Limbless Syrian boy : ലോകത്തെ നൊമ്പരപ്പെടുത്തിയ ചിത്രത്തിലെ സിറിയന്‍ ബാലനും കുടുംബത്തിനും ഇറ്റലിയില്‍ അഭയം

By Web TeamFirst Published Jan 24, 2022, 12:03 PM IST
Highlights

എന്നാൽ, സ്വതന്ത്രമായി നടക്കാനോ ജീവിക്കാനോ മുസ്തഫയ്ക്ക് ദീർഘകാല ചികിത്സ ആവശ്യമായി വരും. അവന്റെ മാതാപിതാക്കൾ ഇപ്പോൾ അവനെ എല്ലായിടത്തും എടുത്ത് കൊണ്ട് പോവുകയാണ് പതിവ്. എല്ലാവരും ചേർന്നാണ് അവന്റെ കാര്യങ്ങൾ നോക്കുന്നതും. 

ജന്മനാ കൈകാലുകളില്ലാത്ത(Limbless) മകനെ തന്റെ കൈകളാൽ വാനിലേക്കുയർത്തുന്ന മുൻസിർ എൽ നെസെലെന്ന(Munzir El Nezzel) പിതാവിന്റെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. തുർക്കിഷ് ഫോട്ടോഗ്രാഫർ മെഹ്‌മെത് അസ്ലാൻ(Turkish photographer Mehmet Aslan) എടുത്ത ഈ ചിത്രത്തിന് 2021 ജനുവരിയിൽ സിയീന അവാർഡും ലഭിക്കുകയുണ്ടായി. ഇതോടെ ഇപ്പോൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിരിക്കയാണ്. സിറിയയിൽ നിന്ന് പലായനം ചെയ്ത് തുർക്കിയിലെത്തിയ ഇവർ ഇനി ഇറ്റലിയിൽ ഒരു പുതിയ ജീവിതം ആരംഭിക്കും.  

'ജീവിതത്തിന്റെ കഷ്ടതകൾ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ ചിത്രം സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ നേർക്കാഴ്ചയാണ്. അവിടെ നടന്ന ഒരു ബോംബ് ആക്രമണത്തിലാണ് മുൻസീറിന് തന്റെ കാൽ നഷ്ടപ്പെട്ടത്. ആറ് വയസുകാരനായ മകൻ മുസ്തഫയ്ക്കാവട്ടെ ജന്മനാ കൈകാലുകളില്ല. ആഭ്യന്തരകലാപങ്ങൾക്കിടെ ഉണ്ടായ വാതക ചോർച്ചയിൽ മുസ്‌തഫയുടെ അമ്മയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. ഗർഭിണിയായിരുന്ന അവർ ആ സമയത്ത് കഴിച്ച മരുന്നുകളുടെ പാർശ്വഫലമായിരുന്നു കൈകാലുകളില്ലാത്ത മകന്റെ ജനനം. മുസ്തഫയെ കൂടാതെ ഒന്നും നാലും വയസ്സുള്ള രണ്ടു പെൺമക്കളും അവർക്കുണ്ട്. ആ അച്ഛന്‍റെയും മകന്റെയും വൈകാരികവും ഞെട്ടിപ്പിക്കുന്നതുമായ ചിത്രം ഇറ്റലിയിൽ തലക്കെട്ടുകൾ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. ഇതിനെ തുടർന്ന് സിയീന ഇന്റർനാഷണൽ ഫോട്ടോ അവാർഡ് സംഘാടകർ അവരെ ഇറ്റലിയിലേക്കു കൊണ്ടുപോകാനുള്ള വിസക്കും, ആവശ്യമായ ചികിത്സക്കും വേണ്ടി പണം സമാഹരിക്കാൻ ആരംഭിച്ചു. ഇതിനായി അവർ 100,000 യൂറോ സമാഹരിച്ചു. അവരുടെ ശ്രദ്ധേയമായ ശ്രമത്തിന് ശേഷം ആ അച്ഛനും മകനും ഇപ്പോൾ സുരക്ഷിതരായി ഇറ്റലിയിലെത്തിയിരിക്കുകയാണ്.    

എല്ലാ രാജ്യങ്ങളെയും പോലെ, ഇറ്റലിയും മാനുഷിക കാരണങ്ങളാൽ വിസ അനുവദിക്കും. എന്നാൽ, അഭയാർത്ഥികളുടെ രേഖകൾ കൈകാര്യം ചെയ്യാനും, സാമ്പത്തിക സഹായം നൽകാനും ഒരു പ്രാദേശിക സംഘടന സ്പോൺസർ ചെയ്യേണ്ടതുണ്ട്. അങ്ങനെയാണ് ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ലാഭരഹിത സ്ഥാപനം സിറിയൻ കുടുംബത്തെ സ്പോൺസർ ചെയ്യാൻ തീരുമാനിച്ചത്.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്തഫയും മുൻസീറും റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം എത്തിയത്. കുടുംബം സിയീനയിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നത്. അങ്കാറയിൽ നിന്ന് ഇറ്റലിയിലേക്ക് പറക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ മുസ്തഫ നന്ദി അറിയിച്ചു. “ഞങ്ങൾ വരുന്നു, നന്ദി. ഞങ്ങൾ ഇറ്റലിയെ സ്നേഹിക്കുന്നു," അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ, തങ്ങൾക്ക് ലഭിച്ച ഈ അവസരത്തിൽ വളരെ നന്ദിയുള്ളവരാണ് തങ്ങളെന്ന് കുടുംബം പറഞ്ഞു.

എന്നാൽ, സ്വതന്ത്രമായി നടക്കാനോ ജീവിക്കാനോ മുസ്തഫയ്ക്ക് ദീർഘകാല ചികിത്സ ആവശ്യമായി വരും. അവന്റെ മാതാപിതാക്കൾ ഇപ്പോൾ അവനെ എല്ലായിടത്തും എടുത്ത് കൊണ്ട് പോവുകയാണ് പതിവ്. എല്ലാവരും ചേർന്നാണ് അവന്റെ കാര്യങ്ങൾ നോക്കുന്നതും. പുതിയ കൃത്രിമ കൈകാലുകൾ രൂപകൽപന ചെയ്യുന്നതിനായി ഇറ്റലിയിലെ പ്രോസ്തെറ്റിക്സ് വിദഗ്ധർ മുസ്തഫയെയും പിതാവിനെയും വരുന്ന ആഴ്ചകളിൽ കാണും. ഏതാനും ആഴ്ചകൾക്കുള്ളിൽ പിതാവിന് തന്റെ ചലനശേഷിയുടെ ഭൂരിഭാഗവും വീണ്ടെടുക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, മകന് കൂടുതൽ നാളത്തെ ചികിത്സ ആവശ്യമായി വരും. തന്റെ കുട്ടികൾക്ക് ഇനി സ്കൂളിൽ പോകാൻ കഴിയുമെന്നതാണ് തന്റെ വലിയ ആശ്വാസമെന്ന് മുൻസിർ പറഞ്ഞു. അതേസമയം, തന്റെ മകന് സ്വന്തം കാലുകളിൽ നിൽക്കാനും, തന്നെ ആലിംഗനം ചെയ്യാനും കഴിയുന്ന ഒരു ദിവസത്തിന് വേണ്ടിയാണ് തന്റെ കാത്തിരിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!