
ഒരു വീട് വാങ്ങുക എന്നാൽ ഇന്ന് വൻ ചിലവാണ്. സ്ഥലത്തിന്റെയും വീടുകളുടെയും ഒക്കെ വില കുതിച്ചുയരുകയാണ്. യുകെ പോലുള്ള സ്ഥലങ്ങളിൽ പറയണ്ട. എന്നാൽ, ചിലവ് ചുരുക്കി സ്വന്തമായി ഒരിടം ഒരുക്കിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
38 -കാരിയായ ലിൻഡ്‌സി ഒരു വീട് വാങ്ങുന്നതിനുപകരം 21 ലക്ഷം രൂപയ്ക്ക് (ഏകദേശം £18,000) ഒരു സെക്കൻഡ് ഹാൻഡ് ഡബിൾ ഡെക്കർ ബസ് വാങ്ങുകയായിരുന്നു. പിന്നീട് അവർ അത് തന്റെ വീടാക്കി മാറ്റിയെടുത്തു. അതെ സഞ്ചരിക്കുന്ന വീട്. തന്റെ സ്വപ്നവീട്ടിൽ താമസിക്കുന്നു എന്ന് മാത്രമല്ല ലിൻഡ്‍സി ഇപ്പോൾ ഈ വീട്ടിൽ യുകെയിലുടനീളം സഞ്ചരിക്കുകയും ചെയ്യുകയാണ്. ഈ ബസിന്റെ ഉൾവശം ഇപ്പോൾ കണ്ടാൽ ഇത് ഒരു പഴയ ബസായിരുന്നു എന്ന് തോന്നുകയേ ഇല്ല.
കുട്ടിയായിരിക്കുമ്പോൾ ഒരു ഡ്രൈവറാവുക എന്നതായിരുന്നത്രെ അവളുടെ സ്വപ്നം. എന്നാൽ, ഒരിക്കലും അവൾ ഒരു ബസ് സ്വന്തമായി വാങ്ങുമെന്നോ അതൊരു സഞ്ചരിക്കുന്ന വീടായി മാറുമെന്നോ അവൾ കരുതിയിരുന്നില്ല.
ഒരു വർഷമാണ് ആ ബസ് തന്റെ വീടാക്കി മാറ്റാൻ അവളെടുത്തത്. 50 ലക്ഷം രൂപയും അതിനായി അവൾ ചെലവാക്കി. തന്റെ ചോരയും നീരും കണ്ണീരും എല്ലാം ചേർന്നാണ് ആ വീടിന് താൻ രൂപം നൽകിയത് എന്നാണ് അവൾ പറയുന്നത്.
ബസിന്റെ മുകൾഭാഗം അവളുടെ പേഴ്സണൽ ലിവിംഗ് സ്പേസാണെങ്കിൽ ബസിന്റെ താഴെഭാഗം കമ്മ്യൂണിറ്റി ഏരിയയും ലൈബ്രറിയുമാണ് എന്നും അവൾ പറയുന്നു. ഈ ബസ് വീടിന്റെ അകത്ത് നിന്നുള്ള കാഴ്ചകളും അവൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
അതേസമയം, ശരാശരി മൂന്നുകോടിയെങ്കിലും വേണം യുകെയില്‍ ഒരു വീട് വാങ്ങാന്‍.