ലൈം​ഗികതൊഴിലാളിയിൽ നിന്നും അതിസമ്പന്നയിലേക്ക്, കാമുകന്മാരായി പ്രഭുക്കന്മാർ, ഭർത്താവിന്റെ കൊലപാതകം...

By Web TeamFirst Published May 4, 2021, 12:43 PM IST
Highlights

ഒടുവിൽ പ്രിസൈഡിംഗ് ജഡ്ജി ജസ്റ്റിസ് റിഗ്ബി സ്വിഫ്റ്റ് അവൾ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. മാർ‌​ഗരൈറ്റ് കുറ്റവിമുക്തയായി. എഡ്വേർഡിന്റെ രഹസ്യങ്ങൾ ഒരു നൂറ്റാണ്ടിലേറെ മറഞ്ഞിരുന്നു. 

ലൈംഗിക തൊഴിലിൽ നിന്ന് ഫ്രാൻസിലെ വരേണ്യവർഗത്തിൽ എത്തിപ്പെട്ട ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതകഥയാണ് ഇത്. മാർ‌ഗൂറൈറ്റ് അലിബെർ‌ട്ട് പ്രണയത്തെ കണ്ടത് കാൽപനികമായിട്ടല്ല, മറിച്ച് അതിജീവിക്കാനും, വളരാനുമായുള്ള ഒരു മാർഗമായിട്ടാണ്. മാഗി മെല്ലർ എന്നറിയപ്പെടുന്നു മാർ‌​ഗരൈറ്റ് പാരീസിൽ ഒരു വേശ്യയായിരുന്നു. പിന്നീട് 1917 മുതൽ 1918 വരെ പ്രിന്‍സ് ഓഫ് വെയില്‍സുമായി ബന്ധം പുലർത്തി. പിന്നീട് വിവാഹം കഴിച്ച ഈജിപ്ഷ്യൻ പ്രഭു അലി ഫാഹ്മിയെ 1923 -ൽ ലണ്ടനിലെ സവോയ് ഹോട്ടലിൽ വച്ച് കൊലപ്പെടുത്തി. സിനിമാ കഥയേക്കാൾ വിചിത്രവും സംഭവബഹുലവുമായിരുന്നു അവളുടെ ജീവിതം.

 

1890 -ൽ ഒരു തൊഴിലാളിവർഗ ഫ്രഞ്ച് കുടുംബത്തിലാണ് മാർ‌​ഗരൈറ്റ് ജനിച്ചത്. അവളുടെ അമ്മ ഒരു വീട്ടുവേലക്കാരിയും, പിതാവ് ഒരു ക്യാബ് ഡ്രൈവറുമായിരുന്നു. അവളുടെ ഇളയ സഹോദരന് നാല് വയസ്സുള്ളപ്പോൾ ഒരു ലോറി തട്ടി അവൻ മരിച്ചു. എന്നാൽ മാർ‌​ഗരൈറ്റ്ന്റെ മാതാപിതാക്കൾ‌ അവന്റെ മരണത്തിൽ‌ അവളെ കുറ്റപ്പെടുത്തി. അവളുടെ അശ്രദ്ധയാണ് അവൻ റോഡിൽ ഇറങ്ങാൻ കാരണമെന്ന് അവർ പറഞ്ഞു. തുടർന്ന് അവർ‌ അവളെ സിസ്റ്റേഴ്സ് ഓഫ് മേരി ബോർ‌ഡിംഗ് സ്കൂളിലേക്ക് അയച്ചു. പതിനഞ്ചാമത്തെ വയസ്സിൽ കന്യാസ്ത്രീകൾ വീട്ടുജോലിക്കായി അവളെ ഒരിടത്ത് കൊണ്ടുപോയി നിർത്തി. പതിനാറാമത്തെ വയസ്സിൽ, അജ്ഞാതനായ ഒരു പുരുഷനിൽ നിന്ന് ഗർഭം ധരിച്ചതിനെ തുടർന്ന് അവിടെ നിന്ന് അവൾ പുറത്താക്കപ്പെട്ടു. ഒടുവിൽ അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. പിന്നീട് മകളെ മധ്യ ഫ്രാൻസിലെ ഒരു ഫാമിലേയ്ക്ക് അയച്ചു.

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മാർ‌​ഗരൈറ്റ് ഉപജീവനത്തിനായി ലൈംഗിക തൊഴിലിലേയ്ക്ക് തിരിഞ്ഞു. വേശ്യകൾ നല്ല പണം സമ്പാദിക്കുന്നെന്ന് അവൾ കണ്ടു. വേശ്യാലയ ഉടമയായ മാഡം ഡെനാർട്ട് തന്റെ ചിറകിനടിയിൽ മാർ‌ഗൂറൈറ്റിനെ ചേർത്തു വച്ചു. ഫ്രാൻസ്, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ സമ്പന്നർ അവളെ കാണാൻ വന്നു. 1907-ൽ മാർ‌​ഗരൈറ്റ് ആൻഡ്രെ മെല്ലർ എന്ന ഒരാളെ പരിചയപ്പെട്ടു. അന്ന് അവൾക്ക് 17 വയസ്സും അദ്ദേഹത്തിന് 40 വയസ്സുമായിരുന്നു. അയാൾ അവൾക്ക് ഒരു അപ്പാർട്ട്മെന്റ് വാങ്ങി നൽകി. അവൾ അയാളുടെ അവസാന നാമം സ്വീകരിച്ചു. തങ്ങൾ വിവാഹിതരാണെന്ന് അവർ അവകാശപ്പെട്ടു, പക്ഷേ വാസ്തവത്തിൽ, മെല്ലർ അപ്പോഴും തന്റെ ആദ്യ ഭാര്യയുമായി വിവാഹിതനായിരുന്നു. ഈ ബന്ധം 1913 ൽ അവസാനിച്ചു.

1917 -ൽ മാർ‌​ഗരൈറ്റ് അടുത്ത പ്രണയബന്ധം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലെ ബ്രിട്ടീഷ് സൈനികരോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന പ്രിൻസ് എഡ്വേർഡ് എട്ടാമനായിരുന്നു അത്. അന്ന് അദ്ദേഹത്തിന് 23 വയസ്സായിരുന്നു. എഡ്വേർഡിന് താൽപര്യം നഷ്ടപ്പെടുന്നതുവരെ ഒരു വർഷത്തോളം അവർ വളരെ ശക്തമായ ഒരു ബന്ധം പുലർത്തി പോന്നു. പിന്നീട് മാർ‌​ഗരൈറ്റ് സമ്പന്നരെ വശീകരിച്ച് ഒരു ഉപജീവനമാർഗം കണ്ടു. വിലയേറിയ നിരവധി സമ്മാനങ്ങൾ അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. 1919 ൽ അവൾ തന്റെ ആദ്യത്തെ നിയമപരമായ ഭർത്താവായ ചാൾസ് ലോറന്റിനെ കണ്ടെത്തി. വിവാഹം ഇരുവരും ആഗ്രഹിച്ചതല്ല. ആറുമാസത്തിനുശേഷം അവർ പിരിഞ്ഞു. വിവാഹമോചനത്തെ തുടർന്ന് ലഭിച്ച പണം അപ്പാർട്ട്മെന്റിനും, കുതിരകൾക്കും, കാറുകൾക്കും സേവകർക്കുമായി അവൾ ചിലവഴിച്ചു.    

ഒടുവിൽ 1921 -ലാണ് അലി കമെൽ ഫാഹ്മി ബേയെ മാർ‌​ഗരൈറ്റ് കണ്ടുമുട്ടുന്നത്. അലി ഒരു രാജകുമാരനായിരുന്നില്ല, എന്നിരുന്നാലും, വളരെ  ധനികനായിരുന്നു അദ്ദേഹം. അവർ താമസിയാതെ വിവാഹിതരായി. ഫാഹ്മിയെ വിവാഹം കഴിച്ചപ്പോൾ, മാർ‌​ഗരൈറ്റിന് പാശ്ചാത്യ വസ്ത്രം ധരിക്കാനും, എപ്പോൾ വേണമെങ്കിലും വിവാഹമോചനം ചെയ്യാനുമുള്ള അനുവാദം അയാൾ നൽകി. പകരമായി, അവൾ ഇസ്ലാം മതം സ്വീകരിച്ചു. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പ്, വിവാഹമോചന ഉടമ്പടി അദ്ദേഹം തിരുത്തി, കൂടാതെ അധിക ഭാര്യമാരെ എടുക്കാൻ അനുവദിക്കുന്ന ഒരു ക്ലോസ് അദ്ദേഹം എഴുതി ചേർക്കുകയും ചെയ്തു. അവരുടെ വിവാഹ ബന്ധം സുഗമമായിരുന്നില്ല. ദമ്പതികൾ ഇടയ്ക്കിടെ പരസ്യമായി അടിവച്ചു.  

ബേ ഫാഹ്മി, കിടപ്പറയിൽ ഉൾപ്പെടെ, വളരെ ക്രൂരമായാണ് മാർ‌​ഗരൈറ്റിനോട് പെരുമാറിയത്. ഒരു ഘട്ടത്തിൽ താൻ “പ്രകൃതിവിരുദ്ധ” ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മാർ‌​ഗരൈറ്റ് അവകാശപ്പെട്ടു. 1923 ജൂലൈ 9 ന് ലണ്ടനിൽ നടന്ന “ദി മെറി വിഡോ” യുടെ ഒരു ഷോയിൽ ഈ ദമ്പതികൾ പങ്കെടുക്കുകയുണ്ടായി. അവർ ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം, അവർക്കിടയിൽ അക്രമാസക്തമായ ഒരു വാക്കുതർക്കം നടന്നു. പുലർച്ചെ രണ്ടുമണിയോടെ മാർ‌​ഗരൈറ്റ് ഫാഹ്മി അയാളെ വെടിവച്ചു കൊലപ്പെടുത്തി. തുടർന്ന് അവൾ അറസ്റ്റിലായി. എന്നാൽ, അതിൽ നിന്ന് ഊരി  പോരാൻ മാർ‌​ഗരൈറ്റ് തന്ത്രങ്ങൾ മെനഞ്ഞു. രാജകുടുംബത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ മുൻപ് എഡ്വേർഡ് അവൾക്കയച്ച കത്തുകൾ അവൾ ഉപയോഗിച്ചു. ലണ്ടനിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ മാർ‌​ഗരൈറ്റിന്റെ കൊലപാതക വിചാരണ മുഴുവൻ ബ്രിട്ടീഷ് സ്ഥാപനത്തിനും മാരകമായ ഭീഷണി ഉയർത്തി. എഡ്വേർഡുമായി ഉണ്ടായിരുന്ന ബന്ധം ലോകമറിയാതിരിക്കാനായി ബ്രിട്ടീഷ് സർക്കാരിനും രാജകുടുംബത്തിനും ജുഡീഷ്യറിയ്ക്കും അവളുടെ വിചാരണയിൽ ഇടപെടേണ്ടിവന്നു.

ഒടുവിൽ പ്രിസൈഡിംഗ് ജഡ്ജി ജസ്റ്റിസ് റിഗ്ബി സ്വിഫ്റ്റ് അവൾ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. മാർ‌​ഗരൈറ്റ് കുറ്റവിമുക്തയായി. എഡ്വേർഡിന്റെ രഹസ്യങ്ങൾ ഒരു നൂറ്റാണ്ടിലേറെ മറഞ്ഞിരുന്നു. അക്കാലത്ത് ഒരു വിസ്മയമായി മാറിയ അവളുടെ വിചാരണയ്ക്ക് ശേഷം മാർ‌​ഗരൈറ്റ് പാരീസിലേക്ക് “രാജകുമാരി മാർ‌​ഗരൈറ്റ്” ആയി മടങ്ങി. ജീവിതകാലം മുഴുവൻ സിനിമകളിലെ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും സമ്പന്നരെ തന്നിലേയ്ക്ക് ആകർഷിക്കുകയും ചെയ്തു അവൾ. 1971 ജനുവരി 2 -ന് അവൾ മരിച്ചു.

click me!