഖനം 

താമസിയാതെ ആ രഹസ്യം എൽസെ ഗീബൽസിനോട് വെളിപ്പെടുത്തി. ഒരു ജൂതസ്ത്രീയായിരുന്നു എൽസെയുടെ അമ്മ. ആ രഹസ്യം വെളിപ്പെടുത്തിയ അടുത്ത നിമിഷം മുതൽ അവളോടുള്ള സമസ്തപ്രണയവും അസ്തമിച്ചു. അത്രയ്ക്ക് ആഴത്തിൽ വേരോടിക്കഴിഞ്ഞിരുന്നു ജൂതവിരോധം ഗീബൽസിൽ. നാസിരാഷ്ട്രീയത്തിന്റെ അധികാര ശ്രേണികളിലൂടെ ഉറച്ച കാൽവെപ്പുകളിലൂടെ കയറിക്കൊണ്ടിരുന്നപ്പോൾ, അതിനൊപ്പിച്ച് ഗീബൽസിൽ കാമാസക്തിയും അധികരിച്ചുവന്നു. ഹിറ്റ്ലറുടെ ജർമനി അധികാരം സ്ഥാപിച്ച രാജ്യങ്ങളിൽ നിന്നെല്ലാം തന്റെ കാമപൂർത്തിക്കുള്ള ബന്ധങ്ങൾ ഗീബൽസും സ്ഥാപിച്ചു. സീനിയ, ഷാർലറ്റ്, എറിക, ജൂലിയ -ബന്ധങ്ങൾ ഒന്നൊന്നായി വന്നുപോയ്ക്കൊണ്ടിരുന്നു ഗീബല്‍സിന്റെ ജീവിതത്തിലേക്ക്.

തന്റെ ജീവിതം പങ്കുവെക്കാനുള്ള ആളെ ഗീബൽസ് കാണുന്നത് ഒരു നാസിപാർട്ടി റാലിയിൽ വെച്ചാണ്. മാഗ്‌ദ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. ബിഎംഡബ്ല്യു കുടുംബത്തിലേക്ക് വിവാഹിതയായി വന്ന്, വിവാഹമോചനവും കഴിഞ്ഞ് നിൽക്കുന്ന കാലമായിരുന്നു മാഗ്‌ദക്കത്. പ്രഥമദർശനത്തിൽ തന്നെ തീവ്രമായ ഒരു ആകർഷണം അവർക്കിടയിൽ ഉടലെടുത്തു. അത് ഒരു രാത്രി ഒന്നിച്ചു ചെലവിടുന്നതിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിച്ചത്. ഗീബൽസ് തന്റെ ഡയറിയിൽ അന്നെഴുതി, "സന്ധ്യക്ക് മാഗ്‌ദ വന്നുകേറി. രാത്രി ഏറെ വൈകുവോളം അവൾ തിരിച്ചുപോയില്ല. ഒരു മന്ത്രവാദിനിയെപ്പോലെ അവൾ പൂത്തുലഞ്ഞുനിന്നു. നിനക്ക് സുഖമല്ലേ എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ...?" അന്ന് കിടന്നുറങ്ങുംമുമ്പ്, ആ താളിൽ തന്നെ മാഗ്‌ദയുടെ പേരെഴുതി അതിനുനേരെ ഒന്ന് എന്ന അക്കം കുറിച്ചിട്ടു ഗീബൽസ്. ബന്ധപ്പെടുന്ന സ്ത്രീയുടെ പേരിനുനേർക്ക് അത് എത്രാമത്തെ ബന്ധപ്പെടലാണ് എന്ന് ഡയറിയിൽ കുറിച്ചുവെക്കുക. അത്, അയാളുടെ പതിവായിരുന്നു. 
 


ഗീബൽസും പത്നി മാഗ്‌ദയും 

1931 -ൽ മാഗ്‌ദയുമായി വിവാഹിതനായി ഗീബൽസ് എങ്കിലും, അവരോട് വിശ്വസ്തത പുലർത്തുക എന്നതൊന്നും ഗീബൽസ് എന്ന കാസനോവയ്ക്ക് സാധിക്കുന്ന കാര്യമല്ലായിരുന്നു. ഹിറ്റ്ലർ ഭരണകൂടത്തിലെ പ്രൊപ്പഗാണ്ടാ മിനിസ്ട്രിയുടെ തലവൻ എന്ന നിലക്ക്, എല്ലാ വാർത്താവിനിമയമാധ്യമങ്ങളും -റേഡിയോ, പത്രങ്ങൾ, പുസ്തകങ്ങൾ, സിനിമ, മറ്റു കലാരൂപങ്ങൾ അങ്ങനെ എല്ലാം തന്നെ ഗീബൽസിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. അതൊക്കെയും തന്റെ ആഗ്രഹപൂർത്തികൾക്കുവേണ്ടി അയാൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി.

എല്ലാ പ്രൊപ്പഗാണ്ടാ സിനിമകളുടെയും സംവിധാനം ഗീബൽസ് തന്നെയായിരുന്നു. അത് വലിയൊരു കാസ്റ്റിങ്ങ് കൗച്ചിനുള്ള ലൈസൻസായിരുന്നു അയാൾക്ക്. തന്റെ ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് വിവരം സമയാസമയത്ത്  കിട്ടിയിട്ടും ഒക്കെ സഹിച്ചും ക്ഷമിച്ചും ഒരക്ഷരം മിണ്ടാതെ മാഗ്‌ദ പിടിച്ചുനിന്നു. ചെക്ക് നടി ലിദാ ബാറോവയുമായുള്ള ബന്ധത്തിലൊഴിച്ച് മറ്റൊരിക്കലും അവർ ഭർത്താവിനോട് ഒന്നും ചോദിച്ചില്ല. ലിദക്കു വേണ്ടി മാഗ്‌ദയെ ഉപേക്ഷിക്കാൻ പോലും തയ്യാറായിരുന്നു ഗീബൽസ് അന്ന്. ഒടുവിൽ ആ ദാമ്പത്യം തകരുമെന്നായപ്പോഴാണ് ഹിറ്റ്‌ലർ തന്നെ നേരിട്ടിടപെടുന്നത്. ലിദയുടെ സ്ലാവിക് പാരമ്പര്യമാണ് ഹിറ്റ്‌ലറെ അലട്ടിയിരുന്നത്. വംശീയമായി നാസികളേക്കാൾ ഏറെ താഴെയാണ് സ്ലാവുകൾ എന്ന് മനസ്സിലുറപ്പിച്ചിരുന്ന ഹിറ്റ്‌ലർ ആ ബന്ധത്തെ ശക്തമായി എതിർത്തു. തന്റെ വിശ്വസ്ത ലെഫ്റ്റനന്റിനെ വിളിച്ചുവരുത്തി കടുത്ത ഭാഷയിൽ ശകാരിച്ച ഹിറ്റ്‌ലർ, ഇനി മേലാൽ ബാറോവയെ കാണാൻ ശ്രമിച്ചാൽ ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി. അതോടെ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു ഗീബൽസിന്. തന്നെ വഞ്ചിച്ച ഗീബൽസിനോടുള്ള പ്രതികാരം മാഗ്‌ദ വീട്ടുന്നത് അയാളുടെ ഡെപ്യൂട്ടിയായ കാൾ ഹാങ്കെയുമായി പ്രണയബന്ധം സ്ഥാപിച്ചുകൊണ്ടാണ്.

ലിദാ ബാറോവ, ഗീബൽസ് 

ഗീബൽസും മാഗ്‌ദയും ഒരുപോലെ ഹിറ്റ്‌ലർ ആരാധകരായിരുന്നു. ഹിറ്റ്‌ലർ ജീവനോടെ ഉണ്ടായിരുന്ന കാലത്തോളം ഈ സമാനത ഒന്നുകൊണ്ടുമാത്രം അവർക്കിടയിലെ ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. സോവിയറ്റ് യൂണിയന്റെ റെഡ് ആർമി ബെർലിനിലേക്ക് അടുത്തടുത്ത് വന്നതോടെ ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചു. ജീവനൊടുക്കുന്നതിന്റെ തലേന്നായിരുന്നു ഹിറ്റ്ലറുടെ വിവാഹം. വധു, ഏറെക്കാലമായി 'ലിവ് ഇൻ' റിലേഷൻഷിപ്പിൽ ആയിരുന്ന ഇവാ ബ്രൗൺ. വിവാഹം കഴിഞ്ഞ്, ഒരു രാത്രി ഒന്നിച്ചുകഴിഞ്ഞശേഷം അടുത്ത പകൽ, അതായത് 1945 ഏപ്രിൽ 30 -ന്  അവരിരുവരും ആത്മഹത്യ ചെയ്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത്, മരണത്തിലും ഗീബല്‍സും മാഗ്‍ദയും ഹിറ്റ്‍ലറുടെ വഴി പിന്തുടര്‍ന്നു. തന്റെ ആറു മക്കൾക്കും H-ൽ തുടങ്ങുന്ന പേരുകളിട്ടിരുന്ന മാഗ്‌ദ തന്നെയാണ് അവരെ മയക്കിക്കിടത്തി, സയനൈഡ് കൊടുത്ത് കൊല്ലാനും മുൻകൈയെടുത്തത്. അതിനു ശേഷം വിഷം കഴിപ്പിച്ച്, മാഗ്‌ദക്ക് നേരെ വെടിയുതിർത്ത ശേഷം, സ്വന്തം തലക്ക് വെടിവെച്ച് മരിക്കുകയായിരുന്നു ഗീബൽസ്. 

click me!