മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തണം, യുഎസ്സിൽ ന​ഗ്നപാദയായി സൈനികൻ നടക്കാൻ തയ്യാറായത് 1200 മൈൽ

By Web TeamFirst Published Sep 4, 2021, 3:47 PM IST
Highlights

അദ്ദേഹം മകൾക്കായി ഹോപ് ഫോർ ഹസ്തി എന്ന കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇതിന്റെ ഭാഗമായി യുഎസിലെ ലാൻഡ്സ് എൻഡ് മുതൽ എഡിൻബർഗ് വരെ അദ്ദേഹം കാൽനടയായി 700 മൈൽ ദൂരം നടക്കുകയുണ്ടായി. 

മകളെ ബാധിച്ച അപൂർവ ജനിതക രോഗത്തിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായി യുഎസ്സിലെ ഒരച്ഛൻ നഗ്നപാദനായി 1200 മൈൽ നടക്കാൻ തീരുമാനിച്ചു. മേജർ ക്രിസ് ബ്രണ്ണിഗനാണ് ഒൻപത് വയസ്സുള്ള മകൾ ഹസ്തിയുടെ ചികിത്സക്കുള്ള പണം കണ്ടെത്താനായി ഈ വെല്ലുവിളി ഏറ്റെടുത്തത്. ബ്രിട്ടീഷ് ആർമിയിലെ ഒരു സൈനികനും, അഫ്ഗാനിസ്ഥാനിൽ രണ്ടുതവണ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ് മേജർ.  

വിൽറ്റ്‌ഷയറിലെ ടിഡ്‌വർത്ത് ബാരക്കിലാണ് ഈ ഉദ്യോഗസ്ഥൻ താമസിക്കുന്നത്. കഴിഞ്ഞ വർഷം 2019 -ലാണ് മകൾക്ക് കോർനെലിയ ഡി ലാൻജ് സിൻഡ്രോം (സിഡിഎൽഎസ്) എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാവാത്ത, ആയുസ്സ് കുറയ്ക്കുന്ന ഒരു അപൂർവ രോഗമാണിത്. സിഡിഎൽഎസ് ഉള്ള കുട്ടികൾക്ക് പലപ്പോഴും അപസ്മാരവും കടുത്ത ഉത്കണ്ഠയും ഉണ്ടാകുന്നു. ഇതിനെ തുടർന്ന്, അദ്ദേഹം മകൾക്കായി ഹോപ് ഫോർ ഹസ്തി എന്ന കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇതിന്റെ ഭാഗമായി യുഎസിലെ ലാൻഡ്സ് എൻഡ് മുതൽ എഡിൻബർഗ് വരെ അദ്ദേഹം കാൽനടയായി 700 മൈൽ ദൂരം നടക്കുകയുണ്ടായി. അതിലൂടെ അദ്ദേഹത്തിന് 500,000 പൗണ്ട് സമാഹരിക്കാൻ സാധിച്ചു. 

ഈ പണം യു.എസ്സിലെ മെയ്‌നിലെ ജാക്‌സൺ ലബോറട്ടറിയിൽ ഗവേഷണം നടത്താനായി വിനിയോഗിച്ചു. "ഹസ്തിക്കും സിഡിഎൽഎസ് ഉള്ള കുട്ടികൾക്കും വേണ്ടിയുള്ള ഗവേഷണവും ചികിത്സയും നന്നായി നടക്കുന്നുണ്ട്. ചികിത്സ സുരക്ഷിതമാണെന്ന് ഞങ്ങൾക്കറിയാം, അത് എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ ഇപ്പോൾ പരീക്ഷിക്കുകയാണ്" അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ആദ്യം ജീൻ തെറാപ്പി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ദശലക്ഷക്കണക്കിന് പൗണ്ട് ചെലവാകുമെന്നതാണ് പ്രശ്നം. "ഞങ്ങളുടെ കൈയിൽ അത്രയും പണമില്ല. അതിനാൽ ഞങ്ങൾക്ക് സാധ്യമായ ഒരേയൊരു മാർഗ്ഗം ധനസമാഹരണമാണ്" അദ്ദേഹം പറഞ്ഞു. ആകെ 2.5 മില്യൺ പൗണ്ട് ആവശ്യമുണ്ടെന്നും, ഇതുവരെ 900,000 പൗണ്ട് സമാഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധനസമാഹരണത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്ത് തന്റെ 1200 മൈൽ കാൽനട യാത്ര മേജർ ആരംഭിച്ചു. "പ്രായപൂർത്തിയാകുമ്പോൾ ഹസ്തിയുടെ ആരോഗ്യം ക്ഷയിക്കുമെന്ന് പറയപ്പെടുന്നു. അവൾക്ക് ഡിസംബറിൽ 10 വയസ്സായി. ഞങ്ങൾ സമയത്തിനെതിരെയുള്ള മത്സരിക്കുകയാണ്" അദ്ദേഹം പറഞ്ഞു.

 


 

click me!