
'ബ്രിട്ടനിലെ ഏറ്റവും ഏകാന്തമായ തെരുവ്' എന്നാണ് സ്കോട്ട്ലൻഡിലെ നോർത്ത് ലനാർക്ക്ഷെയറിലെ സ്റ്റാൻഹോപ്പ് പ്ലേസ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കും പോലെ തീർത്തും ഏകാന്തമാണ് ആ പ്രദേശം. പായൽ പിടിച്ച പ്രേത ഭവനങ്ങളും, കാട് കയറിയ വഴികളുമുള്ള ആ തെരുവുകൾ എന്നാൽ തീർത്തും വിജനമാണ് എന്ന് പറയാൻ വയ്യ. അവിടെ താമസിക്കുന്ന അവസാനത്തെ ആളാണ് നിക്ക് വിസ്‌നെവ്സ്കി. 128 ഫ്ലാറ്റുകളുള്ള ഒരു പ്രദേശത്ത് അദ്ദേഹം തനിച്ചാണ് താമസിക്കുന്നത്.
വരും ദിവസങ്ങളിൽ മുഴുവൻ സ്ഥലവും തകർന്നേക്കുമെന്ന ഭീഷണി ഉണ്ടായിട്ടും വീട് ഒഴിയാൻ അദ്ദേഹം വിസമ്മതിക്കുന്നു. 2020 ഡിസംബറിലാണ് താമസക്കാരിൽ അവസാനത്തെയാളും ഒഴിഞ്ഞു പോയത്. 16 ഫ്ലാറ്റുകളുള്ള എട്ട് ബ്ലോക്കുകൾ വീതമുണ്ട് ഇവിടെ. ഇരുന്നൂറോളം താമസക്കാരാണ് അവിടെ ഉണ്ടായിരുന്നത്. താമസക്കാർ ആരുമില്ലാത്ത ഈ ഫ്ളാറ്റുകളെല്ലാം പൊളിക്കാൻ തീരുമാനിച്ചെങ്കിലും, നിക്ക് ഒഴിയാൻ തയ്യാറല്ല. അദ്ദേഹത്തെ അവിടെ നിന്ന് ഒഴിപ്പിക്കാൻ കൗൺസിൽ ഉദ്യോഗസ്ഥർ പല ശ്രമങ്ങളും നടത്തി. അവിടെ നിന്ന് മാറി താമസിക്കാൻ 35,000 പൗണ്ടും രണ്ട് വർഷത്തെ വാടകയും വാഗ്ദാനം ചെയ്തു. എന്നിട്ടും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. കൗൺസിൽ മേധാവികൾ അദ്ദേഹത്തിന് വാടകയ്ക്ക് താമസിക്കാൻ ഒരു ടെറസ് വീട് കണ്ടെത്തി നൽകാമെന്ന് പറഞ്ഞു. എന്നിട്ടും കാര്യമുണ്ടായില്ല. "എന്റെ ഫ്ലാറ്റിന് 35,000 പൗണ്ടും മറ്റെവിടെയെങ്കിലും രണ്ട് വർഷത്തെ വാടകയും സൗജന്യമായി അവർ എനിക്ക് വാഗ്ദാനം ചെയ്തു. എന്നാൽ വീണ്ടും വാടക കൊടുക്കാൻ ഞാൻ തയ്യാറല്ല. പുതിയൊരിടത്ത് സ്ഥലം വാങ്ങാൻ 35,000 പൗണ്ട് തികയുകയുമില്ല" നിക്ക് പറഞ്ഞു.
സ്ഥലം പൊളിക്കുമെന്നത് മാത്രമല്ല, ഇപ്പോൾ അദ്ദേഹത്തിന്റെ പ്രശ്‌നം. അവിടത്തെ താമസവും അത്ര കണ്ട് സുരക്ഷിതമല്ല. മോഷ്ടാക്കളെയും കൊള്ളക്കാരെയും ഭയന്നാണ് അദ്ദേഹം ഇപ്പോൾ അവിടെ കഴിയുന്നത്. "സുരക്ഷയില്ല. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് ആർക്കും പ്രവേശിക്കാം. ധാരാളം ജനാലകൾ തകർന്നിട്ടുണ്ട്. ഭാഗ്യവശാൽ ഇതുവരെ കുഴപ്പവും ഒന്നുമല്ല. എല്ലായിടത്തും പുല്ല് പടർന്ന് പിടിച്ചിരിക്കുന്നു. എന്നാൽ കൗൺസിൽ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഒടുവിൽ ഞാൻ മടുത്തു പോകുമെന്നാണ് അവരുടെ വിചാരം” അദ്ദേഹം പറഞ്ഞു.
2017 -ലാണ് റൈറ്റ് ടു ബൈ എന്ന പദ്ധതി പ്രകാരം നിക്ക് തന്റെ ഫ്ലാറ്റ് സ്വന്തമാക്കിയത്. ചില സമയങ്ങളിൽ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇനി ഒരു വാടക വീട്ടിലേയ്ക്ക് മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഡിസംബറിൽ അവസാനത്തെ ആളും പോയി. ഇത് ഇപ്പോൾ ഒരു പ്രേത നഗരം പോലെയാണ്. ഇവിടെ താമസിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണ്. എനിക്ക് ഇപ്പോൾ ഇത് പരിചയമായി. എന്നാലും ചിലപ്പോൾ ഒറ്റക്കായ പോലെ തോന്നും. സംസാരിക്കാൻ ആരുമില്ല. പണ്ട് ഇവിടെ നിറയെ ആളുകളുണ്ടായിരുന്നു. വണ്ടിയിടാൻ പോലും സ്ഥലമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ മാത്രം അവശേഷിക്കുന്നു" അദ്ദേഹം പറഞ്ഞു.