'ഇങ്ങനെപോയാൽ ഈ ​നാട് മരിക്കും'; ജനനനിരക്ക് കുറഞ്ഞു, ആളുകൾ വലിയ ന​ഗരങ്ങളിലേക്ക് ചേക്കേറി; ആശങ്കയിൽ ഇറ്റാലിയൻ ​ഗ്രാമം

Published : Jul 19, 2025, 07:25 PM ISTUpdated : Jul 19, 2025, 07:28 PM IST
Fregona

Synopsis

ഏകദേശം 2,700 താമസക്കാരിൽ ഈ വർഷം ജനിച്ചത് ആകെ നാല് കുഞ്ഞുങ്ങൾ മാത്രമാണ് എന്നും മേയർ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഈ ​ഗ്രാമം വൈകാതെ മരിക്കും എന്നാണ് മേയർ ഡി ലൂക്ക പറയുന്നത്.

ഇറ്റലിയിൽ‌ പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ​ഒരു ചെറുപട്ടണമാണ് ഫ്രെഗോണ. ലോകത്തിലെ പല ​ഗ്രാമങ്ങൾക്കും ചെറുപട്ടണങ്ങൾക്കും നേരിടേണ്ടി വരുന്ന അതേ വിധിയാണ് ഇപ്പോൾ ഫ്രെ​ഗോണയ്ക്കും ഉണ്ടായിരിക്കുന്നത്. ജനനനിരക്ക് കുറയുകയും താമസക്കാർ വലിയ നഗരങ്ങളിലേക്കോ വിദേശത്തേക്കോ ഒക്കെ അവസരങ്ങൾ തേടിപ്പോവുകയും ചെയ്തതോടെ ജനസംഖ്യയിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നും വലിയ ആശങ്ക സൃഷ്ടിക്കുന്നു എന്നുമാണ് ഇവിടുത്തെ മേയറായ ജിയാക്കോമോ ഡി ലൂക്ക പറയുന്നത്.

പ്രദേശത്തെ ചെറിയ ചെറിയ കടകളും സ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടാൻ നിർബന്ധിക്കപ്പെടുന്നു. രണ്ട് സൂപ്പർമാർക്കറ്റുകൾ, ഒരു ബാർബർഷോപ്പ്, റെസ്റ്റോറന്റുകൾ എന്നിവയെല്ലാം ആളുകൾ ഇല്ലാത്തതിന്റെ ഭാ​ഗമായി അടച്ചുപൂട്ടിയിരിക്കുകയാണ്. അതുപോലെ സ്കൂളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അത് മാത്രമല്ല, വളരെ വേ​ഗത്തിൽ പ്രായമായിക്കൊണ്ടിരിക്കുകയാണ് ന​ഗരത്തിന്. ചെറിയ പ്രായത്തിലുള്ളവരെല്ലാം പോയിത്തുടങ്ങിയതോടെ പ്രായമാവരാണ് ഏറെയും ഇവിടെ അവശേഷിക്കുന്നത്.

ഫ്രെ​ഗോണയിലെ പ്രൈമറി സ്കൂളിൽ ആകെ നാല് കുട്ടികൾ മാത്രമാണുള്ളത്. അതിനാൽ അത് അടച്ചുപൂട്ടൽ വക്കിലാണ്. സംസ്ഥാനത്തിൽ നിന്നുള്ള ധനസഹായം കിട്ടണമെങ്കിൽ സ്കൂളിൽ കുറഞ്ഞത് പത്ത് കുട്ടികൾ എങ്കിലും വേണമെന്നാണ് നിബന്ധന. കഴിഞ്ഞ 10 വർഷത്തിനിടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 20% -മാണ് കുറഞ്ഞത്. ഏകദേശം 2,700 താമസക്കാരിൽ ഈ വർഷം ജനിച്ചത് ആകെ നാല് കുഞ്ഞുങ്ങൾ മാത്രമാണ് എന്നും മേയർ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഈ ​ഗ്രാമം വൈകാതെ മരിക്കും എന്നാണ് മേയർ ഡി ലൂക്ക പറയുന്നത്.

ഈ സാഹചര്യങ്ങളെ നേരിടുന്നതിനും ആളുകളെ തിരികെ പട്ടണത്തിലേക്ക് തന്നെ ആകർഷിക്കുന്നതിനുമായി വിവിധ നടപടികളും ഡി ലൂക്ക സ്വീകരിക്കുന്നുണ്ട്. കുട്ടികളെ മിനി ബസിൽ സ്കൂളിലെത്തിക്കുക, വൈകുന്നേരം ആറ് മണി വരെ അവരെ സ്കൂളിലിരുത്തുകയും ശേഷം വീട്ടിലെത്തിക്കുകയും ചെയ്യുക തുടങ്ങിയ വാ​ഗ്ദ്ധാനങ്ങളാണ് മേയർ നൽകുന്നത്. കൗൺസിലാണ് ഇതിന്റെ ചെലവുകൾ വഹിക്കുക.

അതേസമയം ഫ്രെഗോണ നേരിടുന്ന പ്രശ്നങ്ങൾ ഇവിടുത്തെ മാത്രം പ്രശ്നങ്ങളല്ല. രാജ്യവ്യാപകമായ പ്രതിസന്ധിയുടെ സൂചനയാണിതും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇറ്റലിയുടെ ആകെ ജനസംഖ്യ ഏകദേശം 1.9 ദശലക്ഷം കുറഞ്ഞിട്ടുണ്ട്‌. തുടർച്ചയായ 16 വർഷമായി ജനനനിരക്ക് കുറവാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഇത് വിമാനമല്ല'; ക്യാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരന് ഡ്രൈവറുടെ സന്ദേശം
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'