നിങ്ങള്‍ മരിച്ചിട്ട് എട്ടുമാസമായി, പരാതി നല്‍കാന്‍ ചെന്നയാളോട് പൊലീസ് പറഞ്ഞത്!

By Web TeamFirst Published Aug 10, 2022, 5:23 PM IST
Highlights

മരിക്കാത്ത 71-കാരന്‍ മരിച്ചവരുടെ പട്ടികയില്‍. ആറു മാസം നടന്നിട്ടും മരിച്ചെന്ന രേഖ മാറ്റാനാവാതെ ഈ വൃദ്ധന്‍!

മലേഷ്യയിലെ 71 വയസ്സുള്ള ഒരു മനുഷ്യന്‍ ഒരു ദിവസം പൊലീസില്‍ പരാതി കൊടുക്കാന്‍ പോയി. അയാളുടെ ഒരു രേഖ നഷ്ടപ്പെട്ടത് കണ്ടെടുക്കാനായിരുന്നു അദ്ദേഹം പൊലീസിന്റെ സഹായം തേടിയത്. എന്നാല്‍ അവിടെ എത്തിയ അയാള്‍ നേരിടേണ്ടി വന്നത് വിചിത്രമായ അനുഭവമായിരുന്നു! 

'അല്ല, അപ്പോള്‍ നിങ്ങള്‍ മരിച്ചിട്ടില്ലേ'-എന്നായിരുന്നു രേഖകള്‍ പരിശോധിച്ചശേഷം പൊലിസിന്റെ മറുചോദ്യം. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ആ കാര്യം അയാള്‍ക്ക് മനസ്സിലായത്. മരിച്ചവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെയും പേരുണ്ട്! 

സംഭവം കണ്ടെത്തിയിട്ട് ആറു മാസം കഴിഞ്ഞു. അതു തിരുത്താന്‍ വേണ്ടി ഇത്രനാളും ഓഫീസുകളില്‍ കയറിയിറങ്ങി. എന്നിട്ടും ഇപ്പോഴും അത് തിരുത്തി കിട്ടിയിട്ടില്ല ആ ആ വൃദ്ധന്.  

ശവമഞ്ചം കൊണ്ട് പോകുന്ന വണ്ടിയുടെ ഡ്രൈവറായ ലോ ചൂ ചൂനിനാണ് ഈ അനുഭവം. മലേഷ്യയിലെ ജോഹോറിലെ സ്‌കുഡായിലാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹത്തിന് ഇടക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അല്പം പണം ആവശ്യമായി വന്നപ്പോള്‍ അദ്ദേഹം താനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ശവക്കല്ലറ ബന്ധുവിന് കൈമാറാന്‍ തീരുമാനിച്ചു. 

എന്നാല്‍ അത് വാങ്ങിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആ വിവരമറിഞ്ഞത്. ആ ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖ  എവിടെയോ നഷ്ടമായി. പക്ഷേ ഇടപാട് നടക്കണമെങ്കില്‍ അദ്ദേഹത്തിന് രേഖ ആവശ്യമായിരുന്നു. അങ്ങനെയാണ് അദ്ദേഹം പൊലീസിനെ സമീപിച്ചത്.


തന്റെ പേരിലുള്ള ശവക്കല്ലറയുടെ രേഖ നഷ്ടപ്പെട്ടുവെന്ന് പറയാന്‍ പോയ അദ്ദേഹത്തോട് നിങ്ങള്‍ മരിച്ചുവെന്നാണ് രേഖകളിലുള്ളത് എന്നായിരുന്നു പൊലീസുകാരുടെ മറുപടി. ദിവസവും മരണങ്ങള്‍ കാണുന്ന അദ്ദേഹം, എന്നാല്‍ സ്വന്തം മരണവാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. 

ദേശീയ രജിസ്‌ട്രേഷന്‍ വകുപ്പിന് (ജെപിഎന്‍) പരാതി നല്‍കാന്‍ പൊലീസുകാര്‍ അദ്ദേഹത്തെ ഉപദേശിച്ചു. അങ്ങനെ ചെന്നപ്പോഴാണ് തന്റെ തന്നെ മരണ വാര്‍ത്ത കേട്ട് അദ്ദേഹം സ്തംഭിച്ചത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ഇയാള്‍ എട്ടു മാസം മുമ്പേ മരിച്ചിരുന്നു. ഔദ്യോഗിക രേഖകള്‍ പുതുക്കണമെങ്കില്‍ അയാള്‍ക്ക്  സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരും. അങ്ങനെയാണ് അദ്ദേഹം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയത്.  

അദ്ദേഹത്തിന്റെ ജോലിയ്ക്കും ഈ വിവരം പുതിയ പ്രശ്നം സൃഷ്ടിച്ചു. വാഹനം നിരത്തില്‍ ഇറക്കണമെങ്കില്‍ റോഡ് ടാക്‌സ് സര്‍ട്ടിഫിക്കറ്റ് പുതുക്കണം. എന്നാല്‍ രേഖകളില്‍ മരിച്ചുവെന്ന് രേഖപ്പെടുത്തിയ അദ്ദേഹത്തിന് എങ്ങനെ ടാക്‌സ് അടക്കാന്‍ കഴിയും?

കുറച്ചൊന്നുമല്ല അദ്ദേഹം അതിന്റെ പുറകെ ഓടിയത്. എന്തായാലും ഒടുവില്‍ ഇപ്പോള്‍ അദ്ദേഹത്തിന് താന്‍ മരിച്ചിട്ടില്ലെന്ന് റോഡ് ഗതാഗത വകുപ്പിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 18 മാസത്തേക്ക് നീട്ടാനുമായി.  

അപ്പോഴും പ്രധാന പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. രേഖകളില്‍ അദ്ദേഹം ഇപ്പോഴും മരണപ്പെട്ട വ്യക്തിയാണ്.  ഇനിയും അതിന്റെ നൂലാമാലകള്‍ അയാള്‍ക്ക് അഴിക്കാന്‍  സാധിച്ചിട്ടില്ല.

'ഞാന്‍ ഇത്രയും വര്‍ഷമായി ഒരു ശ്മശാനത്തില്‍ ജോലി ചെയ്യുന്നു, പക്ഷേ എന്നെ 'മരിച്ചവരുടെ' പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല'- ലോ ഇന്ന്‍ലെ മലേഷ്യയില്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

click me!