ന​ഗരത്തിലെല്ലാം ചർച്ചാവിഷയം ഈ 89 -കാരി; അപ്പാർട്ട്മെന്റിൽ കുടുങ്ങി, 27 -ാം നിലയിൽ നിന്ന് ഭിത്തിയിലൂർന്ന് താഴേക്ക്!

Published : Apr 10, 2026, 02:06 PM IST
apartment

Synopsis

27-ാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങി 89 വയസ്സുകാരി. ഫോൺ ലിവിംഗ് റൂമിലായിരുന്നതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ സാധിച്ചില്ല. ഒടുവില്‍ കെട്ടിടത്തിന്റെ ഭിത്തിയിലൂടെ താഴേക്കിറങ്ങി. 

വീട്ടിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയതിനെത്തുടർന്ന് കെട്ടിടത്തിന്റെ പുറംഭിത്തിയിലൂടെ സാഹസികമായി താഴേക്കിറങ്ങിയ 89 വയസ്സുകാരിയാണ് ഇപ്പോൾ എല്ലാവരേയും അമ്പരപ്പിക്കുന്നത്. ബെയ്ജിംഗിൽ ഏപ്രിൽ ഒന്നിനാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവമുണ്ടായത്. 27-ാം നിലയിലെ തന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവർ, അബദ്ധത്തിൽ കിടപ്പുമുറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഫോൺ ലിവിംഗ് റൂമിലായിരുന്നതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ ഇവർക്ക് സാധിച്ചില്ല.

ഭയന്നുപോയ വയോധിക, എയർ കണ്ടീഷണർ റെയിലിംഗുകളിൽ മുറുകെ പിടിച്ച് കെട്ടിടത്തിന് പുറത്തെ ഭിത്തിയിലൂടെ താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ഒന്നാം നില വരെ ഇത്തരത്തിൽ ഇറങ്ങാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പിന്നീട് ഇവർ പറഞ്ഞു. 26-ാം നിലയിൽ തൂങ്ങിനിൽക്കുന്ന ഇവരെ താഴെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. താഴെ നിന്നവർ അവിടെത്തന്നെ തുടരാൻ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, അവർ പതിയെ താഴേയ്ക്ക് ഇറങ്ങികൊണ്ടിരുന്നു. ഒടുവിൽ തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് 21-ാം നിലയിലെ റെയിലിംഗിൽ അവർ വിശ്രമിച്ചു.

സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടുങ്ങിയ റെയിലിംഗിലൂടെ അവരെ മുകളിലേക്ക് വലിച്ചുകയറ്റുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ, സുരക്ഷാ കയറുകൾ ഉപയോഗിച്ച് അവരെ ബന്ധിപ്പിച്ചു. തുടർന്ന് റെയിലിംഗിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി എയർ കണ്ടീഷണർ പ്ലാറ്റ്‌ഫോമിൽ സുരക്ഷിതമായി ഇരുത്തി. അവർക്ക് ആവശ്യമായ വെള്ളവും തണുപ്പിൽ നിന്ന് രക്ഷനേടാൻ ജാക്കറ്റും നൽകി. ഏകദേശം 20 മിനിറ്റ് വിശ്രമത്തിന് ശേഷം, ഒരു സ്‌ട്രെച്ചർ ഉപയോഗിച്ച് 21-ാം നിലയിലെ ജനലിന് ഇടയിൽ ഒരു താൽക്കാലിക പാലം നിർമ്മിച്ച് അവരെ സുരക്ഷിതമായി ഉള്ളിലെത്തിച്ചു.

ശാരീരികമായി പരിക്കുകളൊന്നുമില്ലെങ്കിലും ഇവർ മാനസികമായി തളർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞു. ഈ പ്രായത്തിലും ഇത്രയും വലിയ സാഹസത്തിന് മുതിർന്ന സ്ത്രീയുടെ ധൈര്യമാണ് ഇപ്പോൾ ബെയ്ജിംഗിലെ സംസാരവിഷയം.

 

PREV
Read more Articles on
click me!

Recommended Stories

അത് 'സോംബി ഡ്ര​ഗ്' അല്ല, ആ വൈറൽ വീഡിയോയിലെ യുവാവിനെ കുറിച്ച് വെളിപ്പെടുത്തലുമായി പൊലീസ്
15 -ാം വയസിൽ സ്കൂൾ പഠനമുപേക്ഷിച്ചു, ഇന്ന് വൈ കോംബിനേറ്ററിന്റെ പുതിയ ജനറൽ പാർട്ണർ, ആരാണ് ഹർഷിത അറോറ