
അമേരിക്കയിൽ നിന്നുള്ള ടോം ടർക്കിച്ച് തന്റെ നായയുമായി സഞ്ചരിച്ചത് 38 രാജ്യങ്ങളിലേയ്ക്ക്, അതും കാൽനടയായി. ഏഴു വർഷത്തെ യാത്രയിൽ ടോമും, അദ്ദേഹത്തിന്റെ നായ സവന്നയും നടന്ന് തീർത്തത് 48,000 കിലോമീറ്റർ. ന്യൂജേഴ്‌സിയിലെ താമസക്കാരനായ ടോം 2015 -ലാണ് ലോകം ചുറ്റാൻ ആരംഭിച്ചത്. ഏഴു വർഷത്തോളം ഭൂഖണ്ഡങ്ങളും, പർവ്വതങ്ങളും, മരുഭൂമികളും താണ്ടി, ഒടുവിൽ ഇപ്പോൾ അദ്ദേഹവും, നായയും നാട്ടിൽ തിരികെ എത്തി. കാൽനടയായി സഞ്ചരിച്ച് ലോകം ചുറ്റുന്ന ലോകത്തിലെ തന്നെ പത്താമത്തെ വ്യക്തിയാണ് ടോം. അതേസമയം അദ്ദേഹത്തിന്റെ നായ ഇങ്ങനെ ചെയ്ത ആദ്യത്തെ നായയാണ്. ചരിത്രപരമായ ഈ യാത്രയിലൂടെ ഇരുവരും അങ്ങനെ ലോക റെക്കോർഡ് സൃഷ്ടിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ ഈ യാത്ര പൂർത്തിയാക്കി നാട്ടിൽ തിരികെ എത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ, അപ്രതീക്ഷിതമായി വന്ന കൊറോണ പകർച്ചവ്യാധിയും, അദ്ദേഹത്തിന് ഉണ്ടായ ഒരു രോഗവും കാരണം രണ്ട് വർഷം കൂടി അത് നീണ്ടു പോയി. സ്ലീപ്പിംഗ് ബാഗ്, ഒരു ലാപ്‌ടോപ്പ്, ഒരു ക്യാമറ, ഹൈക്കിംഗ് ഗിയർ, ഭക്ഷണം സംഭരിക്കുന്നതിനുള്ള ഒരു പ്ലാസ്റ്റിക് ക്രാറ്റ് എന്നിവ അടങ്ങിയ ബേബി സ്‌ട്രോളറും കൊണ്ടാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. യാത്രയിൽ നിരവധി വെല്ലുവിളികൾ ടോം നേരിട്ടെങ്കിലും, അദ്ദേഹം തന്റെ യാത്ര പാതിയിൽ വച്ച് നിർത്തിയില്ല. ആദ്യ ലക്ഷ്യസ്ഥാനം പനാമയിലായിരുന്നു.
പിന്നീട് ടെക്സസിലെ ഓസ്റ്റിനിലൂടെ യാത്ര ചെയ്യുമ്പോഴാണ് ടോം സവന്നയെ ആദ്യമായി കാണുന്നത്, അതും ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ച്. പിന്നീടുള്ള യാത്രയിൽ സവന്നയെയും അദ്ദേഹം കൂടെ കൂട്ടി. ഒറ്റക്കുള്ള നടത്തത്തിന്റെ വിരസത അകറ്റാൻ അവൾ ടോമിനെ സഹായിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം 2022 മെയ് മാസത്തിൽ, ന്യൂജേഴ്‌സിയിൽ അവരുടെ ആ യാത്ര അവസാനിച്ചു. അവന്റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ അവനെ എതിരേൽക്കാൻ കാത്ത് നില്പുണ്ടായിരുന്നു.
അതേസമയം, ടോമിനെ ഈ യാത്രയ്ക്ക് പ്രേരിപ്പിച്ച ഒരു ഘടകമുണ്ട്. ടോമിന്റെ കാമുകി മേരി 2006 -ൽ ഒരു അപകടത്തിൽ മരിക്കുകയുണ്ടായി. ഇതോടെ ടോം ആകെ തകർന്നു. ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാമെന്ന് ടോം തിരിച്ചറിഞ്ഞു. മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ലോകം ചുറ്റാനും, എല്ലാം കണ്ടറിയാനും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് ഈ യാത്ര അദ്ദേഹം ആരംഭിച്ചത്. ഈ യാത്രക്കുള്ള പണം ടോം തന്നെയാണ് സ്വരൂപിച്ചത്. കോളേജ് വേനലവധിക്കാലത്ത് മറ്റ് ജോലികൾ ചെയ്താണ് ഇതിനായുള്ള പണം അദ്ദേഹം ശേഖരിച്ചത്. അൽബേനിയ, മോണ്ടിനെഗ്രോ, ക്രൊയേഷ്യ, ഗ്രീസ്, തുർക്കി, അസർബൈജാൻ, ഇറ്റലി എന്നിവ അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നു. മൊത്തം ആറ് ഭൂഖണ്ഡങ്ങളും 38 രാജ്യങ്ങളുമാണ് അവർ ഇരുവരും കാൽനടയായി കണ്ടു തീർത്തത്.