
ലോകമെമ്പാടുമുള്ള ആളുകൾക്ക് വ്യത്യസ്ത തരം ആസക്തികളുണ്ട്. ചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്, മറ്റുള്ളവർ ഭക്ഷണം, ഷോപ്പിംഗ്, സോഷ്യൽ മീഡിയ മുതലായവയ്ക്ക് അടിമകളാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റു ചില വിചിത്രമായ കാര്യങ്ങൾക്ക് അടിമകളായ ആളുകളുണ്ട്. അത്തരത്തിൽ യുകെയിൽ നിന്നുള്ള ഒരു മനുഷ്യന് ആസക്തി ചീസ് കഴിക്കുന്നതിനോടാണ്.
യുകെയിലെ കെന്റ് നിവാസിയായ 54 -കാരനായ മാർക്ക് കിംഗ് ആണ് ചീസിന് അടിമയായ ആ മനുഷ്യൻ. ഒരു ദിവസം എത്രമാത്രം ചീസ് കിട്ടിയാലും കഴിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. എന്നാൽ, ഈ ആസക്തി അമിതമായി വളർന്നതോടെ ഭാര്യയുടെ കർശന നിയന്ത്രണത്തിലാണ് അദ്ദേഹം. അതുകൊണ്ടുതന്നെ നിശ്ചിത അളവിൽ മാത്രമാണ് ഭാര്യ ഇപ്പോൾ ഇദ്ദേഹത്തിന് ചീസ് നൽകുന്നത്. ചീസ് ആസക്തി കൂടിയതോടെ ചീസ് വാങ്ങി കഴിക്കുന്നതിനായി അദ്ദേഹം ഇതുവരെ ചെലവഴിച്ചത് 55 ലക്ഷത്തിലധികം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓരോ ദിവസവും കുറഞ്ഞത് നാല് കട്ട ചീസെങ്കിലും കഴിക്കണമെന്നാണ് മാർക്കിന്റെ ആഗ്രഹം, എന്നാൽ ഭാര്യ ട്രേസി അത് ഇപ്പോൾ രണ്ടായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ദിവസവും ഇത്രയും ചീസ് കഴിക്കാൻ ശരീരം ശീലിച്ചതിനാൽ മാർക്ക് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് ട്രേസി പറയുന്നത്. ഒരു ദിവസം കഴിക്കുന്ന എല്ലാ ഭക്ഷണത്തിനൊപ്പവും ചീസ് വേണമെന്ന് മാർക്കിന് നിർബന്ധമാണ്. ഇപ്പോൾ പ്രതിദിനം ഏകദേശം 620 രൂപ (യൂറോ 7) ചീസ് വാങ്ങിക്കുന്നതിനായി മാത്രം മാർക്ക് ചെലവഴിക്കുന്നുണ്ട്. 25 വർഷങ്ങൾക്കു മുൻപ് തങ്ങൾ കണ്ടുമുട്ടുമ്പോൾ മുതൽ തന്നെ മാർക്കിന് ഈ ശീലം ഉണ്ട് എന്നാണ് ട്രേസി പറയുന്നത്. പക്ഷേ, ഓരോ ദിവസവും ചെല്ലുംതോറും ആ ആസക്തി വർദ്ധിച്ചുവരുന്നത് തങ്ങളുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കുമോ എന്ന ആശങ്ക തനിക്കുണ്ടെന്ന് അവർ പറയുന്നു.