നായക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് ഉടമ, ഒപ്പം കളിപ്പാട്ടങ്ങളടങ്ങിയ ബാ​ഗും ഒരു കുറിപ്പും...

Published : Jun 01, 2022, 02:07 PM IST
നായക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് ഉടമ, ഒപ്പം കളിപ്പാട്ടങ്ങളടങ്ങിയ ബാ​ഗും ഒരു കുറിപ്പും...

Synopsis

നോക്കാനാവാത്ത സാഹചര്യമായതുകൊണ്ടാണ് അവളെ ഉപേക്ഷിച്ചത് എന്ന് മനസിലാക്കുന്നു. അവളുടെ കളിപ്പാട്ടങ്ങളും മറ്റും അടങ്ങിയ ബാ​ഗ് എത്ര ശ്രദ്ധിച്ചാണ് പാക്ക് ചെയ്‍തിരിക്കുന്നത് എന്ന് കണ്ടപ്പോൾ തന്നെ നിങ്ങൾക്കവളോടുള്ള കരുതൽ ഞങ്ങൾക്ക് മനസിലായി. 

വളർത്തുമൃ​ഗങ്ങളെ (pets) വഴിയിലെവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് പോവുക എന്നത് നമുക്ക് അം​ഗീകരിക്കാനാവുന്ന കാര്യമല്ല അല്ലേ? എന്നാൽ, ഉടമയ്ക്ക് മറ്റു മാർ​ഗം ഇല്ലെങ്കിലെന്ത് ചെയ്യും? മറ്റാരെങ്കിലും തന്റെ അരുമയായ മൃ​ഗത്തെ സ്നേഹത്തോടെ നോക്കും എന്ന പ്രതീക്ഷയിലായിരിക്കും ഉടമ അങ്ങനെ പ്രവർത്തിക്കുന്നത് അല്ലേ? 

അതുപോലെ ഒരു ചെറിയ നായക്കുഞ്ഞിനെയും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അതിനൊപ്പം ഒരു ചെറുകുറിപ്പും അവളുടെ കളിപ്പാട്ടങ്ങൾ അടങ്ങിയ ബാ​ഗും കൂടിയുണ്ടായിരുന്നു. ബേബി ​ഗേൾ എന്നാണ് നായയെ വിളിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ വിസ്‌കോൺസിനിലെ ഗ്രീൻ ബേയി (Green Bay, Wisconsin, America) -ലാണ് നായയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് ഹ്യൂമൻ സൊസൈറ്റി അവളെ കണ്ടെത്തി കൂടെക്കൂട്ടി.

ദി മിറർ പറയുന്നതനുസരിച്ച്, ഹ്യൂമൻ സൊസൈറ്റി ഉടമയുടെ കുറിപ്പിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്നത് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, അവർക്ക് മറ്റ് വഴികളൊന്നുമില്ലാത്തത് കാരണമാണ് ഉടമ നായയെ വഴിയിലുപേക്ഷിച്ചത് എന്നാണ് കരുതപ്പെടുന്നത്. തനിക്കും നായയ്ക്കും ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. അത് കാരണം നായയെ നോക്കാൻ കഴിയുന്നില്ല, അതിനാലാണ് അതിനെ ഉപേക്ഷിച്ചത് എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് എന്ന് കരുതുന്നു. 

സംഘം നായക്കുഞ്ഞിനെ രക്ഷിച്ച ശേഷം, പതിവ് പരിശോധനയ്ക്കായി മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്ന ക്യാനൈൻ ഡയബറ്റിസ് എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ് അവൾക്ക് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ തന്നെ അവളുടെ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിയന്ത്രിതമായിരിക്കണം ഭക്ഷണക്രമം. വീട്ടിൽ തന്നെ ഇൻസുലിൻ കുത്തിവെപ്പും ആവശ്യമായി വരും. 

അതിനാൽ തന്നെ നായയെ നോക്കാൻ വലിയൊരു ചെലവ് തന്നെ വേണ്ടിവരും എന്ന് ഹ്യുമൻ സൊസൈറ്റിയുടെ പ്രതിനിധി പറഞ്ഞു. ഒപ്പം നായയുടെ ഉടമയോടും അവർക്ക് ചിലത് പറയാനുണ്ടായിരുന്നു. 'നോക്കാനാവാത്ത സാഹചര്യമായതുകൊണ്ടാണ് അവളെ ഉപേക്ഷിച്ചത് എന്ന് മനസിലാക്കുന്നു. അവളുടെ കളിപ്പാട്ടങ്ങളും മറ്റും അടങ്ങിയ ബാ​ഗ് എത്ര ശ്രദ്ധിച്ചാണ് പാക്ക് ചെയ്‍തിരിക്കുന്നത് എന്ന് കണ്ടപ്പോൾ തന്നെ നിങ്ങൾക്കവളോടുള്ള കരുതൽ ഞങ്ങൾക്ക് മനസിലായി. വാഹനമൊന്നും തട്ടാതിരിക്കാൻ എത്ര ശ്രദ്ധിച്ചാണ് അവളെ റോഡരികിൽ കെട്ടിയിരിക്കുന്നത് എന്ന് കണ്ടപ്പോൾ നിങ്ങളുടെ സ്നേഹം ബോധ്യമായി. അവളുടെ ആരോ​ഗ്യത്തിൽ നിന്നും എത്ര സൂക്ഷ്മതയോടെയാണ് അവളെ നിങ്ങൾ നോക്കിയത് എന്നും മനസിലായി. നിങ്ങളുടെ നായക്കു‍ഞ്ഞ് ആരോ​ഗ്യത്തോടെ നോക്കപ്പെടും' എന്നാണ് ഹ്യുമൻ സൊസൈറ്റി പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?