
ദുബായിൽ എയർപോർട്ടിൽ വച്ച് നഷ്ടപ്പെട്ട തന്‍റെ ഫോണ്‍ ചെന്നൈയിൽ വച്ച് തിരികെ കിട്ടിയെന്ന് തമിഴ് യൂട്യൂബറിന്‍റെ വെളിപ്പെടുത്തൽ. തമിഴ് യൂട്യൂബറായ മദൻ ഗൗരിയാണ് ദുബായ് പോലീസ് നഷ്ടപ്പെട്ട് പോയ ഫോണ്‍ തിരികെ, അതും സൗജന്യമായി ചെന്നൈയിൽ എത്തിച്ച് തന്നതെന്ന് വെളിപ്പെടുത്തിയത്. അതിനായി ഒരു ഇമെയിൽ അയക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. നഷ്ടപ്പെട്ട ഫോൺ തിരികെ എത്തിച്ച് നൽകിയതിന് ദുബായ് പോലീസിനും എമിറേറ്റ്‌സിനും നന്ദി പറഞ്ഞ് കൊണ്ട് മദൻ ഗൗരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായി.
ഒരാഴ്ച മുമ്പ് ദുബായ് വിമാനത്താവളത്തിൽ വെച്ച് തന്‍റെ ഫോൺ നഷ്ടപ്പെട്ടെന്ന് വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ അറിയിച്ചു. ഈ സമയം ഫോണിന്‍റെ വിശദാംശങ്ങൾ ഇമെയില്‍ ചെയ്യാന്‍ വിമാനത്തിലെ എയർഹോസ്റ്റസ് പറഞ്ഞു. വലിയ വിമാനത്താവളത്തിൽ എവിടെ വച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടതെന്ന് ഓർമ്മയില്ല. അത് തിരികെ കിട്ടുന്നതെങ്ങനെ എന്ന് സംശയമുണ്ടായിരുന്നു. ഫോണ്‍ വിമാനത്താവളത്തിലുണ്ടെങ്കില്‍ തിരികെ കിട്ടുമെന്ന എയർഹോസ്റ്റസിന്‍റെ വാക്കുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ വിവരങ്ങളെല്ലാം വച്ച് താനൊരു ഇമെയിൽ അയച്ചെന്നും മദൻ ഗൗരി വീഡിയോയില്‍ പറയുന്നു. ദുബായ് പോലീസ് ഏറ്റവും അടുത്ത ഫ്ലൈറ്റിന് ഫോണ്‍ ചെന്നൈയിലേക്ക് സൗജന്യമായി തിരിച്ചയച്ചു. മദന്‍ ഗൗരിയുടെ വെളിപ്പെടുത്തൽ ദുബായ് പോലീസിന്‍റെ സുരക്ഷാ നടപടികളെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വലിയ മതിപ്പുണ്ടാക്കി.
2025 സെപ്റ്റംബർ 2-ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 26 ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് രണ്ട് ലക്ഷത്തിന് മേലെ ആളുകൾ ലൈക്കും ചെയ്തു. നിരവധി പേര്‍ ദുബായ് പോലീസിന്‍റെ പ്രവര്‍ത്തിയിൽ അവിശ്വാസം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ സൗജന്യമായി ഫോണ്‍ ഉടമയക്ക് വിമാനമാർഗം അയച്ച് നല്‍കിയ ദുബായ് പോലീസിനെ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ദുബായിയുടെ ഏറ്റവും നല്ല വശങ്ങളിലൊന്നാണിത്. അവിടെ വച്ച് എന്ത് നഷ്ടപ്പെട്ടാലും അത് നിങ്ങളുടെ കൈയില്‍ തിരിച്ചെത്തിച്ച് തരുമെന്നായിരുന്നു മറ്റൊരാൾ എഴുതിയത്. ഇതാണ് ആളുകൾ ദുബായിയെ ഇഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു മറ്റൊരു കുറിപ്പ്.