'ആരുമില്ല, 2 മണിക്കൂർ എനിക്ക് കൂട്ടിരിക്കാമോ?' ഫുഡ് ഓർഡറിനൊപ്പം ക്യാൻസർ ബാധിതയുടെ അഭ്യർത്ഥന, എത്തിയത് അനേകങ്ങൾ

Published : May 02, 2026, 02:35 PM IST
hospital

Synopsis

ഫുഡ് ഓർഡറിനൊപ്പം കാന്‍സര്‍ ബാധിതയായ യുവതിയുടെ അഭ്യര്‍ത്ഥന, 'രണ്ട് മണിക്കൂർ കൂട്ടിരിക്കാമോ'? പിന്നാലെ നടന്നത് മനുഷ്യരിലെ കരുണ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ്… 

ആശുപത്രിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വന്ന ക്യാൻസർ ബാധിതയായ 24 -കാരിക്ക് അപരിചിതരായ മനുഷ്യർ അപ്രതീക്ഷിതമായി കൂട്ടായി മാറിയ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചൈനയിലെ ഫോഷാനിൽ നിന്നുള്ള 'ലി' എന്ന 24 -കാരിയാണ് തന്റെ ഏകാന്തത മാറ്റാൻ സഹായം തേടിയത്. ആശുപത്രിയിൽ കഴിയുകയായിരുന്ന ലി തനിച്ചായിരുന്നു. അവളുടെ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനായി പിതാവിന് ദൂരസ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നു. സഹോദരനാവട്ടെ ഇന്റേൺഷിപ്പിന്റെ തിരക്കിലുമായി. ഇത് കാരണം ആശുപത്രിയിൽ ലി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. നാലാം ഘട്ട കീമോതെറാപ്പിക്ക് ശേഷം അനുഭവപ്പെട്ട കഠിനമായ ഏകാന്തതയെത്തുടർന്ന്, ഫുഡ് ഓർഡർ ചെയ്യുന്ന ഒരു ആപ്പിലൂടെ ലി ഒരു വിചിത്രമായ അഭ്യർത്ഥന നടത്തിയത്. ഭക്ഷണം എത്തിക്കുന്ന ആൾക്ക് നൽകിയ നിർദ്ദേശം ഇതായിരുന്നു: 'രണ്ട് മണിക്കൂർ എന്റെ കട്ടിലിനരികിൽ ഒന്ന് വന്നിരിക്കാമോ'

ആദ്യമെത്തിയ ഡെലിവറി ബോയ് ആ അഭ്യർത്ഥന സ്വീകരിക്കുകയും ലിക്ക് കൂട്ടായി ഇരിക്കുകയും ചെയ്തു. പിന്നീട് ഈ വിവരം അദ്ദേഹം മറ്റു സഹപ്രവർത്തകരുമായി പങ്കുവെച്ചതോടെ സഹായഹസ്തവുമായി നിരവധി പേർ എത്തിത്തുടങ്ങി. തങ്ങളുടെ ഷിഫ്റ്റുകൾക്ക് ശേഷം പല ഡെലിവറി ബോയ്സും ലിയെ സന്ദർശിക്കാനും അവർക്ക് പലഹാരങ്ങളും പുസ്തകങ്ങളും മറ്റും നൽകാനും സമയം കണ്ടെത്തി. ഗ്വാങ്‌ഷൂവിൽ നിന്നുള്ള ഒരു ഡെലിവറി ബോയ് മൂന്ന് മണിക്കൂർ യാത്ര ചെയ്താണ് ലിയെ കാണാൻ എത്തിയത്. 'മുൻപ് എനിക്ക് ദാഹിച്ചപ്പോൾ വെള്ളം നൽകി സഹായിച്ച അപരിചിതരുണ്ട്, ആ കടപ്പാട് ഇപ്പോൾ മറ്റൊരാളെ സഹായിച്ച് വീട്ടുന്നു' എന്നാണ് ആ യുവാവ് പറഞ്ഞത്.

അറുപതുകളിൽ എത്തിയ ഒരു ക്യാൻസർ സർവൈവറും പൂക്കളുമായി ലിയെ കാണാനെത്തി. 'ഞാനിപ്പോൾ എത്ര ആരോഗ്യവതിയാണെന്ന് നോക്കൂ, നീയും കരുത്തോടെ മുന്നോട്ട് പോകണം' എന്ന് അവർ ലിയെ ആശ്വസിപ്പിച്ചു. അപരിചിതരിൽ നിന്ന് ലഭിച്ച ഈ അപ്രതീക്ഷിതമായ പിന്തുണ ലിയുടെ മാനസികാവസ്ഥയിൽ വലിയ മാറ്റമാണുണ്ടാക്കിയത്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഏപ്രിൽ 20 -ന് അവർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. 'ഇത്രയധികം ആളുകൾ എനിക്കൊപ്പം നിൽക്കാനെത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവരുടെ സ്നേഹം എന്നെ ആഴത്തിൽ സ്പർശിച്ചു' എന്നാണ് ലി പറയുന്നത്. അടുത്ത ഘട്ട ചികിത്സയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ലി.

PREV
Read more Articles on
click me!

Recommended Stories

ഒരിക്കലും നിങ്ങളുടെ ജോലിയെ പ്രണയിക്കരുത്, അനുഭവം പഠിപ്പിച്ച പാഠം; കുറിപ്പുമായി യുവാവ്
ഋഷികേശിൽ വച്ച് ക്ലിഫ് ജമ്പിംഗിന്; യുവതിയെ സാഹസികമായി രക്ഷിച്ച് സഹ നീന്തൽക്കാർ