
കൊറോണ വൈറസ് ആശങ്കയെ തുടര്‍ന്ന് നൂറുകണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി മലേഷ്യയില്‍ നിന്നും പുറപ്പെട്ട ബോട്ടിലെ യാത്രക്കാരുടെ സ്ഥിതി അതീവ ദയനീയം. ഈ ആളുകളെല്ലാം മരിച്ചുതീരും മുമ്പ് എത്രയും പെട്ടെന്ന് വിഷയത്തില്‍ ഒരു തീരുമാനം കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ.
നൂറിലേറെപ്പേര്‍ ഇപ്പോഴും കടലില്‍ പെട്ടിരിക്കുന്നുണ്ടെന്നാണ് കിട്ടുന്ന വിവരം. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും അടങ്ങുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സംഘമാണ് മാസങ്ങളായി കടലില്‍ കുടുങ്ങിയത്. മലേഷ്യയിലേക്ക് തിരിച്ച ബോട്ടായിരുന്നു ഇവരുടേത്. എന്നാല്‍ വഴി മാറി പോകേണ്ടി വരികയായിരുന്നു. ബംഗ്ലാദേശി കോസ്റ്റുഗാര്‍ഡുകള്‍ ഇവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും എത്രയോപേര്‍ മരിച്ചുവീണിരുന്നു. ശേഷിച്ചിരുന്നവര്‍ തന്നെ പരസ്പരം അക്രമിക്കാനുള്ള മാനസികാവസ്ഥയിലെത്തിയിരുന്നു.
ബോട്ടില്‍ 500 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍, 20 മുതല്‍ 50 പേര്‍ വരെ അതില്‍വെച്ചുതന്നെ മരിച്ചുവെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നു. കടല്‍വെള്ളം കുടിച്ചാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും ഇവര്‍ പറയുന്നുണ്ട്. മരിച്ചവരുടെ ശരീരങ്ങള്‍ കടലിലൊഴുകി നടപ്പുണ്ടായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ഞാന്‍ മലേഷ്യയിലേക്ക് പോകാനായി ഇറങ്ങിത്തിരിച്ചതാണ്. കാരണം എനിക്കെന്‍റെ കുടുംബത്തിനെ പോറ്റേണ്ടതുണ്ടായിരുന്നു. എനിക്ക് മൂന്നു പെങ്ങമ്മാരുണ്ട് വീട്ടില്‍. അതുകൊണ്ടാണ് ഞാന്‍ മലേഷ്യയിലേക്ക് പോന്നത്. ബോട്ടില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട ഒരു യുവാവ് പറയുന്നു. രക്ഷപ്പെട്ട നൂറിലധികം പേരെ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയാണ്. നൂറിലേറെപ്പേര്‍ ഇപ്പോഴും ബോട്ടില്‍ കടലിൽത്തന്നെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. തിരികെയെത്തിയ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് തിരികെ സ്വീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ആളുകള്‍ മരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. പക്ഷേ, ലോകത്തെ രാജ്യമില്ലാത്ത എല്ലാ മനുഷ്യരുടെയും കാര്യം ഞങ്ങള്‍ ബംഗ്ലാദേശിന്‍റെ മാത്രം ഉത്തരവാദിത്വമല്ല. യുഎസ്എ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെയൊക്കെ ലോകനേതാക്കളാണ് ഇതിന് ഉത്തരം പറയേണ്ടത് എന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് വരെ മ്യാന്‍മറില്‍ പീഡനങ്ങള്‍ക്കിരയായിരുന്നവരാണ് ഈ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍. എന്നാലിപ്പോള്‍ ബംഗ്ലാദേശില്‍ എന്തുചെയ്യണമെന്നറിയാതെ ദാരിദ്ര്യത്തിൽ കഴിയുകയാണിവർ. യുഎന്‍എച്ച്‌സിആര്‍ ഏഷ്യ പസിഫിക്ക് ഡയറക്ടറായ ഇന്ദ്രിക റാറ്റ് വാറ്റ് പറയുന്നത് ഈ പാവപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതങ്ങളെ കുറിച്ച് അവര്‍ക്കും ചെറുതല്ലാത്ത ആശങ്കയുണ്ട് എന്നാണ്.
ഏതായാലും മുമ്പെങ്ങുമില്ലാത്തവിധം ലോകം അതിന്‍റെ എല്ലാ അതിരുകളും അടച്ചിട്ടപ്പോള്‍ നേരത്തെ തന്നെ അഭയാര്‍ത്ഥികളായിരുന്ന ഇവരുടെ കാര്യം കൂടുതല്‍ ദുരിതത്തിലാണ്. എപ്പോള്‍ വേണമെങ്കിലും മരണം മുന്നിലെത്താമെന്ന ഭീതിയിലാണിവര്‍.