സുപ്രീം കോടതിയിൽ ഇനി വരുന്ന എട്ടു പ്രവൃത്തിദിവസങ്ങളിലെ നിർണായക വിധികൾ ആരെ തുണയ്ക്കും?

By Web TeamFirst Published Oct 30, 2019, 12:00 PM IST
Highlights

ഫെബ്രുവരി ആറിന് ഇരുഭാഗങ്ങളുടെയും വാദം ദിവസം മുഴുവൻ കേട്ട ശേഷം അന്തിമവിധിക്കായി കോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ് മാറ്റിവെച്ചിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. 

വരാനിരിക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറെ നിർണായകമായ ദിവസങ്ങളാണ്. ദീപാവലി അവധി കഴിഞ്ഞ്, നവംബർ 4 -ന് സുപ്രീം കോടതിയിൽ വിചാരണ പുനരാരംഭിച്ച ശേഷം, നവംബർ 17 -ന് സിറ്റിംഗ് ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗോഗോയ് വിരമിക്കുന്ന നവംബർ 17 വരെ എട്ടു പ്രവൃത്തിദിവസങ്ങളുണ്ട് സുപ്രീം കോടതിക്ക്. വിരമിച്ചിറങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വളരെ പ്രധാനപ്പെട്ട ചില കേസുകൾക്ക് വിധിപറയുന്ന ഒരു കീഴ്‍വഴക്കമുണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്ക്. അക്കൂട്ടത്തിൽ തീർപ്പുകൽപ്പിക്കപ്പെടാനായി വാദം പൂർത്തിയാക്കപ്പെട്ട് ഗൊഗോയിയുടെ മേശപ്പുറത്ത് വിശ്രമിക്കുന്നത് വളരെ ഗൗരവമുള്ള ആറ് സുപ്രധാനകേസുകളാണ്.

അയോധ്യാ തർക്കം

അക്കൂട്ടത്തിൽ, ഇന്ത്യയിൽ എല്ലാവരും ഉദ്വേഗത്തോടെ കാത്തിരിക്കുന്ന അയോധ്യാ തർക്കത്തിന്റെ അന്തിമവിധിയുമുണ്ട്. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസിന്റെ വിധി ഒക്ടോബർ 16 -ലേക്കാണ് മാറ്റിവെച്ചിരുന്നത്. അയോധ്യയിലെ 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ചരിത്രപ്രധാനമായ വ്യവഹാരത്തിൽ സുപ്രീംകോടതി തുടർച്ചയായി 40 ദിവസത്തോളമാണ് വാദം കേട്ടത്. ഹിന്ദുക്കൾക്ക് തങ്ങളുടെ ദൈവമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയാണ് പ്രസ്തുത സ്ഥലമെന്ന വിശ്വാസമാണ്. എന്നാൽ, ആ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ട് സുന്നി വഖഫ് ബോർഡും രംഗത്തുവന്നതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലേക്ക് എത്തുന്നത്. കേസിന്റെ വിചാരണയ്ക്കിടയിൽ ചരിത്രകാരന്മാരുടെയും, സർക്കാർ രജിസ്ട്രാർ ഓഫീസുകളുടെയും, ആർക്കിയോളജിക്കൽ സർവേയുടേയും ഒക്കെ വിദഗ്ധോപദേശങ്ങൾ തേടുകയുണ്ടായി. വാദമെല്ലാം പൂർത്തിയാക്കപ്പെട്ട ഈ കേസിൽ രഞ്ജൻ ഗോഗോയ് ഓഫീസ് വിട്ടിറങ്ങും മുമ്പ് വിധി പ്രഖ്യാപിക്കുമെന്നുറപ്പാണ്.

റാഫേൽ പോർവിമാനങ്ങളിലെ അഴിമതി

റഫാൽ അഴിമതിയെപ്പറ്റിയുള്ള കേസിലാണ് മറ്റൊരു സുപ്രധാന വിധി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനാണ് അന്തിമവിധി വരാനിരിക്കുന്നത്. രഞ്ജൻ ഗോഗോയ്, എസ്‌കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറയാനിരിക്കുന്നത്. പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരാണ് അന്യായം ഫയൽ ചെയ്ത് മോദി സർക്കാരിനെതിരെ മുന്നോട്ടുപോയിരിക്കുന്നത്. കോടതിയെ വഴിതെറ്റിച്ചു സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള മറ്റൊരു അന്യായത്തിന്മേലും കോടതി വിചാരണ നടത്തുകയുണ്ടായിരുന്നു. ഈ കേസിലും ഒരു അന്തിമവിധി രഞ്ജൻ ഗോഗോയ് പടിയിറങ്ങും മുമ്പ് പ്രതീക്ഷിക്കാം.

ഏപ്രിൽ 10 -ന് ഹിന്ദു പത്രം ലീക്ക് ചെയ്ത രേഖകൾ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അത് ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചുകൊണ്ട് കൈക്കലാക്കിയതാണ്, അതുകൊണ്ട് സാധുവായ ഒരു തെളിവായി കണക്കാക്കിക്കൂടാ എന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വാദിച്ചിരുന്നു. പ്രസക്തമായ തെളിവുകൾ, കൈക്കലാക്കിയ മാർഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണം, ഈ ഹർജി തള്ളുന്ന സമയത്ത് കോടതി നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ 'ചൗക്കിദാർ ചോർ ഹേ' കേസ്

മീനാക്ഷി ലേഖിയാണ് രാഹുൽഗാന്ധിക്കെതിരെ പ്രസ്തുത പരാമർശത്തിന്റെ പേരിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്. സുപ്രീം കോടതിയുടെ ഏപ്രിൽ 10 -ലെ വിധിയെ ബന്ധിപ്പിച്ച് ആ പരാമർശം നടത്തുക വഴി രാഹുൽ ഗാന്ധി കോടതിയലക്ഷ്യം പ്രവർത്തിച്ചു എന്നതാണ് ലേഖിയുടെ പരാതി. രാഷ്ട്രീയപ്രചാരണങ്ങളുടെ ചൂടിൽ നടത്തിയ ആ സാന്ദർഭിക താരതമ്യത്തിന് അന്നുതന്നെ രാഹുൽഗാന്ധി മാപ്പും പറഞ്ഞിരുന്നു.

ശബരിമല റിവ്യൂ പെറ്റിഷൻ

ഫെബ്രുവരി ആറിന് ഇരുഭാഗങ്ങളുടെയും വാദം ദിവസം മുഴുവൻ കേട്ട ശേഷം അന്തിമവിധിക്കായി കോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ് മാറ്റിവെച്ചിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. തിരുവിതാംകൂർ രാജകുടുംബവും ഭക്തജനങ്ങളും ചേർന്ന്, കഴിഞ്ഞ സെപ്റ്റംബർ 28 -ന് കോടതി പുറപ്പെടുവിച്ച ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ  സമർപ്പിച്ചതാണ് ഈ വിഷയത്തിലെ റിവ്യൂ പെറ്റീഷൻ. സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ ക്ഷേത്രത്തിലെ ആചാരം ആരാധനാമൂർത്തിയുടെ ബ്രഹ്മചര്യ ഭാവത്തെ ആസ്പദമാക്കിയാണ് എന്നായിരുന്നു പ്രാഥമികവാദം. കോൺസ്റ്റിട്യൂഷണൽ മൊറാലിറ്റി എന്നത് വളരെ ആത്മനിഷ്ഠമായ ഒന്നാണെന്നും അതിനെ ആചാരങ്ങൾക്ക് ബാധകമാക്കാൻ ശ്രമിക്കരുതെന്നും റിവ്യൂ ഹർജിയിൽ വാദിക്കുന്നുണ്ട്. ശബരിമല വിഷയത്തിലെ ചരിത്രപരമായ പരിപ്രേക്ഷ്യം മനസ്സിലാകാതെ പുറപ്പെടുവിക്കപ്പെട്ടതാണ് സെപ്റ്റംബർ 28 -ലെ വിധി എന്നും റിവ്യൂ ഹർജിയിൽ  വാദിക്കുന്നുണ്ട്. ഈ റിവ്യൂ പെറ്റീഷനിൽ വിധിവരുന്നതോടെ ശബരിമലയെ ചുറ്റിപ്പറ്റി നിൽക്കുന്ന വിവാദങ്ങൾക്കും അന്ത്യമാകും

സുപ്രീം കോടതിയിൽ വിവരാവകാശം

സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരവകാശത്തിന്റെ പരിധിക്കുള്ളിൽ പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലെ വിധി വരാനിരിക്കുന്നു. പ്രസ്തുത ഓഫീസിനെ വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ടുള്ള 2010 -ലെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഈ ഹർജിയുടെ വിധിയും രാഷ്ട്രം കാതോർക്കുന്ന ഒന്നാണ്. കഴിഞ്ഞ ഒമ്പതുവർഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു അപ്പീലാണ് ഇത്.

ഫിനാൻസ് ആക്ട് 2017 -നെതിരെയുള്ള ഹർജി

ദേശീയ ഹരിത ട്രിബ്യുണൽ, ആദായനികുതി അപ്പലേറ്റ് ട്രിബ്യുണൽ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ എന്നിവയുടെ അധികാരത്തിൽ വെള്ളം ചേർത്തുകൊണ്ടുള്ള 2017-ലെ ഫിനാൻസ് ആക്റ്റിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലെ വിധി പ്രതീക്ഷിക്കപ്പെടുന്നു. ഒരു ധനനിയമത്തിന് സർക്കാർ ട്രിബ്യുണലുകളുടെ അധികാരത്തെ ദുർബലപ്പെടുത്താനുളള അവകാശമില്ല എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിന്റെ അന്തിമ വിധിയും വരും നാളുകളിൽ നമുക്ക് പ്രതീക്ഷിക്കാം.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാപീഡനാരോപണത്തിലെ ഗൂഢാലോചനയെപ്പറ്റിയുള്ള അന്വേഷണം  

സുപ്രീം കോടതിയിലെ മുൻ ജഡ്ജായിരുന്ന ജസ്റ്റിസ് എ കെ പട്നായ്ക്ക് നേതൃത്വം കൊടുത്ത കമ്മീഷനാണ് പ്രസ്തുത കേസ് അന്വേഷിച്ചത്. ഇതും ഏറെ നിർണായകമായ ഒരു കേസാണ്. തന്നെ ഗൂഢാലോചനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന അഡ്വ. ഉത്സവ ബൈൻസിന്റെ പ്രസ്താവനയാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്നബെഞ്ചാണ് സുപ്രീം കോടതിയിൽ ഈ കേസിന്മേൽ അന്വേണം നടത്തിയത്.

അങ്ങനെ സുപ്രധാനമായ ഏറെ കേസുകൾക്ക് വിധി പുറപ്പെടുവിക്കാൻ പോകുന്ന വളരെ നിർണായകമായ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. ആ വിധികൾ ആരെയൊക്കെ തുണയ്ക്കും, ആരെയൊക്കെ അഴികൾക്കുള്ളിലാക്കും എന്ന് കാത്തിരുന്നു തന്നെ കാണണം. 
 

click me!