'ബന്ധുക്കള്‍ മിണ്ടില്ല, ഭാര്യയ്ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാകില്ല'; ഇത് സെല്‍വരാജിനെപ്പോലെ അനേകംപേരുടെ ജീവിതം

By Web TeamFirst Published Jan 10, 2020, 11:01 AM IST
Highlights

"പത്ത് വർഷത്തിലേറെയായി എന്നോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് നാലുപേർ അമിതമായ മദ്യപാനം മൂലം മരണപ്പെട്ടു. ഞങ്ങളുടെ ജോലി വളരെ ബുദ്ധിമുട്ടേറിയതാണ്. ദുർഗന്ധം സഹിക്കാനായി ഞങ്ങൾക്ക് മദ്യപ്പിക്കേണ്ടി വരുന്നു. ഞാൻ പലപ്പോഴും ഈ ജോലി ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചിട്ടുണ്ട്. എന്നാലും ആരും കാണാതെ മൃതദേഹങ്ങൾ സ്റ്റേഷന് സമീപം കിടക്കുന്നുവെന്നോ, അല്ലെങ്കിൽ ആരെങ്കിലും ആത്മഹത്യ ചെയ്യതുവെന്നോ അറിയുമ്പോൾ, ഞാൻ അവിടേക്ക് പോകും" 

ചെന്നൈയിലെ വ്യാസർപാഡി നിവാസിയായ എൻ. സെൽവരാജ് വളരെ സന്തോഷത്തിലാണ്. 30 വർഷത്തിലേറെക്കാലം ഒരു താല്‍ക്കാലിക തൊഴിലാളിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഒടുവിൽ സതേൺ റെയിൽവേയിൽ ഒരു സ്ഥിരജോലി ലഭിച്ചിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ജീവിതത്തിൽ 16 -ാമത്തെ വയസ്സിലാണ് ആദ്യമായി ആ ജോലി അദ്ദേഹത്തെ തേടിയെത്തിയത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിക്കുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യുകയായിരുന്നു ജോലി. ആർക്കും ഭയം തോന്നുന്ന, ആരും ചെയ്യാൻ മടിക്കുന്ന ജോലി പക്ഷേ, അദ്ദേഹം ഏറ്റെടുക്കാൻതന്നെ തീരുമാനിച്ചു. തന്‍റെ 16 -ാമത്തെ വയസ്സിൽ മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന ശവങ്ങളെടുക്കുക എന്ന തൊഴിലിലേക്ക് സെല്‍വരാജ് പ്രവേശിച്ചു. 

ചെറുപ്രായത്തിൽ  പിതാവിനെ നഷ്ടപ്പെട്ട സെൽവരാജിന് കുട്ടിക്കാലത്തുതന്നെ കുടുംബത്തെ നോക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടതായി വന്നു. അതുകൊണ്ടുതന്നെ ലഭിച്ച ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. "കഴിഞ്ഞ 30 വർഷമായി ഞാൻ സെൻട്രൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. 6,000 -ത്തിലധികം മൃതദേഹങ്ങള്‍ ഞാൻ ശേഖരിച്ചിട്ടുണ്ട്. ഈ ജോലി ചെയ്യുന്നതുകൊണ്ട് സമൂഹത്തിലെ നിരവധി ആളുകൾ എന്നെ അധിക്ഷേപിക്കുകയും, മോശമായി പെരുമാറുകയും ചെയ്‍തിട്ടുണ്ട്. എന്‍റെ ബന്ധുക്കൾപോലും എന്നോട് മോശമായാണ് പെരുമാറാറുള്ളത്. എന്നിട്ടും അന്നം തരുന്ന ഈ ജോലിയെക്കുറിച്ച് മോശമായി ചിന്തിക്കാൻ എനിക്കായില്ല. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്, എനിക്ക് രണ്ട് മൂത്ത സഹോദരിമാരും രണ്ട് ഇളയ കുട്ടികളുമുണ്ട്. എന്‍റെ അച്ഛൻ ചെറുപ്രായത്തിൽ തന്നെ മരിച്ചു. കുടുംബ സാഹചര്യം കാരണമാണ് എനിക്ക് ഈ മൃതദേഹങ്ങള്‍ മാറ്റുന്ന ജോലി ചെയ്യേണ്ടി വന്നത്” സെൽവരാജ് പറഞ്ഞു.

“തുടക്കത്തിൽ 20 രൂപ ദിവസക്കൂലിക്കാണ് ജോലി ചെയ്‍തിരുന്നത്. ഇപ്പോൾ നിരവധി വർഷത്തെ സേവനത്തിനുശേഷവും എനിക്ക് 500 രൂപയാണ് ലഭിക്കുന്നത്. അത് എന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികൾക്ക് കൂടി അവകാശപ്പെട്ടതാണ് അത്. ഞങ്ങൾ എല്ലാവരും ആ തുക പങ്കിട്ടെടുക്കും. ഞങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് നിരവധി അഭ്യർത്ഥനകളാണ് റെയിൽ‌വേയിൽ ഞാൻ കൊടുത്തിട്ടുള്ളത്, എന്നാൽ ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാൾക്ക് ചിന്തിക്കാവുന്നതിലും കഠിനമാണ് സെൽവരാജിന്‍റെ ജോലി. "പത്ത് വർഷത്തിലേറെയായി എന്നോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് നാലുപേർ അമിതമായ മദ്യപാനം മൂലം മരണപ്പെട്ടു. ഞങ്ങളുടെ ജോലി വളരെ ബുദ്ധിമുട്ടേറിയതാണ്. ദുർഗന്ധം സഹിക്കാനായി ഞങ്ങൾക്ക് മദ്യപ്പിക്കേണ്ടി വരുന്നു. ഞാൻ പലപ്പോഴും ഈ ജോലി ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചിട്ടുണ്ട്. എന്നാലും ആരും കാണാതെ മൃതദേഹങ്ങൾ സ്റ്റേഷന് സമീപം കിടക്കുന്നുവെന്നോ, അല്ലെങ്കിൽ ആരെങ്കിലും ആത്മഹത്യ ചെയ്യതുവെന്നോ അറിയുമ്പോൾ, ഞാൻ അവിടേക്ക് പോകും"  അദ്ദേഹം പറഞ്ഞു.

"ഒരു മാസത്തിൽ 10-15 മൃതദേഹങ്ങൾ എടുക്കേണ്ടിവരും. കോച്ചുകൾക്കുള്ളിൽ ഹൃദയാഘാതം മൂലം പെട്ടെന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ഞാൻ എടുക്കാറുണ്ട്. 2012 -ൽ ഒരു മനുഷ്യന്‍റെ തലയില്ലാത്ത ശരീരം ഒരു ട്രങ്ക് ബോക്സിൽ വന്നത് ഞാൻ ഓർക്കുന്നു. സബ്‌വേകൾ ഉപയോഗിക്കാതെ തിടുക്കത്തിൽ റെയിൽവേ ട്രാക്കുകളിലൂടെ ക്രോസ്സ് ചെയ്യാൻ ശ്രമിക്കുന്നവരും, ഫുട്‌ബോർഡിൽ സഞ്ചരിക്കുന്നവരുമാണ് മരണം സംഭവിക്കുന്നവരിൽ ഭൂരിഭാഗവും" സെൽവരാജ് പറഞ്ഞു.

ആത്മഹത്യകൾ പലതരമാണ് എന്നദ്ദേഹം പറയുന്നു. ചിലപ്പോൾ കടന്നുപോകുന്ന ട്രെയിനിന് മുന്നിൽ ആളുകൾ ചാടും. "ട്രെയിനിന്‍റെ വേഗതയിൽ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ ട്രാക്കുകളിൽ ചിതറിക്കിടക്കും. തല, കൈ, കാലുകൾ തുടങ്ങി എല്ലാ ഭാഗങ്ങളും കണ്ടുപിടിച്ച്, അവയെല്ലാം ഒരുമിച്ച് തുന്നിച്ചേർക്കുകയും, പൊലീസ് അധികൃതർ വരുന്നതുവരെ അതിന് കാവലിരിക്കുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യ ഒരിക്കലും തന്നോടൊപ്പമിരുന്നു ആഹാരം കഴിക്കാറില്ല എന്നദ്ദേഹം പറയുന്നു. ചിലപ്പോൾ ലോകത്തിൽ എനിക്ക് മാത്രമാണോ ഇങ്ങനെ ഒരു ജോലി കിട്ടിയിട്ടുണ്ടാവുക എന്ന് താൻ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന് ആരും മരിക്കരുതേയെന്നും, ഒരു കുടുംബവും കഷ്ടപ്പെടേണ്ടി വരല്ലേ എന്ന് എന്നും ഞാന്‍ പ്രാര്‍ത്ഥിക്കും. അടുത്ത നിമിഷം ജോലിയില്ലെങ്കിൽ ഞാൻ എങ്ങനെ കുടുംബത്തെ പോറ്റുമെന്ന് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നും. ഇതിനുരണ്ടിനുമിടയില്‍ക്കിടന്നു ഞാന്‍ പിടയുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിക്കഴിഞ്ഞാൽ, എന്‍റെ ശരീരത്തിന് മൃതദേഹത്തിന്‍റെ ദുഷിച്ച നാറ്റമുള്ളപോലെ  എനിക്കനുഭവപ്പെടും. കുളിച്ചതിനുശേഷവും രക്തത്തിന്‍റെ മണം എനിക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്നപോലെ തോന്നും. രണ്ട് വർഷം മുമ്പാണ് ഞാൻ വിവാഹിതനായത്, എന്‍റെ ജോലിയെന്താണെന്ന് ഭാര്യക്കറിയാം. ശരീരത്തിലെ ദുർഗന്ധത്തെക്കുറിച്ച് അവൾ ഒരിക്കലും പരാതിപ്പെടാറില്ല. പക്ഷേ, ഭക്ഷണം വിളമ്പുന്നതിനിടയിൽ അവൾ മൂക്ക് പൊത്തുന്നത് കാണുമ്പോൾ എനിക്ക് കുറ്റബോധം തോന്നും. അതിനാൽ ഞാൻ  ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ അവളെ വിളിക്കാറുള്ളൂ” അദ്ദേഹം പറഞ്ഞു.

“എന്‍റെ അവസാന ശ്വാസം വരെയും ഞാൻ ജോലി ചെയ്യും. ഞാൻ ഒരു കുറ്റവും ചെയ്യുന്നില്ല. ഈ സേവനം ചെയ്യാൻ ദൈവം നമ്മളെപ്പോലുള്ളവരെ തിരഞ്ഞെടുത്തുവെന്നാണ് ഞാൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നത്. എല്ലാവർക്കും ഈ ജോലി ചെയ്യാൻ കഴിയില്ല. മരിച്ചവർ ദൈവത്തിന് തുല്യരാണെന്ന് ഖുറാനും, ബൈബിളും, ഭവഗദ്ഗീതയും നമ്മെ പഠിപ്പിക്കുന്നു. മരിച്ചവർക്ക് മതവും ജാതിയും ഇല്ല. ഞാൻ ചെയ്യുന്നത് ദൈവത്തിനുള്ള ഒരു സേവനമാണ്, അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല” അദ്ദേഹം പറഞ്ഞുനിർത്തി.

തമിഴ് ദിനപത്രത്തിലെ റിപ്പോർട്ടിനെത്തുടർന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ സെൽവരാജിനെ കാണുകയും, അങ്ങനെ അദ്ദേഹത്തിനെ സ്ഥിരപ്പെടുത്താനുള്ള നടപടിയെടുക്കയും ചെയ്തു. എന്തായാലും തനിക്ക് ഒരു സ്ഥിര വരുമാനം ലഭിക്കുമെന്നും, അതിലൂടെ തന്‍റെ കുടുംബത്തിന് അല്പമെങ്കിലും ഒരാശ്വാസം നല്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സെൽവരാജ്.  

click me!