ഉംപണ്‍ ചുഴലിക്കാറ്റും ശക്തമായ മഴയും കാലാവസ്ഥാ മാറ്റവും; ഇന്ത്യയില്‍ വെട്ടുകിളി അക്രമം കൂടാന്‍ കാരണമെന്ത്?

By Web TeamFirst Published Jun 27, 2020, 2:57 PM IST
Highlights

സാധാരണയായി, ജൂൺ മുതൽ നവംബർ വരെ പടിഞ്ഞാറൻ രാജസ്ഥാനിലും ഗുജറാത്തിലും മരുഭൂമിയില്‍ വെട്ടുകിളികൾ കാണപ്പെടാറുണ്ട്. എന്നിരുന്നാലും, ഈ വർഷം, അസാധാരണമാംവിധം, ഇവയെ ഏപ്രിൽ മാസത്തിൽ തന്നെ കണ്ടതായി കൃഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ലോക്കസ്റ്റ് വാര്‍ണിംഗ് ഓർഗനൈസേഷൻ -എൽ‌ഡബ്ല്യുഒ റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡിന്‍റെ ഭീഷണി നേരത്തെ തന്നെ നിലനില്‍ക്കുകയും അതിനെതിരെ പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വെട്ടുകിളിക്കൂട്ടം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ അക്രമിക്കുന്നത്. സമീപകാലത്തായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും വെട്ടുകിളികള്‍ അക്രമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാന്‍, മഹാരാഷ്‍ട്ര, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വരുന്ന ആഴ്‍ചകളില്‍ 12 സംസ്ഥാനങ്ങളില്‍ക്കൂടി വെട്ടുകിളികള്‍ എത്തിയേക്കാമെന്നും കരുതിയിരിക്കണമെന്നുമാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും ചുഴലിക്കാറ്റും മഴയുമെല്ലാം ഇവയുടെ പ്രജനനത്തിനും കുടിയേറ്റത്തിനും കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നും പറയുന്നു. 

കാര്‍ഷികമേഖലയില്‍ കനത്ത നഷ്‍ടം

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഗുരുതരമായ നഷ്‍ടങ്ങള്‍ തന്നെ വെട്ടുകിളി അക്രമണത്തെ തുടര്‍ന്നുണ്ടായേക്കാം അതിനാല്‍ സൂക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ വെട്ടുകിളി അക്രമണമുണ്ടായ രാജസ്ഥാനില്‍ ജൂലൈ വരെ ഇവയുണ്ടായേക്കാമെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും അറിയിച്ചിട്ടുണ്ട്. കിഴക്ക് ഭാഗം ലക്ഷ്യമാക്കി നീങ്ങുന്ന വെട്ടുകിളിക്കൂട്ടം വളരെ വേഗത്തില്‍ തന്നെ ബിഹാറിലും ഒഡീഷയിലും എത്തിയേക്കാമെന്നും കരുതുന്നു. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ശക്തമായ കാറ്റടക്കം കാറ്റിന്‍റെ ഗതികള്‍ ഇവയുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അറിയിക്കുന്നു. വെട്ടുകിളിത്തിന്‍റെ ചലനം കാറ്റിന്‍റെ ദിശയിലാണ്. പ്രത്യേകിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ശക്തമായ കാറ്റിന്‍റെ ഗതി ഇവയുടെ സഞ്ചാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും എഫ്എഒ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ പല സ്ഥലങ്ങളും തകർത്ത ഉംപണ്‍ ചുഴലിക്കാറ്റും ഇന്ത്യയില്‍ കനത്ത കാറ്റിന് കാരണമായിട്ടുണ്ട്. ആ കാറ്റും വെട്ടുകിളിക്കൂട്ടത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

കാർഷിക മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്‍ടങ്ങൾ വെട്ടുകിളിക്കൂട്ടം ഇതിനോടകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഡൗൺ ടു എർത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, രാജസ്ഥാനിലെ ബിക്കാനീറില്‍ 700 ഹെക്ടർ സ്ഥലത്തെ പരുത്തിവിളകൾക്ക് നാശമുണ്ടായിട്ടുണ്ട്, ഏകദേശം 10 കോടി രൂപയുടെ നഷ്‍ടമാണ് കണക്കാക്കുന്നത്. വെട്ടുകിളിക്കൂട്ടങ്ങൾ കൃഷിക്കാർക്ക് വളരെയധികം നഷ്ടമുണ്ടാക്കിയ രാജസ്ഥാനിലെ ധോൽപൂരിന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്.

സാധാരണയായി, ജൂൺ മുതൽ നവംബർ വരെ പടിഞ്ഞാറൻ രാജസ്ഥാനിലും ഗുജറാത്തിലും മരുഭൂമിയില്‍ വെട്ടുകിളികൾ കാണപ്പെടാറുണ്ട്. എന്നിരുന്നാലും, ഈ വർഷം, അസാധാരണമാംവിധം, ഇവയെ ഏപ്രിൽ മാസത്തിൽ തന്നെ കണ്ടതായി കൃഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ലോക്കസ്റ്റ് വാര്‍ണിംഗ് ഓർഗനൈസേഷൻ -എൽ‌ഡബ്ല്യുഒ ( Locust Warning Organisation -LWO) റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ഭീഷണിയുയര്‍ത്തിയിരിക്കുന്ന ഈ കൂട്ടങ്ങൾ അസാധാരണവും ഭയാനകവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം വെട്ടുകിളിക്കൂട്ടങ്ങൾ ഭക്ഷ്യവിളകൾക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുന്നവയാണ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്‍റെ കണക്കുകൾ പ്രകാരം പ്രതിവർഷം 2500 പേർക്ക് ഭക്ഷണം നൽകാൻ ആവശ്യമായ വിളകൾ വിഴുങ്ങാൻ ഓരോ വെട്ടുകിളികൂട്ടത്തിനും കഴിയും.

ഉംപണും കാറ്റും പിന്നെ മഴയും

എന്നാല്‍, ഈ വര്‍ഷം ഉംപണിന്‍റെ കൂടി വരവോടെ സാധാരണയുള്ളതിനേക്കാള്‍ കൂടിയ അപകടാവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക് എന്നും വിദഗ്ദ്ധര്‍ പറയുന്നു. ഉംപണ്‍ കാറ്റിനെ തുടര്‍ന്നുള്ള അവസ്ഥ വെട്ടുക്കിളിക്കൂട്ടത്തിന് വലിയ തോതില്‍ പ്രജനനത്തിനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. മഴ ഇവയ്ക്ക് പ്രജനനത്തിന് അനുയോജ്യമാണ്. 

സാധാരണ മുട്ടയിടുന്നതിന് വെട്ടുകിളികൾക്ക് വിശാലമായ ഒഴിഞ്ഞ സമതലങ്ങളാണ് ആവശ്യം. ഇടതൂർന്ന സസ്യങ്ങളുള്ള പ്രദേശങ്ങൾ ഇവയ്ക്ക് മുട്ടയിടുന്നതിന് അനുയോജ്യമല്ല. രാജസ്ഥാനിലെ മരുഭൂമികൾ അവയുടെ പ്രജനനത്തിന് അനുയോജ്യമായ ഇടമാകുന്നത് അതുകൊണ്ടാണ്. പക്ഷേ, സാധാരണയായി അവർ ഇവിടെ പ്രജനനം നടത്തുകയും ഒറ്റയ്ക്കോ ഒറ്റപ്പെട്ട ചെറിയ കൂട്ടങ്ങളായോ ജീവിക്കുകയുമായിരുന്നു പതിവ്. ഈ ചെറിയ എണ്ണം വലിയ ഭീഷണി ഉയര്‍ത്താറില്ല. എന്നാല്‍, വലിയ വെട്ടുകിളിക്കൂട്ടങ്ങളാണ് ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നതിന് കാരണമാകുന്നത്. 

ഈ വര്‍ഷം പ്രാഥമികമായി വെട്ടുകിളികളുടെ പ്രജനനം നടക്കുന്ന മറ്റ് പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും അവയുടെ പ്രജനനം കൂടാന്‍ കാരണമായി. ഉദാഹരണത്തിന്, കിഴക്കന്‍ ആഫ്രിക്കയിലും അറേബ്യന്‍ ഉപദ്വീപിന്‍റെ ഭാഗങ്ങളിലുമുണ്ടായ മഴ. അങ്ങനെയാണ് അവ അവിടെ നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയത്. കിഴക്കന്‍ ആഫ്രിക്കയിലും അറേബ്യന്‍ ഉപദ്വീപുകളിലുമുണ്ടായ വെട്ടുകിളിക്കൂട്ടത്തിന്‍റെ തുടര്‍ച്ചയാണ് നിലവില്‍ ഇന്ത്യയില്‍ കാണുന്നത്. 2018 -ല്‍ ഒമാനിലും യെമനിലും ചുഴലിക്കാറ്റ്  വീശിയടിക്കുന്നതുവരെ അവിടം വെട്ടുകിളികളുടെ വലിയ തോതിലുള്ള പ്രജനനത്തിന് സാഹചര്യമൊരുക്കിയിരുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വലിയ തോതിലാണ് ഒമാനില്‍ മഴവെള്ളമെത്തി കെട്ടിക്കിടന്നത്. അവിടെനിന്ന് ഈ വെട്ടുക്കിളിക്കൂട്ടം 2019 -ൽ ഇറാനിലും പാകിസ്ഥാനിലും അധിനിവേശം നടത്തി. ഈ വര്‍ഷം ഏപ്രില്‍ ആദ്യമാവട്ടെ അത് രാജസ്ഥാനിലും എത്തി. 

നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ വെട്ടുകിളിക്കൂട്ടത്തിന്‍റെ നീക്കം ഇന്ത്യയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റിനെ അടിസ്ഥാനമാക്കിയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാത്രവുമല്ല, ഈ കാറ്റും തുടര്‍ന്നുണ്ടായ അവസ്ഥയുമെല്ലാം അവയുടെ പ്രജനനവും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോണ പാടെ ബാധിച്ചിരിക്കുന്ന ജനതയ്ക്ക് മേല്‍ അടുത്ത വലിയ ഭീഷണി തന്നെയാണ് ഈ വെട്ടുകിളിക്കൂട്ടവും എന്നതില്‍ സംശയമില്ല. ചുരുങ്ങിയ സമയം കൊണ്ടാണ് ഇവ ഭക്ഷ്യവിളകള്‍ ഇല്ലാതാക്കുന്നത്. 

click me!