
ഓരോ ജീവനക്കാരും അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അവധിയെടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, നിങ്ങളുടെ സ്ഥാപന മേധാവി അവധി ദിവസങ്ങളിൽ നിങ്ങൾ ചെയ്ത കാര്യം എന്താണെന്ന് കൃത്യമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ.
അത്തരത്തിൽ ഒരു ദുരനുഭവമാണ് ഹോങ്കോങ്ങിൽ നിന്നുള്ള ഒരു ജീവനക്കാരന് നേരിടേണ്ടി വന്നത്. തൻറെ പൂർവികരുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നതിനായി അവധിക്ക് അപേക്ഷിച്ച ജീവനക്കാരനോട് തിരികെ എത്തുമ്പോൾ ശവകുടീരങ്ങളുടെ ഫോട്ടോകൾ കൂടി കൊണ്ടുവരണമെന്നായിരുന്നു സ്ഥാപനമേധാവിയുടെ നിർദ്ദേശം. ഹോങ്കോങ്ങിലെ പ്രശസ്തമായ ചിംഗ് മിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 12 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത്. അവധി തരാം പക്ഷേ അവധിയെടുക്കുന്നത് ഈ ആവശ്യത്തിന് വേണ്ടി തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടി പൂർവികരുടെ ശവകുടീരങ്ങളുടെ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിന്റെ ചിത്രങ്ങൾ അവധിക്ക് ശേഷം ഓഫീസിൽ എത്തുമ്പോൾ കാണിക്കണം എന്നായിരുന്നു സ്ഥാപനമേധാവിയുടെ നിർദ്ദേശം.
ചൈനീസ് കുടുംബാംഗങ്ങൾ തങ്ങളുടെ പൂർവികരുടെ ശവകുടീരങ്ങൾ വൃത്തിയാക്കുന്നതിനും മറ്റ് ആചാരപരമായ വഴിപാടുകൾ നടത്തുന്നതിനുമായി എല്ലാവർഷവും ഒത്തുചേരുന്ന ആഘോഷമാണ് ചിംഗ് മിംഗ്. എന്നാൽ, ഈ ചടങ്ങുകളുടെ പ്രാധാന്യം മനസ്സിലാക്കാതെ തന്നോട് പ്രതികരിച്ച സ്ഥാപനമേധാവിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ജീവനക്കാരൻ. താൻ തന്റെ പൂർവികരെ ആദരിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് തന്നോട് വളരെ മോശമായി സ്ഥാപന മേധാവി പെരുമാറിയെന്നാണ് ജീവനക്കാരൻ സോഷ്യൽ മീഡിയാ കുറിപ്പിൽ പറയുന്നത്. കൂടാതെ മരിച്ചുപോയവരെ ആദരിക്കാൻ എന്തിനാണ് 12 ദിവസം ലീവ് എടുക്കുന്നത് എന്ന് തന്നോട് അയാൾ ചോദിച്ചതായും ജീവനക്കാരൻ പറയുന്നു.
കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രതികരണങ്ങളുമായി എത്തിയത്. ഇത്രയധികം മോശമായി പെരുമാറുന്ന ഒരു സ്ഥാപനത്തിൽ നിന്നും ഉടൻതന്നെ രാജിവെക്കു എന്നായിരുന്നു ഒരു കൂട്ടർ പറഞ്ഞത്. എന്നാൽ നീണ്ട അവധി എടുക്കുമ്പോൾ സ്ഥാപനമേധാവികൾ കൃത്യമായ കാരണം കാണിക്കാൻ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്ന് മറ്റു ചിലർ പ്രതികരിച്ചു. ഏതായാലും തെക്കൻ ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഹോങ്കോങ്ങിന്റെ അതിർത്തിയിലുള്ള ഫോഷാൻ എന്ന നഗരത്തിൽ നിന്നുള്ള ഈ വ്യക്തിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് എത്തിയത് ധാരാളം പേരാണ്.