ആവശ്യത്തിന് പച്ചമുളക് വീട്ടില്‍ത്തന്നെയുണ്ടാക്കാം, ധാരാളം കായ്‍കളുണ്ടാകാന്‍ ചില കാര്യങ്ങള്‍

By Web TeamFirst Published Dec 22, 2019, 3:12 PM IST
Highlights

തൈകള്‍ നട്ടുപിടിപ്പിക്കാന്‍ നമ്മുടെ വീട്ടുപറമ്പ് തന്നെ ധാരാളം. നീര്‍വാര്‍ച്ചയുള്ള സ്ഥലത്തായിരിക്കണം തൈകള്‍ നടേണ്ടത്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചതും ചാണകവെള്ളം തെളിഞ്ഞ് ഊറ്റിയെടുത്തും ഗോമൂത്രം നേര്‍പ്പിച്ചതുമെല്ലാം ആഴ്‍ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കാം.

വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായി വിളവ് ലഭിക്കും. ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കീടബാധ ചെറുക്കാനും നന്നായി കായ്‍കളുണ്ടാകാനും അല്‍പം പരിചരണം നല്‍കിയാല്‍ മതി.

മുളക് വളര്‍ത്തുന്നത് ഗ്രോബാഗിലാണെങ്കില്‍ കരിയിലകള്‍ പൊടിച്ചു ചേര്‍ത്താല്‍ നല്ല വളമായി മാറും. ഒരു പിടി കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും രണ്ടുദിവസം കുതിര്‍ത്ത് വെച്ചതിലേക്ക് മൂന്നിരട്ടി വെള്ളം ഒഴിച്ച് മുളകിന്റെ ചുവട്ടില്‍ ഒഴിച്ചാല്‍ പൂക്കള്‍ കൊഴിഞ്ഞുപോകുന്നത് നിയന്ത്രിക്കാം.

 

പച്ചമുളകിലെ വിവിധ ഇനങ്ങളാണ് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ജ്വാലാ മുഖി, ജ്വാലാസഖി, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി എന്നിവ. മഴക്കാലത്ത് കൃഷി ചെയ്യാനും ഈ ഇനങ്ങള്‍ വളരെ നല്ലതാണ്.

എരിവ് അല്‍പം കുറഞ്ഞ ഇനമാണ് ജ്വാലാമുഖി. തൈരുമുളകിന് യോജിച്ചതാണ് ഇത്. അതുപോലെ ബാക്റ്റീരിയല്‍ വാട്ടവും ഇലപ്പുള്ളിരോഗവും തടയാന്‍ കഴിവുണ്ട്.

ജ്വാലാസഖി എന്നയിനത്തിന് ഉയരം കുറവാണ്. നല്ല കട്ടിയുള്ള തൊലിയും എരിവ് കുറവുമാണ് ഇവയുടെ പ്രത്യേകതകള്‍.

അനുഗ്രഹ എന്ന ഇനത്തിന് ഇടത്തരം നീളം മാത്രമേയുള്ളൂ. ബാക്റ്റീരിയല്‍ വാട്ടം ചെറുക്കാന്‍ കഴിവുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ പച്ചമുളക് വിളവെടുക്കാന്‍ കഴിയും .

പച്ചമുളക് വളരെ എളുപ്പത്തില്‍ വീടുകളില്‍ വളര്‍ത്തിയെടുക്കാം. ചുവന്ന മണ്ണിലും പശിമയുള്ള മണ്ണിലും പച്ചമുളക് വളരും. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ എടുത്താണ് പച്ചമുളകിന്റെ വിത്തുകള്‍ നടുന്നത്. നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളച്ചുവരും.

തൈകള്‍ നട്ടുപിടിപ്പിക്കാന്‍ നമ്മുടെ വീട്ടുപറമ്പ് തന്നെ ധാരാളം. നീര്‍വാര്‍ച്ചയുള്ള സ്ഥലത്തായിരിക്കണം തൈകള്‍ നടേണ്ടത്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചതും ചാണകവെള്ളം തെളിഞ്ഞ് ഊറ്റിയെടുത്തും ഗോമൂത്രം നേര്‍പ്പിച്ചതുമെല്ലാം ആഴ്‍ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കാം.

കീടബാധ ചെറുക്കാന്‍

വെര്‍ട്ടിസീലിയം ലിക്കാനി എന്ന മിത്രകുമിളിനെ ഉപയോഗിച്ച് കീടങ്ങളെ ചെറുക്കാം. മീലിമൂട്ടകളെയും വെള്ളീച്ചകളെയും ഇലപ്പേനിനെയുമെല്ലാം ഇങ്ങനെ നശിപ്പിക്കാം. 10 മുതല്‍ 15 ഗ്രാം വരെ വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.

മീലിമൂട്ടയുടെ ശല്യമുണ്ടെങ്കില്‍ 5 ഗ്രാം ബാര്‍സോപ്പ് ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം ചെടികളില്‍ തളിക്കാം. മൂന്ന് ദിവസത്തിനുള്ളില്‍ കീടങ്ങള്‍ നശിക്കും. 10 ദിവസത്തിലൊരിക്കല്‍ വീണ്ടും തളിച്ചുകൊടുത്താല്‍ കീടങ്ങളെ നിയന്ത്രിക്കാം.

അതുപോലെ ഇലകുരുടിപ്പ് തടയാന്‍ രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളില്‍ സ്‌പ്രേ ചെയ്താല്‍ മതി.

കീടങ്ങളെ നശിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. ഇലകള്‍ നന്നായി നനയ്ക്കുക. ഒരു ടേബിള്‍ സ്‍പൂണ്‍ ചാരവും രണ്ടു ടേബിള്‍സ്പൂണ്‍ കുമ്മായവും ഇലകളില്‍ വിതറുക.


 
ടാഗ് ഫോള്‍ഡര്‍ എന്ന ജൈവ കീടനാശിനിയും കീടങ്ങളെ അകറ്റാന്‍ ഉപയോഗിക്കാം. 3 മി.ല്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്‍പം ബാര്‍ സോപ്പ് ലായനി ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കാം. ഇപ്രകാരം തളിച്ചാല്‍ രണ്ടാഴ്‍ചത്തേക്ക് കീടങ്ങളെ ചെറുക്കാം.

പോളിഹൗസില്‍ പച്ചമുളക് വളര്‍ത്താം

പോളിഹൗസില്‍ വളര്‍ത്താവുന്ന ഇനമാണ് സീറ. ഇത് നട്ടാല്‍ ഒന്നര മാസം കൊണ്ട് വിളവെടുപ്പ് നടത്താം. ഉജ്ജ്വല എന്ന ഇനത്തെ സീറയില്‍ ഗ്രാഫ്റ്റ് ചെയ്തും ഉപയോഗിക്കുന്നുണ്ട്. വേര് വഴിയുണ്ടാകുന്ന കീടബാധകളെ ചെറുത്തുനില്‍ക്കുന്നയിനമാണ് ഉജ്ജ്വല.

ചാണകപ്പൊടി, ഉമി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് തടമൊരുക്കാം. തുള്ളിനനയിലൂടെ വളപ്രയോഗം നടത്താം. 30 സെ.മീ അകലത്തില്‍ 500 തൈകള്‍ നടാം. ആഴ്‍ചയിലൊരിക്കല്‍ പച്ചച്ചാണകവും ഗോമൂത്രവും ശീമക്കൊന്നയിലയും കപ്പലണ്ടിപിണ്ണാക്കും പച്ചക്കറിയുടെ അവശിഷ്ടങ്ങളും ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം നേര്‍പ്പിച്ചും നല്‍കാം. തൈരും പാല്‍ക്കായവും ചേര്‍ന്ന മിശ്രിതം മുളക് പൂവിടാന്‍ ഉത്തമമാണ്.

150 ലിറ്റര്‍ വെള്ളത്തില്‍ രണ്ട് പാക്കറ്റ് തൈരും 50 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ പോളിഹൗസിലെ മുളക് ചെടികള്‍ക്ക് തളിച്ചാല്‍ മുളക് ചെടികള്‍ നിറയെ പൂവിടും. ഗുണത്തിലും എരിവിലും കേമനാണ് സീറ മുളക്. സാധാരണ പത്ത് മുളക് ഉപയോഗിക്കുന്ന സ്ഥാനത്ത് സീറ മുളകാണെങ്കില്‍ വെറും നാലെണ്ണം മാത്രം ഉപയോഗിച്ചാല്‍ത്തന്നെ നല്ല എരിവ് ലഭിക്കും.


 

click me!