
ലോകത്ത് പലവിധത്തിലുള്ള മനുഷ്യരുണ്ട്. എല്ലാവരേയും അവരായി അംഗീകരിക്കാൻ കഴിയുമ്പോഴാണ് ലോകം മനോഹരമാകുന്നതും. എന്നാൽ, വളരെ വർഷങ്ങൾക്ക് മുമ്പ് പല പാശ്ചാത്യരാജ്യങ്ങളും ശാരീരികമായി വ്യത്യസ്തമായി കാണപ്പെട്ട ആളുകളെ അവരുടെ സർക്കസ് ഷോകളിൽ ഉപയോഗിച്ചിരുന്നു. ഇപ്പോഴും നമുക്കത് കാണാം. അന്ന്, ഉയരം വളരെ കൂടിയവർ, ഉയരം വളരെ കുറഞ്ഞവർ, ഇരട്ടകൾ തുടങ്ങി പലരും ഇത്തരം സഞ്ചരിക്കുന്ന സർക്കസ് ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നു. ഇത്തരം ഷോകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന കാലമായതിനാൽ തന്നെ നിരവധി ജനങ്ങളാണ് പലപ്പോഴും ഷോകളിലേക്ക് ഒഴുകിയെത്തിയത്. ഇത് അതിലെ അംഗങ്ങൾക്ക് താര പരിവേഷം തന്നെ നൽകി. അംഗങ്ങളിൽ പലരും അറിയപ്പെടുന്നവരായി. അതിലൊരാളായിരുന്നു റോബർട്ട് വാഡ്‍ലോയും. ഉയരത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
ഇതുവരെ ജീവിച്ചിരുന്നവരില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായിട്ടാണ് റോബര്‍ട്ട് വാഡ്‍ലോ അറിയപ്പെടുന്നത്. 1918 ഫെബ്രുവരി 22 -നാണ് റോബര്‍ട്ട് വാഡ്‍ലോ ജനിച്ചത്. ആരോഗ്യമുള്ളൊരു കുഞ്ഞായി തന്നെയായിരുന്നു അവന്‍റെ ജനനം. എന്നാൽ, കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവനിൽ മറ്റ് കുട്ടികളിൽ നിന്നും വിഭിന്നമായി ചില മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. വളരെ പെട്ടെന്നാണ് അവന്റെ ഉയരം കൂടാൻ തുടങ്ങിയത്. വെറും അഞ്ച് വയസുള്ളപ്പോള്‍ തന്നെ റോബര്‍ട്ടിന്‍റെ ഉയരം അഞ്ചടി നാലിഞ്ചായിരുന്നു. ഒരു പതിനേഴുവയസുകാരന്‍ ധരിക്കുന്ന വസ്ത്രങ്ങൾ വേണ്ടി വന്നു അഞ്ചാമത്തെ വയസില്‍ അവന് ധരിക്കാൻ. മൂന്നുവര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ അവന്‍ അവന്‍റെ അച്ഛനേക്കാളും നീളം വച്ചു. ആ സമയത്ത് 187 സെ.മി (ആറടി രണ്ടിഞ്ച്) നീളവും 90 കിലോ ഭാരവും ഉണ്ടായിരുന്നു റോബര്‍ട്ടിന്.
ഡോക്ടര്‍മാര്‍ അവന്‍റെ അവസ്ഥയെ വിശദീകരിച്ചത് പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ഹൈപ്പർപ്ലാസിയ (hyperplasia of his pituitary gland) എന്നാണ്. അത് മനുഷ്യരില്‍ അനിയന്ത്രിതമായി ഉയരം കൂട്ടും എന്ന് പറയുന്നു. ഈ ഉയരം കൊണ്ടുതന്നെ അവനെയൊരു അസാധാരണക്കാരനായ കുട്ടിയായി സമൂഹം കണ്ടു. എന്നാല്‍, അവന്‍റെ മാതാപിതാക്കള്‍ അവന്‍റെ ജീവിതം കഴിയുന്നതും സാധാരണമാക്കാന്‍ പരിശ്രമിച്ചിരുന്നു. പതിമൂന്നാമത്തെ വയസില്‍ അവന്‍ ലോകത്തിലെ തന്നെ ഉയരമുള്ള ബോയ് സ്കൗട്ട് ആയി മാറി. അവന് വേറെ തന്നെ വസ്ത്രവും സ്ലീപ്പിംഗ് ബാഗും ടെന്‍റുമെല്ലാം വേണ്ടി വന്നു. അവനേക്കാൾ എത്രയോ ഉയരം കുറഞ്ഞ കുട്ടികളായിരുന്നു അന്ന് അവന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. പതിനെട്ടാമത്തെ വയസില്‍ അവന്‍ ലോകത്തിലെ തന്നെ ഉയരമുള്ള വ്യക്തിയായി അറിയപ്പെട്ടു. അവനായി പ്രത്യേകം പണിയിപ്പിച്ച 37 AA സൈസ് ഷൂവാണ് അവന്‍ ധരിച്ചിരുന്നത്. സാധാരണ വസ്ത്രത്തേക്കാള്‍ മൂന്നിരട്ടിയെങ്കിലും വലിപ്പമുള്ള വസ്ത്രം വേണ്ടി വന്നു അവന് ധരിക്കാന്‍. അതും അവന് വേണ്ടി പ്രത്യേകം തയ്പ്പിച്ചു.
1936 -ല്‍ റിംഗ്ലിങ് സഹോദരന്മാര്‍ റോബര്‍ട്ടിനെ ശ്രദ്ധിച്ചു. അത് അവന്റെ ജീവിതത്തെ വേറൊരു രീതിയിലേക്ക് മാറ്റി. അവരുടെ ട്രാവലിംഗ് സര്‍ക്കസിലേക്ക് അവനെ റിംഗ്ലിങ് സഹോദരന്മാർ ക്ഷണിച്ചു. അങ്ങനെ അവനും അതിലെ ഒരു അംഗമായി. അതവനെ അറിയപ്പെടുന്നവനാക്കി. ആളുകള്‍ക്ക് റോബര്‍ട്ടിനെ വലിയ ഇഷ്‍ടമായിരുന്നു. അവരവന് 'ജെന്‍റില്‍ ജിയാന്‍റ്' എന്ന ഓമനപ്പേരിട്ടു. എന്നാല്‍, അവന്‍റെ കാലുകള്‍ക്കും പാദങ്ങള്‍ക്കും അപ്പോഴേക്കും ബലക്ഷയം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. അവനെപ്പോഴും നടക്കാന്‍ ഒരു ലെഗ്ബ്രേസിന്‍റെയും ചൂരല്‍വടിയുടേയും സഹായം വേണ്ടിവന്നു.
1940 -ല്‍ ബ്രേസ് ഇറുകിനിന്നതിനെ തുടര്‍ന്ന് കാലുകളില്‍ അസ്വസ്ഥത ഉണ്ടായി. പൊട്ടലുകളുണ്ടായി. അത് മാറ്റി അവനെ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് ഡോക്ടര്‍മാര്‍ക്ക് റോബര്‍ട്ടിനെ സഹായിക്കാനായില്ല. 1940 -ല്‍ വെറും ഇരുപത്തിരണ്ടാമത്തെ വയസില്‍ അവന്‍ മരിച്ചു. അവന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ശവപ്പെട്ടിയില്‍ അവനെ അടക്കി. പത്തടി ഒമ്പതിഞ്ചായിരുന്നു അപ്പോള്‍ അവന്‍റെ നീളം, ആയിരം പൗണ്ട് തൂക്കവും. 12 പേര്‍ ചേര്‍ന്നാണ് അവന്‍റെ ശവപ്പെട്ടി ചുമന്നത്. അങ്ങനെ ലോകത്തിലേക്കും വലിയവനായ അവൻ വേദനിപ്പിക്കുന്ന ഓർമ മാത്രമായി. ഇല്ലിനോയിസിലെ ആല്‍ട്ടണില്‍ അവന്‍റെ ജന്മദേശത്ത് അവന്‍റെ ഓര്‍മ്മയ്ക്കായി ഒരു പൂര്‍ണകായ പ്രതിമയുണ്ട്.