പിയാനോയിൽ ഇന്ദ്രജാലം തീർത്ത് ലോകത്തെ വിസ്മയിപ്പിക്കുന്ന 13 -കാരൻ - വീഡിയോ

By Web TeamFirst Published Mar 4, 2019, 12:54 PM IST
Highlights

സവിശേഷമായ കീ പാറ്റേണും നോട്ടുകളുമാണ് ബംബിള്‍ബീയുടേത്. അത്ര എളുപ്പത്തിലൊന്നും പഠിച്ചെടുക്കാനാകില്ല എന്നതാണ് ബംബിള്‍ബീയുടെ പ്രത്യേകത. എന്നാല്‍, ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുഴുവൻ കയ്യിലെടുത്തിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള 13 വയസുകാരൻ. 

വാഷിങ്ടൺ: പിയാനോയില്‍ വേഗവിരല്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്നവര്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ് റിംസ്‌കി-കൊറാസ്‌കോവിന്റെ 'ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീ'. സവിശേഷമായ കീ പാറ്റേണും നോട്ടുകളുമാണ് ബംബിള്‍ബീയുടേത്. അത്ര എളുപ്പത്തിലൊന്നും പഠിച്ചെടുക്കാനാകില്ല എന്നതാണ് ബംബിള്‍ബീയുടെ പ്രത്യേകത. എന്നാല്‍, ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുഴുവൻ കയ്യിലെടുത്തിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള 13 വയസുകാരൻ. 

ദി വേള്‍ഡ്‌സ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയിലാണ് ലിഡിയന്‍ നാദസ്വരം എന്ന ബാലൻ പിയാനോയിൽ വിസ്മയം തീർത്ത് ലോകത്തെ അതിശയിപ്പിച്ചത്. ആദ്യം സാധാരണനിലയില്‍ വായിച്ച നാദസ്വരം പിന്നീട് മിനിറ്റില്‍ 208 ബീറ്റ് സ്പീഡിൽ പിയാനോ വായിക്കുകയായിരുന്നു. പിന്നീട് മിനിറ്റിൽ ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്താൻ നാദസ്വരം വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതിന് ശേഷം വിരലുകൾകൊണ്ട് പിയാനോയിൽ വിസ്മയം തീർക്കുകയായിരുന്നു നാദസ്വരം. 

നാദസ്വരം, പിയാനോ വായിക്കുന്നത് കണ്ട് വേദിയിലുണ്ടായിരുന്ന വിധികർത്താക്കളും കാണികളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. മകന്റെ വിസ്മയിക്കുന്ന പ്രകടനം കണ്ട് കാണികൾക്കിടയിൽനിന്നിരുന്ന അച്ഛന്‍ സതീഷ് വര്‍ഷന്‍റെ കണ്ണുകളും നിറഞ്ഞു. ഇപ്പോള്‍ ലോകപ്രശസ്ത ചാറ്റ് ഷോ ആയ 'ദി എല്ലിന്‍ ഷോ'യിലും കാണികളുടെ കയ്യടി നേടുകയാണ് നാദസ്വരം. ഷോയിൽ കണ്ണു കെട്ടിയാണ് നാദസ്വരം പിയാനോ വായിച്ചത്. ഷോയിൽ പിയാനോ വായിക്കുന്ന നാദസ്വരത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കണ്ണ് കെട്ടിയല്ലാതെ ഒരേ സമയം രണ്ട് പിയാനോയില്‍ രണ്ട് വ്യത്യസ്ത ട്യൂണുകളും നാദസ്വരം വായിക്കും. രണ്ടാം വയസ്സില്‍ സംഗീതസംവിധായകനായ അച്ഛന്റെ ഡ്രമ്മില്‍ താളമിട്ടു തുടങ്ങിയതാണ് നാദസ്വരത്തിന്റെ സംഗീതജീവിതം. എട്ട് വയസ്സായപ്പോഴേക്കും പിയാനോയില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും ചോപിനെയും ലിസ്റ്റിനെയുമെല്ലാം വായിച്ചുതുടങ്ങി. തന്റെ കഠിനാധ്വാനവും നിരന്തര പരിശീലനവും വഴിയാണ് നാദസ്വരം, പിയാനോയില്‍ വൈദഗ്ധ്യം നേടിയത്. 

ഒരു ദിവസം ആറ് മണിക്കൂര്‍ വരെ അവൻ പിയാനോ പരിശീലനം നടത്താറുണ്ട്. അഗസ്റ്റിന്‍ പോള്‍, സുരോജിത് ചാറ്റര്‍ജി എന്നിവരുടെ കീഴിലാണ് പരിശീലനം. പാശ്ചാത്യ സംഗീതം, ജാസ്സ്, ഇന്ത്യന്‍ ട്യൂണ്‍സ് എന്നിവയെല്ലാം ലിഡിയന്‍ വായിക്കും. പിയാനോയ്ക്ക് പുറമെ ഒന്നാ ഗിറ്റാറും മൃദംഗവും തബലയും ഗഞ്ചിറയും അടക്കം പതിനാല് സംഗീതോപകരണങ്ങള്‍ നാദസ്വരം വായിക്കും.  

click me!