
നെഞ്ചോട് ചേർത്ത് സൂക്ഷിച്ച സാധനങ്ങൾ പ്രതീക്ഷിക്കാതെ കളഞ്ഞു പോയാൽ നമുക്ക് ഉണ്ടാകുന്ന വിഷമം പറയാൻ സാധിക്കില്ല, അല്ലെ? യുഎസിലെ ഡാന സ്കോട്ട് ലാഫ്ലിനും ഏതാണ്ട് അതേ അവസ്ഥയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴാണ് തന്റെ പ്രിയപ്പെട്ട മോതിരം അവൾക്ക് കളഞ്ഞു പോയത്. സംഭവം നടന്ന് 53 വർഷങ്ങൾ പിന്നിട്ടുവെങ്കിലും, ഇന്നും അതോർക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധമാണ് അവൾക്ക്.
കൃത്യമായി പറഞ്ഞാൽ, 1969 -ലാണ് മോതിരം അവൾക്ക് നഷ്ടമാകുന്നത്. ഫെയർഫീൽഡ് ഹൈസ്‌കൂളിൽ പഠിക്കുകയാണ് അന്ന് അവൾ. പരീക്ഷ പാസ്സായതിന് തൊട്ടുപിന്നാലെ, ബെറിയെസ്സ തടാകത്തിൽ നീന്താൻ പോയപ്പോഴാണ് അവളുടെ മോതിരം അവൾക്ക് നഷ്ടമായത്. അന്ന് കുറെ തിരഞ്ഞു നടന്നെങ്കിലും, അത് കണ്ടെത്താൻ സാധിച്ചില്ല. കുറെ കരഞ്ഞുവെങ്കിലും, ഇനി ഒരിക്കലും അത് തിരികെ കിട്ടില്ലെന്ന് അവൾ മനസ്സ് കൊണ്ട് ഉറപ്പിച്ചു. പിന്നെ അവൾ പഠനം പൂർത്തിയാക്കി. വിവാഹം കഴിച്ചു. ആറു കുട്ടികളുടെ അമ്മയുമായി. ഇപ്പോൾ അവൾ മുൻപ് താമസിച്ചിരുന്ന വടക്കൻ കാലിഫോർണിയയിൽ നിന്ന് മാറി 2,800 കിലോമീറ്ററിലധികം ദൂരെയുള്ള അലബാമയിലെ ഫോളിയിലാണ് അവൾ താമസിക്കുന്നത്. ഒരു ദിവസം ഒട്ടും നിനച്ചിരിക്കാതെ അവൾക്ക് ഒരു സന്ദേശം ലഭിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തടാകത്തിൽ മീൻ പിടിക്കുന്നതിനിടെ ഒരു മോതിരം കണ്ടെത്തിയെന്നും അതിന്റെ ഉടമയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നുമായിരുന്നു സന്ദേശം. ദമ്പതികളായ ഡിർക്ക്, കെല്ലി ബയാസിയാണ് അവളുടെ മകനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവൾക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. "തടാകത്തിൽ വെള്ളം കുറവായിരുന്നു. മത്സ്യബന്ധനത്തിനുള്ള സാധനങ്ങൾ എടുക്കാൻ ഞാൻ തീരത്ത് നടക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു പാറയിൽ തട്ടി ഞാൻ മറിഞ്ഞു വീണു. നോക്കുമ്പോൾ മുൻപിൽ ഒരു മോതിരം കിടക്കുന്നു" ഡിർക്ക് മീഡിയ ഹൗസിനോട് പറഞ്ഞു.
പിന്നെ അതിന്റെ യഥാർത്ഥ ഉടമയെ തേടിയുള്ള ഓട്ടമായിരുന്നു. എന്നാൽ ലാഫ്ലിയുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ മോതിരത്തിൽ കൊത്തി വച്ചിരുന്നു. തടാകത്തിൽ നിന്ന് കിട്ടിയ മോതിരത്തിന്റെ ചിത്രങ്ങൾ കെല്ലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലെ ആളുകളുടെ സഹായത്തോടെ മോതിരം തിരിച്ചറിഞ്ഞു. അതിനെ തുടർന്നാണ് ദമ്പതികൾ അവളുടെ മകനെ ബന്ധപ്പെട്ടതും, മോതിരത്തെ കുറിച്ച് പറഞ്ഞതും. അവൾ ഇപ്പോൾ മോതിരത്തിനായുള്ള കാത്തിരിപ്പിലാണ്. "ഞാൻ ആദ്യം മോതിരം എന്റെ വിരൽ ഇട്ടു നോക്കും. ഇപ്പോഴും അത് വിരലിൽ കയറുന്നുണ്ടോ എന്നറിയാലോ" ലാഫ്ലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതെ സമയം മോതിരം തിരികെ കിട്ടിയതിൽ വളരെ അധികം നന്ദിയുണ്ടെന്നും അവൾ പറഞ്ഞു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ മോതിരമാണ് ഇപ്പോൾ തിരിച്ച് കിട്ടിയതെന്നും, ഇപ്പോഴും തനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ലാഫ്ലിൻ മാധ്യമങ്ങളോട് പറഞ്ഞു.